| Wednesday, 21st October 2015, 7:44 am

നേതാജിയുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ കൈമാറണമെന്ന് ഇന്ത്യ റഷ്യയോട്

ഡൂള്‍ന്യൂസ് ഡെസ്‌ക്


മോസ്‌കോ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള രഹസ്യരേഖകള്‍ കൈമാറണമെന്ന് ഇന്ത്യ റഷ്യയോട്. റഷ്യന്‍ സന്ദര്‍ശനത്തിനിടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയായ സെര്‍ജി ലാവിറോവിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. രഹസ്യരേഖകള്‍ ഉണ്ട് എങ്കില്‍ തീര്‍ച്ചയായും ആവശ്യം പരിഗണിക്കുമെന്ന് ലാവ്‌റോവ് സുഷമയ്ക്ക് ഉറപ്പു നല്‍കി.

ഇതിനുപുറമേ ഡിസംബറില്‍ റഷ്യ സന്ദര്‍ശിക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും.

നേതാജിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ കയ്യിലുള്ള എല്ലാം രേഖകളും പരസ്യമാക്കണമെന്ന് നേതാജിയുടെ കുടുംബാംഗങ്ങള്‍ മോദിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ച മോദി, നേതാജിയുടെ ജന്മവാര്‍ഷികമായ ജനുവരി 23ന് രേഖകള്‍ പരസ്യപ്പെടുത്താമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കും എന്ന കാരണത്താല്‍ രേഖകള്‍ പുറത്തുവിടാന്‍ കഴിയില്ല എന്നായിരുന്നു ഇക്കാലമത്രയും കേന്ദ്രസര്‍ക്കാരുകളുടെ നിലപാട്.

ബോസിനെക്കുറിച്ച് തങ്ങളുടെ കയ്യിലുള്ള ഫയലുകള്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ബംഗാള്‍ സര്‍ക്കാര്‍ ഈയിടെ പുറത്തുവിട്ടിരുന്നു.

1945ല്‍ തായ് വാനിലുണ്ടായ വിമാനാപകടത്തില്‍ ബോസ് കൊല്ലപ്പെട്ടു എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ ഇത് തെറ്റാണ് എന്നും പറയപ്പെടുന്നു.

We use cookies to give you the best possible experience. Learn more