കത്തിക്കയറി രാഹുല്‍, എന്നത്തേയും പോലെ രക്ഷകനായി വിരാട്; രണ്ടിന് മൂന്ന് എന്ന നിലയില്‍ നിന്നും വിജയത്തിലേക്ക്
icc world cup
കത്തിക്കയറി രാഹുല്‍, എന്നത്തേയും പോലെ രക്ഷകനായി വിരാട്; രണ്ടിന് മൂന്ന് എന്ന നിലയില്‍ നിന്നും വിജയത്തിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th October 2023, 10:06 pm

ഓസീസിനെതിരായ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.

രണ്ട് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ കൂപ്പുകുത്തിയ ഇന്ത്യ വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലും ചേര്‍ന്ന് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇരുവരുടെയും അപരാജിത ചെറുത്ത് നില്‍പാണ് ഇന്ത്യക്ക് തുണയായത്.

നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുര്‍ത്തിയ 165 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് തുണയായത്. ഇരുവരും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.

ഇഷാന്‍ കിഷന്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ പൂജ്യത്തിന് കൂടാരം കയറിയപ്പോള്‍ ഇന്ത്യ അപകടം മണത്തിരുന്നു. എന്നാല്‍ ക്രീസില്‍ നിലയുറപ്പിച്ച് പതിയ മാത്രം സ്‌കോര്‍ ഉയര്‍ത്തിയ വിരാടും രാഹുലും ഓസീസിന്റെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി.

രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 167ാം റണ്‍സിലാണ്. വിരാടിനെ പുറത്താക്കി ജോഷ് ഹെയ്‌സല്‍വുഡാണ് കൂട്ടുകെട്ട് പൊളിച്ചത.് 116 പന്തില്‍ നിന്നും 85 റണ്‍സാണ് പുറത്താകുമ്പോള്‍ വിരാടിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നത്.

പുറത്താകുന്നതിന് മുമ്പ് വെന്റിലേറ്ററില്‍ കിടന്നിരുന്ന ഇന്ത്യയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യിക്കാനുള്ള പരിപാടികളെല്ലാം തന്നെ രാഹുലിനൊപ്പം ചേര്‍ന്ന് വിരാട് പൂര്‍ത്തിയാക്കിയിരുന്നു.

വിരാട് പുറത്തായെങ്കിലും പിന്നാലെയെത്തിയ ഹര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യയെ വിജയതീരത്തേക്കെത്തിക്കുകയായിരുന്നു. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ സിക്‌സറിന് പറത്തിയാണ് രാഹുല്‍ ഇന്ത്യക്ക് വിജയം നേടിക്കൊടുത്തത്.

115 പന്തില്‍ നിന്നും രാഹുല്‍ പുറത്താകാതെ 97 റണ്‍സ് നേടിയപ്പോള്‍ എട്ട് പന്തില്‍ നിന്നും 11 റണ്‍സായിരുന്നു പാണ്ഡ്യയുടെ സമ്പാദ്യം.

കെ.എല്‍. രാഹുലാണ് മത്സരത്തിലെ താരം.

ഓസ്‌ട്രേലിയക്കായി ജോഷ് ഹെയ്‌സല്‍വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക് ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് 199 റണ്‍സിന് ഓള്‍ ഔട്ടായി. 71 പന്തില്‍ 46 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്താണ് ഓസീസിനായി ഏറ്റവുമധികം റണ്‍സ് നേടിയത്. 52 പന്തില്‍ 41 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും മികച്ച പിന്തുണ നല്‍കി.

എന്നാല്‍ മറ്റൊരു ബാറ്റര്‍ക്കും തിളങ്ങാന്‍ സാധിക്കാതെ വന്നതോടെയാണ് ഓസീസ് 200ല്‍ താഴെ റണ്‍സിന് പുറത്തായത്.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംറയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആര്‍. അശ്വിന്‍, മുഹമ്മദ് സിറാജ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

 

Content Highlight: India defeats Australia