| Sunday, 5th November 2023, 8:57 pm

2008 U19 ലോകകപ്പ് മുതല്‍ 2023 ലോകകപ്പ് വരെ; സൗത്ത് ആഫ്രിക്കയെ നാണംകെടുത്തിയ ഇന്ത്യയുടെ വിജയ ഫോര്‍മുല

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ ഇന്ത്യക്കെതിരെ കൂറ്റന്‍ തോല്‍വിയേറ്റുവാങ്ങി സൗത്ത് ആഫ്രിക്ക. കൊല്‍ക്കത്തിയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 243 റണ്‍സിനാണ് പ്രോട്ടീസ് പരാജയമേറ്റുവാങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സാണ് നേടിയത്. വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയും ശ്രേയസ് അയ്യരിന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് തുണയായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് 83 റണ്‍സിന് ഓള്‍ ഔട്ടായി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ആദ്യ വിക്കറ്റില്‍ മോശമല്ലാത്ത തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. 24 പന്തില്‍ 40 റണ്‍സെടുത്ത് രോഹിത് ശര്‍മയും 24 പന്തില്‍ 23 റണ്‍സടിച്ച് ശുഭ്മന്‍ ഗില്ലും പുറത്തായി.

മൂന്നാം നമ്പറില്‍ ഇറങ്ങിയ വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്തി. 135 റണ്‍സിന്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. ഒരുവേള സ്‌കോറിങ്ങിന് വേഗം കുറഞ്ഞെങ്കിലും ശേഷം ഇരുവരും ആഞ്ഞടിക്കുകയായിരുന്നു.

വിരാട് കോഹ്‌ലി 121 പന്തില്‍ പുറത്താകാതെ 101 റണ്‍സടിച്ചപ്പോള്‍ അയ്യര്‍ 87 പന്തില്‍ 77 റണ്‍സും നേടി പുറത്തായി. ഏകദിനത്തില്‍ വിരാടിന്റെ 49ാം സെഞ്ച്വറി നേട്ടമാണിത്.

സൗത്ത് ആഫ്രിക്കക്കായി കേശവ് മഹാരാജ്, കഗീസോ റബാദ, തബ്രിയാസ് ഷംസി, ലുന്‍ഗി എന്‍ഗിഡി, മാര്‍കോ യാന്‍സെന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. ലോകകപ്പിലെ ലീഡിങ് റണ്‍ വേട്ടക്കാരനായ ക്വിന്റണ്‍ ഡി കോക്കിനെ ഒറ്റയക്കത്തിന് നഷ്ടപ്പെട്ടപ്പോള്‍ പ്രോട്ടീസ് ആരാധകര്‍ ഇത്രകണ്ട് വലിയ തോല്‍വിയാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് കരുതിക്കാണില്ല.

സിറാജിന് പുറമെ പേസ് നിരയിലെ കുന്തമുനയായ മുഹമ്മദ് ഷമിയും മിസ്റ്ററി സ്പിന്നര്‍ കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് സൗത്ത് ആഫ്രിക്കയെ എറിഞ്ഞിട്ടത്. ഒമ്പത് ഓവറില്‍ 33 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് ജഡ്ഡു പിഴുതെറിഞ്ഞത്. ക്യാപ്റ്റന്‍ തെംബ ബാവുമ, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, കേശവ് മഹാരാജ്, കഗീസോ റബാദ എന്നിവരാണ് ജഡേജക്ക് മുമ്പില്‍ വീണത്.

14 റണ്‍സ് നേടിയ മാര്‍കോ യാന്‍സെനാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഏറ്റവുമധികം റണ്‍സ് നേടിയത്.

കളിക്കളത്തില്‍ ഉടനീളം വിരാട് കോഹ്‌ലിയുടെയും രവീന്ദ്ര ജഡേജയുടെയും കെമിസ്ട്രി ആരാധകരെ ആവേശത്തിലാക്കിയിരുന്നു. 2008ലെ U19 ലോകകപ്പ് മുതല്‍ ഒന്നിച്ചുള്ള വിരാട്-ജഡേജ മാജിക് 2023ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ വീണ്ടും വെളിവാവുകയായിരുന്നു.

എട്ട് മത്സരത്തില്‍ നിന്നും എട്ട് ജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ഇന്ത്യ. ലോകകപ്പിലെ രണ്ടാം തോല്‍വിയും ഏറ്റുവാങ്ങി 12 പോയിന്റോടെയാണ് സൗത്ത് ആഫ്രിക്ക രണ്ടാം സ്ഥാനത്ത് തുടരുന്നത്.

Content Highlight: India defeated South Africa by 243 runs

We use cookies to give you the best possible experience. Learn more