'വീണ്ടും അഭിമാന നിമിഷം'; കേരളത്തില്‍ വികസിപ്പിച്ച 'വിസ്‌ക്' മാതൃക ഏറ്റെടുത്ത് പ്രതിരോധ വകുപ്പ്
Kerala News
'വീണ്ടും അഭിമാന നിമിഷം'; കേരളത്തില്‍ വികസിപ്പിച്ച 'വിസ്‌ക്' മാതൃക ഏറ്റെടുത്ത് പ്രതിരോധ വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th May 2020, 4:59 pm

തിരുവനന്തപുരം: കൊവിഡ് പരിശോധന കൂടുതല്‍ ഫലപ്രദമാക്കാനുള്ള കേരള മാതൃക ഏറ്റെടുത്ത് രാജ്യം. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ വികസിപ്പിച്ചെടുത്ത വാക് ഇന്‍ സിമ്പിള്‍ കിയോസ്‌ക് എന്ന ‘വിസ്‌ക്’ മാതൃകയാണ് പ്രതിരോധ വകുപ്പ് ഏറ്റെടുത്തിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

മെഡിക്കല്‍ കോളെജിന്റെ നവീകരിച്ച മാതൃകയാണ് പ്രതിരോധ വകുപ്പിന് കീഴില്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ തയ്യാറാക്കിയിട്ടുള്ളത്.

രണ്ടു മിനുട്ടില്‍ താഴെ സമയം കൊണ്ട് സാമ്പിള്‍ ശേഖരണം സുരക്ഷിതമായി പൂര്‍ത്തിയാക്കാം എന്നതാണ് വിസ്‌കിന്റെ സവിശേഷത. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ തദ്ദേശീയമായി വികസിപ്പിച്ച വിസ്‌ക് വിവിധ സംസ്ഥാനങ്ങളില്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്.

ആരോഗ്യവകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും ഇത് അഭിമാന മുഹൂര്‍ത്തമാണെന്നും കെ കെ ശൈലജ പറഞ്ഞു.

എറണാകുളം മെഡിക്കല്‍ കോളെജിലെ ആര്‍.എം.ഒ ഡോ. ഗണേഷ് മോഹന്‍, എ.ആര്‍.എം.ഒ ഡോ. മനോജ്, എന്‍.എച്ച് എം. എറണാകുളം അഡീഷണല്‍ പ്രോഗ്രാം മാനേജര്‍ ഡോ. നിഖിലേഷ് മേനോന്‍, അഡീഷണല്‍ ഡി.എം.ഒ ഡോ. വിവേക് കുമാര്‍ എന്നിവരാണ് വിസ്‌ക് വികസിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്. ഇവരെ അഭിനന്ദിക്കുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

എറണാകുളം മെഡിക്കല്‍ കോളെജ് വികസിപ്പിച്ചെടുത്ത വിസ്‌ക് നേരത്തെ അന്താരാഷ്ട്ര് ശ്രദ്ധ നേടിയിരുന്നു. നവീകരിച്ച എക്കണോ വിസ്‌കിന് ഭാരം കുറാണ്. പെട്ടെന്ന് തന്നെ അടര്‍ത്തിമാറ്റി ഫീല്‍ഡില്‍ കൊണ്ടു പോകാന്‍ കഴിയും. ഹെലി കോപ്റ്ററില്‍ ഇളക്കിമാറ്റി കൊണ്ടു പോകാന്‍ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.

പരിശോധനാ സൗകര്യങ്ങള്‍ കുറഞ്ഞ ഇടങ്ങളില്‍ വരെ ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍.

നവീകരിച്ച എക്കണോ വിസ്‌കിന്റെ മാതൃക ഹെലികോപ്റ്റര്‍ വഴി ദക്ഷിണ നാവിക സേന ആസ്ഥാനത്തെ ആശുപത്രിയായ ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ എത്തിച്ചാണ് കൈമാറിയത്. കമാന്റ് ഓഫീസര്‍ ഡോ. ആരതി സരീന്‍ ഏറ്റുവാങ്ങിയതോടെ കേരളത്തിന്റെ വിസ്‌ക മാതൃക പ്രതിരോധ വകുപ്പ് ഏറ്റെടുത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക