അണ്ടര്‍ 19 വനിതാ ടി-20 ലോകകപ്പില്‍ വമ്പന്‍ വിജയം നേടി ഇന്ത്യ. ഗ്രൂപ്പ് ഡിയില്‍ യു.എ.ഇയ്‌ക്കെതിരെ 122 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ ഗ്രൂപ്പ് പട്ടികയില്‍ ഒന്നാമതെത്തിയത്.
ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച യു.എ.ഇയുടെ തീരുമാനം തുടക്കത്തിലേ പാളിയിരുന്നു. ക്യാപ്റ്റന്‍ ഷെഫാലി വര്‍മയും വൈസ് ക്യാപ്റ്റന്‍ ശ്വേതാ ഷെരാവത്തും ആദ്യ പന്ത് മുതല്‍ക്കുതന്നെ യു.എ.ഇയെ ആക്രമിക്കാന്‍ തുടങ്ങിയിരുന്നു.
ആദ്യ ഓവറില്‍ തന്നെ ശ്വേതാ ഷെരാവത്ത് 12 റണ്‍സ് നേടിയപ്പോള്‍ രണ്ടാം ഓവര്‍ നേരിട്ട ഷഫാലിയും ഒട്ടും മോശമാക്കിയില്ല. മഹിക ഗൗര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ ഷെഫാലിയും 12 റണ്‍സ് നേടി. തുടര്‍ന്നങ്ങോട്ടുള്ള വെടിക്കെട്ടിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ മാത്രമായിരുന്നു അത്.
ആദ്യ അഞ്ച് ഓവര്‍ പിന്നിട്ടപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 51 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യ എട്ടാം ഓവറിന്റെ അവസാനത്തില്‍ 101ന് പൂജ്യം എന്ന സ്‌കോറിലെത്തിയിരുന്നു.
26 പന്തില്‍ തന്നെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ക്യാപ്റ്റന്‍ ഷെഫാലി കളിശൈലി മാറ്റാതെ ആക്രമിച്ചു കളിച്ചു. ടീം സ്‌കോര്‍ 118ല്‍ നില്‍ക്കവെയായിരുന്നു ആദ്യ വിക്കറ്റായി ഷെഫാലി മടങ്ങിയത്. 34 പന്തില്‍ നിന്നും 78 റണ്‍സുമായാണ് ഷെഫാലി പുറത്തായത്.
സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ശ്വേത ഈ മത്സരത്തിലും അതാവര്‍ത്തിച്ചു. വണ്‍ ഡൗണായി ഇറങ്ങിയ റിച്ച ഘോഷിനെ കൂട്ടുപിടിച്ച് വൈസ് ക്യാപ്റ്റന്‍ സ്‌കോര്‍ ഉയര്‍ത്തി. 49 പന്തില്‍ നിന്നും പുറത്താവാതെ 74 റണ്‍സാണ് ശ്വേത സ്വന്തമാക്കിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇയും ആക്രമിച്ചുതന്നെ കളിച്ചു തുടങ്ങി. ആദ്യ പന്ത് വൈഡായപ്പോള്‍ തുടര്‍ന്നുവന്ന നാല് പന്തിലും ബൗണ്ടറിയടിച്ച് യു.എ.ഇ തുടങ്ങി. എന്നാല്‍ അഞ്ചാം പന്തില്‍ യു.എ.ഇയുടെ തീര്‍ത്ഥ സതീഷിനെ പുറത്താക്കി ഷബ്‌നം ആദ്യ വിക്കറ്റ് സ്വന്തമാക്കി.
തീര്‍ത്ഥ പുറത്തായതോടെ യു.എ.ഇ സ്‌കോറിങ്ങിന്റെ വേഗത കുറഞ്ഞു. ആദ്യ ഓവറില്‍ 17 റണ്‍സ് നേടിയ യു.എ.ഇ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 45ന് മൂന്ന് എന്ന നിലയിലേക്ക് വീണു.
തുടര്‍ന്നുള്ള ഓവറുകളിലും സ്‌കോര്‍ബോര്‍ഡ് വേഗത്തില്‍ ചലിക്കാതെ വന്നതോടെ യു.എ.ഇ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു.
ഇന്ത്യയെ മുന്നില്‍ നിന്നും നയിച്ച ക്യാപ്റ്റന്‍ ഷെഫാലി തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ഈ വിജയത്തിന് പിന്നാലെ നോക്ക് ഔട്ട് സാധ്യതകള്‍ സജീവമാക്കാനും ഇന്ത്യക്കായി. ജനുവരി 18നാണ് ഇന്ത്യയുടെ അടുത്ത മത്സരം. സ്‌കോട്‌ലാന്‍ഡാണ് എതിരാളികള്‍.
Content Highlight: India defeates UAE in U19 Women’s World Cup