എ.എഫ്..സി ഏഷ്യാകപ്പില്‍ ഹാട്രിക് ജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി ബ്ലൂ ടൈഗേഴ്‌സ്. മത്സരത്തിന് മുമ്പ് തന്നെ ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയതിന്റെ മുഴുവന്‍ ആത്മവിശ്വാസത്തിലാണ് സ്റ്റിമാക്കിന്റെ കുട്ടികള്‍ കളത്തിലിറങ്ങിയത്.
മത്സരത്തിന് മുമ്പ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഹോങ്കോങിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍കത്താണ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് മുമ്പ് ഇരു ടീമുകള്‍ക്കും തുല്യ പോയിന്റായിരുന്നെങ്കിലും ഗോള്‍ ശരാശരിയില്‍ ഹോങ്കോങ് പോയിന്റ് പട്ടികയില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ അവരെ തോല്‍പിച്ച് വീരോചിതമായാണ് ടീം ഇന്ത്യ ഏഷ്യന്‍ കപ്പിലേക്ക് കുതിച്ചത്.
അന്‍വര്‍ അലി, ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, മന്‍വീര്‍ സിംഗ്, ഇഷാന്‍ പണ്ഡിത എന്നിവരാണ് സ്‌കോര്‍ ചെയ്തത്. ഇതോടെ ഗ്രൂപ്പ് ഡിയില്‍ ഇന്ത്യക്ക് ഒമ്പത് പോയിന്റായി.
കളിയുടെ രണ്ടാം മിനിട്ടില്‍ തന്നെ ആഷിഖിന്റെ ക്രോസ് ഹോങ്കോങിന്റെ വലയിലെത്തിച്ച് അന്‍വര്‍ അലി ഇന്ത്യക്ക് വേണ്ടി അക്കൗണ്ട് തുറന്നു. ഒന്നാം പകുതി അവസാനിക്കാനിരിക്കെയാണ് ഇന്ത്യ രണ്ടാം ഗോള്‍ നേടിയത്.
ജീക്സന്റെ ഫ്രീ കിക്ക് ലഭിച്ച സുനില്‍ ഛേത്രി തന്റെ കരുത്തുറ്റ ഷോട്ടിലൂടെ എതിരാളികളുടെ വലയിലെത്തിക്കുകയായിരുന്നു.
മത്സരത്തിന്റെ 85ാം മിനിട്ടിലായിരുന്നു ഇന്ത്യയുടെ മൂന്നാം ഗോള്‍. ബ്രാന്‍ഡന്റെ മികച്ച അസിസ്റ്റിലൂടെ മന്‍വീറാണ് ഇന്ത്യയുടെ മൂന്നാം ഗോളും സ്വന്തമാക്കിയത്. രണ്ടാം പകുതിയുടെ അധിക സമയത്ത് മന്‍വീറിന്റെ ക്രോസില്‍ ഇഷാന്‍ പണ്ഡിതയുടെ ഷോട്ട് ഹോങ്കോങിന്റെ വലയില്‍ വിശ്രമിക്കുകയായിരുന്നു.
കംബോഡിയയെയും അഫ്ഗാനിസ്ഥാനെയും തോല്‍പിച്ച ഇന്ത്യ ഹോങ്കോങിനെയും തോല്‍പിച്ച് ഹാട്രിക് ജയവുമായാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായത്.
ഇനി ഇന്ത്യ ഏഷ്യാ കപ്പ് നേടണമെന്നും 2026ല്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കണമെന്നുമാണ് ഓരോ ഇന്ത്യന്‍ ഫുടബോള്‍ ആരാധകരുടെ സ്വപ്നം.
അതേസമയം, ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിന് മുമ്പ് തന്നെ ഇന്ത്യ ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ എ.എഫ്.സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത്.
യോഗ്യതാ റൗണ്ടില്‍, ഗ്രൂപ്പ് ബിയില്‍ ഫലസ്തീന്‍ ഫിലിപ്പീന്‍സിനെ 4-0ന് പരാജയപ്പെടുത്തിയതോടെയാണ് ഒരു മത്സരം ശേഷിക്കെ തന്നെ ഇന്ത്യ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്.
13 ടീമുകളാണ് ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയത്. ആകെ 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുക. ആറ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാര്‍ക്കൊപ്പം ഏറ്റവും മികച്ച പോയിന്റുള്ള അഞ്ച് രണ്ടാം സ്ഥാനക്കാര്‍ക്കും ടൂര്‍ണമെന്റിനു യോഗ്യത നേടാം.
ഇതോടെയാണ് ഗ്രൂപ്പ് ഡിയില്‍ രണ്ട് മത്സരങ്ങളും ജയിച്ച് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ യോഗ്യത ഉറപ്പാക്കിയത്.
അഞ്ചാം തവണയാണ് ഇന്ത്യ എഎഫ്.സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത്.
Content Highlight: India Defeats Hong Kong and Becomes Group Champions IN AFC Asian Cup Qualifiers