| Wednesday, 19th June 2024, 9:18 pm

നേരിട്ട് കണ്ടവര്‍ക്ക് ഹാര്‍ട്ട് അറ്റാക് വന്ന കളി; നാല് സെഞ്ച്വറി പിറന്ന മത്സരത്തില്‍ അവസാന പന്തില്‍ ഇന്ത്യ, പരമ്പര

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കന്‍ വനിതകളുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 326 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും സ്മൃതി മന്ഥാനയുടെയും കരുത്തിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

മന്ഥാന 120 പന്തില്‍ 136 റണ്‍സടിച്ചപ്പോള്‍ 88 പന്തില്‍ പുറത്താകാതെ 103 റണ്‍സാണ് ഹര്‍മന്‍ സ്വന്തമാക്കിയത്. ഏകദിനത്തില്‍ മന്ഥാനയുടെ ഏഴാം സെഞ്ച്വറിയും ഹര്‍മന്റെ ആറാം സെഞ്ച്വറിയുമാണിത്.

ഇവര്‍ക്ക് പുറമെ അവസാന പന്തുകളില്‍ വെടിക്കെട്ട് നടത്തിയ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്റെ പ്രകടനവും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി. 13 പന്ത് നേരിട്ട് ഒരു സിക്‌സറും മൂന്ന് ബൗണ്ടറിയും അടക്കം 25 റണ്‍സാണ് താരം നേടിയത്. 17 റണ്‍സ് എക്‌സ്ട്രാസ് ഇനത്തിലും ലഭിച്ചു.

326 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് ആദ്യ വിക്കറ്റ് തുടക്കത്തിലേ നഷ്ടപ്പെട്ടു. ടീം സ്‌കോര്‍ 14 നില്‍ക്കവെ 11 പന്തില്‍ അഞ്ച് റണ്‍സ് നേടിയ ടാസ്മിന്‍ ബ്രിറ്റ്‌സിന്റെ വിക്കറ്റാണ് സൗത്ത് ആഫ്രിക്കക്ക് നഷ്ടമായത്.

ആനേക് ബോഷ് 23 പന്തില്‍ 18 റണ്‍സ് നേടി പുറത്തായപ്പോള്‍ സൂനെ ലസ് 12 റണ്‍സിനും പുറത്തായി.

എന്നാല്‍ അഞ്ചാം നമ്പറില്‍ മാരിസന്‍ കാപ്പ് എത്തിയതോടെ സൗത്ത് ആഫ്രിക്ക മത്സരം തിരിച്ചുപിടിച്ചു. ഒരുവശത്ത് കാപ്പ് ആഞ്ഞടിച്ച് റണ്‍സുയര്‍ത്തിയപ്പോള്‍ മറുവശത്ത് നിന്ന് ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡും സ്‌കോര്‍ ചെയ്തു. ഇരുവരും മാറി മാറി ഇന്ത്യന്‍ ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു.

ഇരുവരും സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് സൗത്ത് ആഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. ലോറ-മാരിസന്‍ കൂട്ടുകെട്ട് പ്രോട്ടിയാസിനെ വിജയിപ്പിക്കുമെന്ന് കരുതിയെങ്കിലും മാരിസന്‍ കാപ്പിനെ പുറത്താക്കി ദീപ്തി ശര്‍മ ഇന്ത്യക്ക് ആവശ്യമായ ബ്രേക് ത്രൂ നല്‍കി.

ടീം സ്‌കോര്‍ 67ല്‍ നില്‍ക്കവെ ഒന്നിച്ച് ഈ കൂട്ടുകെട്ട് പിരിയുന്നത് 251ലാണ്. പൂജ വസ്ത്രാര്‍ക്കറിന്റെ കയ്യിലൊതുങ്ങി പുറത്താകുമ്പോള്‍ 94 പന്തില്‍ 114 റണ്‍സാണ് താരം ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്. 11 ഫോറും മൂന്ന് സിക്‌സറുമാണ് കാപ്പിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

മാരിസന്‍ കാപ്പ് പുറത്തായതിന് പിന്നാലെ നാദിന്‍ ഡി ക്ലാര്‍ക് ക്രീസിലെത്തി. ക്യാപ്റ്റനൊപ്പം ചേര്‍ന്ന് ക്ലാര്‍ക്കും റണ്ണടിച്ചുതുടങ്ങി.

ഒടുവില്‍ 48 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 303 എന്ന നിലയിലായിരുന്നു സൗത്ത് ആഫ്രിക്ക. ആറ് വിക്കറ്റ് ശേഷിക്കെ 12 പന്തില്‍ 23 റണ്‍സ് മാത്രമാണ് ടീമിന് വിജയിക്കാന്‍ ആവശ്യമുണ്ടായിരുന്നത്. 50 റണ്‍സ് പാര്‍ട്ണര്‍ഷിപ്പുമായി വോള്‍വാര്‍ഡും ക്ലാര്‍ക്കും മികച്ച രീതിയിലാണ് ക്രീസില്‍ തുടര്‍ന്നത്.

അരുന്ധതി റെഡ്ഡിയെറിഞ്ഞ 49ാം ഓവറില്‍ രണ്ട് വൈഡ് അടക്കം 12 റണ്‍സ് പിറന്നതോടെ ആറ് പന്തില്‍ 11 റണ്‍സ് എന്ന നിലയില്‍ സൗത്ത് ആഫ്രിക്കയുടെ വിജയലക്ഷ്യം വഴിമാറി.

പൂജ വസ്ത്രാര്‍ക്കറിനെയാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ വിശ്വസിച്ച് പന്തേല്‍പിച്ചത്. മത്സരത്തില്‍ ഇതിന് മുമ്പ് വിക്കറ്റൊന്നും നേടാതെ ആറ് ഓവറില്‍ 48 റണ്‍സ് വഴങ്ങിയ പൂജയുടെ കഴിവില്‍ ഹര്‍മന്‍ വിശ്വസിച്ചു.

ഓവറിലെ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ സിംഗിള്‍ നേടി സ്‌ട്രൈക്ക് നാദിന്‍ ഡി ക്ലാര്‍ക്കിന് കൈമാറി. തൊട്ടടുത്ത പന്തില്‍ ക്ലാര്‍ക് ബൗണ്ടറി നേടിയതോടെ നാല് പന്തില്‍ ആറ് റണ്‍സ് എന്ന നിലയിലേക്ക് കാര്യങ്ങളെത്തി.

എന്നാല്‍ ഓവറിലെ മൂന്നാം പന്തില്‍ പൂജ കൗശലമൊളിപ്പിച്ചപ്പോള്‍ ക്ലാര്‍ക്കിന് പിഴച്ചു. സിക്‌സറിനായി ഉയര്‍ത്തിയടിച്ച പന്തില്‍ ക്ലാര്‍ക് ബൗണ്ടറി ലൈനിന് സമീപം അരുന്ധതി റെഡ്ഡിയുടെ കൈകളിലൊതുങ്ങി. തൊട്ടടുത്ത പന്തില്‍ ഷാംഗേസിനെ ഹര്‍മന്‍പ്രീത് കൗറിന്റെ കൈകളിലെത്തിച്ച് പൂജ പുറത്താക്കി.

ശേഷം ക്രീസിലെത്തിയ മൈക് ഡി റിഡര്‍ അഞ്ചാം പന്തില്‍ സിംഗിള്‍ നേടി സ്‌ട്രൈക്ക് ക്യാപ്റ്റന്‍ ലോറക്ക് കൈമാറി. അവസാന പന്തില്‍ വിജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ ആ പന്ത് ഡോട്ട് ആക്കി മാറ്റി പൂജ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

ഇന്ത്യക്കായി ദീപ്തി ശര്‍മയും പൂജ വസ്ത്രാര്‍ക്കറും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്മൃതി മന്ഥാനയും അരുന്ധതി റെഡ്ഡിയും ഓരോ വിക്കറ്റ് വീതവും നേടി.

646 റണ്‍സ് പിറന്ന മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-0ന് മുമ്പിലെത്താനും പരമ്പര വിജയിക്കാനും ഇന്ത്യക്കായി.

ജൂണ്‍ 23നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.

Content Highlight: India defeated South Africa in a last ball thriller

We use cookies to give you the best possible experience. Learn more