20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് വിരാടും ഷമിയും; ആ ശാപവും അവസാനിച്ചു
icc world cup
20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് വിരാടും ഷമിയും; ആ ശാപവും അവസാനിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd October 2023, 10:21 pm

2023 ലോകകപ്പിലെ 21ാം മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ. കളിച്ച അഞ്ച് മത്സരത്തിലും പരാജയമറിയാത്ത ഇന്ത്യ നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ഈ ലോകകപ്പിലെ ആദ്യ തോല്‍വിയാണ് ന്യൂസിലാന്‍ഡ് വഴങ്ങിയിരിക്കുന്നത്.

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 274 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 12 പന്തും നാല് വിക്കറ്റും ശേഷിക്കെ മറികടക്കുകയായിരുന്നു. ബൗളിങ്ങില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും ബാറ്റിങ്ങില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാട്‌കോഹ്‌ലിയുമാണ് ഇന്ത്യന്‍ ജയത്തിന് അടിത്തറയൊരുക്കിയത്.

വിരാട് പന്തില്‍ 104 റണ്‍സ് 95 നേടിയപ്പോള്‍ 40 പന്തില്‍ 46 റണ്‍സടിച്ച് ഇന്ത്യന്‍ സ്‌കോറിങ്ങിന് അടിത്തറയൊരുക്കിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സും നിര്‍ണായകമായി.

കഴിഞ്ഞ മത്സരത്തിലേതെന്ന പോലെ ഒരു സെഞ്ച്വറിയുടെ പ്രതീതി ജനിപ്പിച്ച ശേഷമാണ് വിരാട് പുറത്തായത്. ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ സിക്‌സറിന് ശ്രമിച്ച കോഹ്‌ലിക്ക് പിഴക്കുകയും ഗ്ലെന്‍ ഫിലിപ്‌സിന് ക്യാച്ച് നല്‍കി പുറത്താവുകയുമായിരുന്നു.

രവീന്ദ്ര ജഡേജ(44 പന്തില്‍ 39*), ശ്രേയസ് അയ്യര്‍ (39 പന്തില്‍ 33), കെ.എല്‍. രാഹുല്‍ (35 പന്തില്‍ 27) എന്നിവരാണ് ഇന്ത്യയുടെ മറ്റ് രണ്ട് സ്‌കോറര്‍മാര്‍.

ഈ ജയത്തിന് പിന്നാലെ കഴിഞ്ഞ 20 വര്‍ഷമായി ഒരു ഐ.സി.സി ഇവന്റില്‍ പോലും ന്യൂസിലാന്‍ഡിനോട് ജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന അപമാന ഭാരവും ഇതോടെ ഇന്ത്യ മറികടന്നു. 50 ഓവര്‍ ലോകകപ്പില്‍ മാത്രമല്ല, ടി-20 ലോകകപ്പിലും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലുമെല്ലാം ന്യൂസിലാന്‍ഡിന് മുമ്പില്‍ ഇന്ത്യ പരാജയം സമ്മതിക്കുകയായിരുന്നു.

2007, 2011 ലോകകപ്പ് അടക്കമുള്ള ചില ഇവന്റുകളില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും കൊമ്പുകോര്‍ത്തിരുന്നില്ല. എന്നാല്‍ ഏറ്റുമുട്ടിയ സമയങ്ങളിലെല്ലാം ഇന്ത്യ പരാജയം രുചിച്ചിട്ടുണ്ട്. 2016 ടി-20 ലോകകപ്പിലെ നാണംകെട്ട പരാജയവും 2019 ലോകകപ്പ് സെമി ഫൈനലിലെയും 2021 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെയും നെഞ്ചുലച്ച പരാജയങ്ങളും ഒരു ഇന്ത്യന്‍ ആരാധകനും മറന്നുകാണില്ല.

2003 ലോകകപ്പിലാണ് ന്യൂസിലാന്‍ഡ് ഒരു ഐ.സി.സി ടൂര്‍ണമെന്റില്‍ അവസാനമായി ഇന്ത്യയോട് പരാജയപ്പെടുന്നത്. ഏഴ് വിക്കറ്റിനായിരുന്നു അന്ന് കിവികള്‍ പരാജയം സമ്മതിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 45.1 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 30 റണ്‍സ് നേടിയ സ്റ്റീഫന്‍ ഫ്ളെമിങ്ങായിരുന്നു കിവികളുടെ ടോപ് സ്‌കോറര്‍.

ഇന്ത്യക്കായി സഹീര്‍ ഖാന്‍ എട്ട് ഓവറില്‍ 42 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി. ഹര്‍ഭജന്‍ സിങ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദിനേഷ് മോംഗിയ, വിരേന്ദര്‍ സേവാഗ്, ആശിഷ് നെഹ്റ, ജവഗല്‍ ശ്രീനാഥ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

147 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മുഹമ്മദ് കൈഫിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ അനായാസ ജയം നേടുകയായിരുന്നു.

 

Content Highlight: India defeats New Zealand in 2023 World Cup