ക്രിക്കറ്റില്‍ മെഡല്‍ ഉറപ്പിച്ച് ഇന്ത്യ; റോയലായി ഫൈനലിലേക്ക്
Asian Games
ക്രിക്കറ്റില്‍ മെഡല്‍ ഉറപ്പിച്ച് ഇന്ത്യ; റോയലായി ഫൈനലിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 24th September 2023, 10:38 am

ഏഷ്യന്‍ ഗെയിംസിലെ വനിതാ ക്രിക്കറ്റില്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യന്‍ ടീം ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. ഇതോടെ ക്രിക്കറ്റില്‍ നിന്നും ഇന്ത്യ മെഡല്‍ ഉറപ്പിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ പൂജ വസ്ത്രാര്‍ക്കറിന്റെ ബൗളിങ് മികവിലാണ് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്. നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങിയ പൂജ നാല് മുന്‍നിര വിക്കറ്റുകളാണ് പിഴുതെറിഞ്ഞത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് തുടക്കത്തിലേ പിഴച്ചു. ഒരു റണ്‍സിന് ആദ്യ രണ്ട് വിക്കറ്റുകളും വീണ ബംഗ്ലാദേശ് റണ്‍സ് കൂട്ടിച്ചേര്‍ത്താന്‍ കഷ്ടപ്പെടുകയായിരുന്നു.

ബംഗ്ലാദേശ് നിരയില്‍ ഒരു ബാറ്റര്‍ മാത്രമാണ് ഇരട്ടയക്കം കണ്ടത്. 17 പന്തില്‍ 12 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനായാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. നാഹിദ അക്തര്‍ (23 പന്തില്‍ 9) ശോഭന മൊസ്താരി (16 പന്തില്‍ 8), റിതു മോനി (22 പന്തില്‍ 8) എന്നിവരാണ് ബംഗ്ലാദേശിന്റെ അടുത്ത റണ്‍ ഗെറ്റര്‍മാര്‍.

ഒടുവില്‍ 17.5 ഓവറില്‍ ബംഗ്ലാദേശ് 51ന് ഓള്‍ ഔട്ടായി.

നാല് വിക്കറ്റുമായി പൂജ വസ്ത്രാര്‍ക്കര്‍ തിളങ്ങിയപ്പോള്‍ ദേവിക വൈദ്യ, രാജേശ്വരി ഗെയ്ക്വാദ്, ടൈറ്റസ് സാധു, അമന്‍ജോത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ജെമിമ റോഡ്രിഗസിന്റെയും ഷെഫാലി വര്‍മയുടെയും ഇന്നിങ്‌സുകള്‍ അനായാസ ജയത്തിലേക്കെത്തിക്കുകയായിരുന്നു.

നാളെ നടക്കുന്ന ഫൈനലില്‍ ശ്രീലങ്ക – പാകിസ്ഥാന്‍ മത്സരത്തിലെ വിജയികളെയാണ് ഇന്ത്യക്ക് നേരിടാനുണ്ടാവുക.

 

 

Content highlight: India defeats Bangladesh to advance to the final in Asian Games