| Thursday, 2nd November 2023, 8:58 pm

തലയുയര്‍ത്തി സെമിയിലേക്ക്; ഓസ്‌ട്രേലിയക്ക് ശേഷം ഇന്ത്യയും ലോകകപ്പിനെ തിരുത്തിക്കുറിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പില്‍ സെമി ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി ഇന്ത്യ. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ 302 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വന്‍ വിജയം നേടിയത്.

ഇന്ത്യ ഉയര്‍ത്തിയ 358 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക വെറും 55 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചെറിയ മൂന്നാമത് ടോട്ടല്‍ എന്ന മോശം റെക്കോഡും തലയില്‍ പേറിയാണ് വന്‍  തോല്‍വിയില്‍ തലകുനിച്ചുനിന്നത്.

ലങ്കന്‍ ഇന്നിങ്‌സിലെ ആദ്യ പന്ത് മുതല്‍ക്കുതന്നെ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് തിരിച്ചടി ലഭിച്ചിരുന്നു. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ പാതും നിസംഗയെ പുറത്താക്കി ബുംറയും രണ്ടാം ഓവറില്‍ ദിമുത് കരുണ രത്‌നയെയും സധീര സമരവിക്രമയെയും പുറത്താക്കി മുഹമ്മദ് സിറാജും ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം നല്‍കി. തന്റെ ഏഴാം പന്തില്‍ മൂന്നാം വിക്കറ്റും വീഴ്ത്തിയ സിറാജ് ലങ്കയെ വീണ്ടും സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു.

ബുംറയും സിറാജും നിര്‍ത്തിയിടത്ത് നിന്നുതന്നെ ഷമി ആക്രമണമഴിച്ചുവിട്ടു. തന്റെ ആദ്യ ഓവറില്‍ ഒറ്റ റണ്‍സ് പോലും വഴങ്ങാതെ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് ഷമി വിക്കറ്റ് വേട്ട ആരംഭിച്ചത്.

തുടര്‍ന്ന് മൂന്ന് വിക്കറ്റും വീഴ്ത്തിയ ഷമി തന്റെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുകയും ചെയ്തിരുന്നു. ലോകകപ്പില്‍ ഷമിയുടെ മൂന്നാം ഫൈഫറും 2023 ലോകകപ്പിലെ താരത്തിന്റെ രണ്ടാം ഫൈഫറുമാണിത്.

സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

ഒടുവില്‍ 20ാം ഓവറിലെ നാലാം പന്തില്‍ ലങ്ക 55 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

ലോകകപ്പിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് ഒരു ടീം 300+ റണ്‍സിന്റെ മാര്‍ജിനില്‍ വിജയിക്കുന്നത്. ഓസ്‌ട്രേലിയയാണ് ഇതിന് മുമ്പ് 300+ റണ്‍സിന്റെ മാര്‍ജിനില്‍ ഒരു ലോകകപ്പ് മത്സരം വിജയിച്ചത്. ഈ ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെയായിരുന്നു ഓസീസിന്റെ പടുകൂറ്റന്‍ വിജയം.

ലോകകപ്പിലെ ഏറ്റവും വലിയ വിജയ മാര്‍ജിന്‍

(ടീം – എതിരാളികള്‍ – മാര്‍ജിന്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഓസ്ട്രേലിയ – നെതര്‍ലന്‍ഡ്സ് – 309 – 2023

ഇന്ത്യ – ശ്രീലങ്ക – 302 – 2023

ഓസ്ട്രേലിയ – അഫ്ഗാനിസ്ഥാന്‍ – 257 – 2015

ഇന്ത്യ – ബെര്‍മുഡ – 257 – 2007

സൗത്ത് ആഫ്രിക്ക – വെസ്റ്റ് ഇന്‍ഡീസ് – 257 – 2015

ഇതിന് പുറമെ ഏകദിനത്തിലെ ഏറ്റവും വലിയ നാലാമത് വിജയം എന്ന റെക്കോഡും ഇതോടെ ഇന്ത്യ തങ്ങളുടെ പേരിലാക്കി.

ഏകദിനത്തിലെ ഏറ്റവും വലിയ വിജയ മാര്‍ജിന്‍

(ടീം – എതിരാളികള്‍ – മാര്‍ജിന്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഇന്ത്യ – ശ്രീലങ്ക – 314 – 2023

ഓസ്ട്രേലിയ – നെതര്‍ലന്‍ഡ്സ് – 309 – 2023

സിംബാബ്‌വേ – യു.എസ്.എ – 304 – 2023

ഇന്ത്യ – ശ്രീലങ്ക – 302 – 2023

ന്യൂസിലാന്‍ഡ്- അയര്‍ലന്‍ഡ് – 290 – 2008

ഓസ്ട്രേലിയ – അഫ്ഗാനിസ്ഥാന്‍ – 257 – 2015

സൗത്ത് ആഫ്രിക്ക – സിംബാബ്‌വേ – 272 – 2010

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് നേടിയത്. ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് കരുത്തായത്. ശുഭ്മന്‍ ഗില്‍ 92 പന്തില്‍ 92 റണ്‍സ് നേടിയപ്പോള്‍ വിരാട് 94 പന്തില്‍ 88 റണ്‍സും അയ്യര്‍ 56 പന്തില്‍ 82 റണ്‍സും നേടി പുറത്തായി.

ലങ്കക്കായി ദില്‍ഷന്‍ മധുശങ്ക അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദുഷ്മന്ത ചമീര ഒരു വിക്കറ്റും നേടി. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും റണ്‍ ഔട്ടായാണ് പുറത്തായത്.

ഈ വിജയത്തോടെ നെറ്റ് റണ്‍ റേറ്റിലും ഇന്ത്യ വലിയ വര്‍ധനവുണ്ടാക്കി. +2.102 എന്ന നെറ്റ് റണ്‍ റേറ്റും 14 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

നവംബര്‍ അഞ്ചിനാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.

Content highlight: India defeated Sri Lanka by 303 runs

We use cookies to give you the best possible experience. Learn more