ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ടി-20 പരമ്പര ക്ലീന്‍ സ്വീപ് ചെയ്ത് സ്വന്തമാക്കി. അഞ്ച് മത്സരങ്ങളുടെ പരമ്പര 5-0ന് സ്വന്തമാക്കിയാണ് ഇന്ത്യന്‍ ടീം കയ്യടികളേറ്റുവാങ്ങിയത്.
സില്‍ഹെറ്റില്‍ നടന്ന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ 21 റണ്‍സിനാണ് ഇന്ത്യ വിജയിച്ചുകയറിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഡയലന്‍ ഹേമലതയുടെയും സ്മൃതി മന്ഥാനയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടി.
ഹേമലത 28 പന്തില്‍ 37 റണ്‍സടിച്ചപ്പോള്‍ മന്ഥാന 25 പന്തില്‍ 33 റണ്‍സും കൗര്‍ 24 പന്തില്‍ 30 റണ്‍സും നേടി. പുറത്താകാതെ 28 റണ്‍സ് സ്വന്തമാക്കിയ റിച്ച ഘോഷും ഇന്ത്യക്കായി തിളങ്ങി.
ബംഗ്ലാദേശിനായി നാഹിദ അക്തറും റബേയ ഖാതൂനും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ സുല്‍താന ഖാതൂന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിലേ പിഴച്ചെങ്കിലും റിതു മോനിയുടെ ഇന്നിങ്‌സില്‍ ആതിഥേയര്‍ ചെറുത്തുനിന്നു. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ ബംഗ്ലാദേശിനെ 21 റണ്‍സകലെ തളച്ചിടുകയായിരുന്നു.
33 പന്തില്‍ 37 റണ്‍സാണ് മോനി നേടിയത്. നാല് ബൗണ്ടറിയുടെ അകമ്പടിയോടെ സ്‌കോര്‍ ഉയര്‍ത്തവെ മലയാളി താരം ആശ ശോഭനയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി താരം മടങ്ങുകയായിരുന്നു.
സോഫിയ ഖാതൂന്‍ (21 പന്തില്‍ 28), റുബയ ഹൈദര്‍ (21 പന്തില്‍ 20) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.
ഇന്ത്യക്കായി രാധ യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ദിലാര അക്തര്‍, റുബയ ഹൈദര്‍, ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന എന്നിവരെയാണ് താരം മടക്കിയത്. യാദവിന് പുറമെ ആശ ശോഭന രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ടിറ്റസ് സാധു ഒരു വിക്കറ്റ് തന്റെ പേരില്‍ കുറിച്ചു.
രാധ യാദവിനെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്. പരമ്പരയിലെ താരവും യാദവ് തന്നെ.
ടി-20 ലോകകപ്പ് ഇയറില്‍ എതിരാളികളെ ക്ലീന്‍ സ്വീപ് ചെയ്ത് നേടിയ വിജയം ഇന്ത്യക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഇതിന് പുറമെ വനിതാ എഷ്യാ കപ്പും ഇതേ വര്‍ഷം തന്നെയാണ് അരങ്ങേറുന്നത്. ഈ ടൂര്‍ണമെന്റുകള്‍ക്ക് മുമ്പ് ഇന്ത്യന്‍ ടീമിന്റെ ശക്തിയും ദൗര്‍ബല്യവും വ്യക്തമാക്കാന്‍ ഈ പരമ്പരകള്‍ സഹായിക്കും.
ജൂലൈ 19നാണ് വനിതാ ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. എട്ട് ടീമുകളാണ് ഏഷ്യാ കപ്പിനെത്തുന്നത്. നേപ്പാളിനും പാകിസ്ഥാനും യു.എ.ഇക്കുമൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ.
ഈ വര്‍ഷം ഒക്ടോബറിലാണ് വനിതാ ടി-20 ലോകകപ്പ് നടക്കുന്നത്. ബംഗ്ലാദേശാണ് ബിഗ് ഇവന്റിന്റെ ആതിഥേയര്‍.
ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ.
ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സ്‌കോട്‌ലാന്‍ഡ്, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ ടീമുകള്‍.
Content Highlight: India defeated Bangladesh