ലണ്ടന്‍: ഓസീസിന്റെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ഉയര്‍ത്തിയ ഭീഷണി മറികടന്നപ്പോള്‍ ലോകകപ്പില്‍ ഇന്ത്യക്കു വിജയത്തുടര്‍ച്ച. തുടക്കത്തില്‍ പാളിയ ബൗളിങ് നിര നിര്‍ണ്ണായകസമയത്ത് പ്രതീക്ഷ കാത്തപ്പോള്‍ വിരാട് കോഹ്‌ലിയും സംഘവും ഓസ്‌ട്രേലിയക്കെതിരേ 36 റണ്‍സിന്റെ വിജയം സ്വന്തമാക്കി.
സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 352. ഓസ്‌ട്രേലിയ 50 ഓവറില്‍ 316 റണ്‍സിന് എല്ലാവരും പുറത്ത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ആധികാരികമായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്.
ശിഖാര്‍ ധവാന്റെ സെഞ്ചുറിയും കോഹ്‌ലിയുടെ അര്‍ധസെഞ്ചുറിയും അടക്കം ഇന്ത്യന്‍ ബാറ്റിങ് നിര സമഗ്രാധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓസീസിനു മുന്നില്‍ 353 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണു മുന്നോട്ടുവെച്ചത്.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് തോല്‍ക്കാന്‍ മനസ്സില്ലെന്നു വിളിച്ചുപറയുന്നതായിരുന്നു 39 ഓവര്‍ വരെയുള്ള നിമിഷങ്ങള്‍. മൂന്ന് വിക്കറ്റിന് 238 റണ്‍സെന്ന നിലയില്‍ വിജയപ്രതീക്ഷ കാത്തുസൂക്ഷിച്ച ഓസീസ് പിന്നീടങ്ങോട്ട് തകര്‍ന്നടിയുന്ന കാഴ്ചയാണു കണ്ടത്.
നിര്‍ണായകസമയത്ത് ക്യാപ്റ്റന്റെ പ്രതീക്ഷ കാത്ത ഭുവനേശ്വര്‍ കുമാര്‍ ഒരോവറില്‍ നേടിയത് രണ്ട് വിക്കറ്റാണ്. മികച്ച ഫോമില്‍ കളിച്ചുവന്ന സ്റ്റീവന്‍ സ്മിത്ത് (69), കൂറ്റനടിക്കു ശേഷിയുള്ള മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവരുടെ വിക്കറ്റുകളാണ് മൂന്നു പന്തുകള്‍ക്കിടെ ഭുവി നേടിയത്.
പിന്നീട് അലക്‌സ് കാരി നടത്തിയ ഒറ്റയാള്‍ പ്രകടനം ഒഴിച്ചുനിര്‍ത്തിയാല്‍ പൊരുതാതെ കീഴടങ്ങുകയായിരുന്നു ഓസീസ് വാലറ്റം.
ഓപ്പണിങ്ങില്‍ 61 റണ്‍സിന്റെ ഭേദപ്പെട്ട കൂട്ടുകെട്ട് തീര്‍ത്ത ഡേവിഡ് വാര്‍ണര്‍ (56), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (36) എന്നിവര്‍ ഓസീസിനു അടിത്തറയൊരുക്കിയാണ് കളം വിട്ടത്. പിന്നീടെത്തിയ സ്മിത്തും ഉസ്മാന്‍ ഖവാജയും (42) ഓസീസിനെ വിക്കറ്റ് നഷ്ടമില്ലാതെ മുന്നോട്ടുകൊണ്ടുപോയി.
പിന്നീടാണ് ഭുവി ആഞ്ഞടിച്ചത്. ഇതിനിടെ ബുംറ വാലറ്റത്തെ പിടിച്ചുകെട്ടി. ഇതിനിടെ ഒരറ്റത്ത് നിന്ന് റണ്‍നിരക്ക് ഉയര്‍ത്താന്‍ കാരി (55) ശ്രമിച്ചെങ്കിലും ഒരാള്‍പോലും കൂട്ടിനുണ്ടായില്ല. 35 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സറും അടങ്ങുന്നതാണ് കാരിയുടെ ഇന്നിങ്‌സ്.
അഞ്ച് ഫോറും ഒരു സിക്‌സറും അടങ്ങുന്നതാണ് സ്മിത്തിന്റെ ഇന്നിങ്‌സ്.
ഇന്ത്യക്കുവേണ്ടി ഭുവിയും ബുംറയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. യുസ്‌വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരത്തില്‍ ചാഹല്‍ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.
ഓപ്പണര്‍മാര്‍ ഒന്നിച്ച് ഫോമിലേക്കുയര്‍ന്ന മത്സരത്തില്‍ ഇന്ത്യക്കു മികച്ച തുടക്കമാണു ലഭിച്ചത്. കഴിഞ്ഞമത്സരത്തില്‍ സെഞ്ചുറി നേടി ഇന്ത്യയെ മികച്ച വിജയത്തിലേക്കു നയിച്ച വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (57) ഈ മത്സരത്തിലും ഫോം നിലനിര്‍ത്തിയപ്പോള്‍, ഒരറ്റത്ത് ശിഖാര്‍ ധവാന്‍ വിമര്‍ശകര്‍ക്കു മറുപടി നല്‍കുകയായിരുന്നു. പാറ്റ് കമ്മിന്‍സിന്റെയും മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും പന്തുകളെ മെല്ലെ നേരിട്ടുകൊണ്ടായിരുന്നു രോഹിതും ധവാനും ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത്.
തന്റെ കരിയറിലെ 17-ാം സെഞ്ചുറി നേടി ഫോമിലേക്കു തിരിച്ചെത്തിയ ധവാന്‍ 109 പന്തില്‍ 16 ഫോറടക്കം 117 റണ്‍സ് നേടി.
ഇതിനിടെ കോഹ്ലി ഒരറ്റത്ത് തന്റെ ഇന്നിങ്സ് കെട്ടിപ്പടുക്കുന്നുണ്ടായിരുന്നു.
എന്നാല്‍ ധവാന്‍ പുറത്തായതിനുശേഷം സ്ഥാനക്കയറ്റം ലഭിച്ച് നാലാമതായി ഇറങ്ങിയ പാണ്ഡ്യ തന്റെ അവതാരോദ്ദേശ്യം പൂര്‍ത്തിയാക്കിയാണു മടങ്ങിയത്. 27 പന്തില്‍ നാല് ഫോറും മൂന്ന് സിക്സറുമടക്കം 48 റണ്‍സ് നേടിയ പാണ്ഡ്യയുടെ ബാറ്റിന്റെ ചൂടറിയാത്ത ഓസീസ് ബൗളര്‍മാരില്ല. ആദ്യ പന്തില്‍ പാണ്ഡ്യ നല്‍കിയ അവസരം പാഴാക്കിയ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് കാരി ഇപ്പോള്‍ ഖേദിക്കുന്നുണ്ടാകുമെന്നുറപ്പ്.
അതിനിടെ ആദ്യം ധവാനൊപ്പവും പിന്നീട് പാണ്ഡ്യക്കൊപ്പവും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കോഹ്ലി, 77 പന്തില്‍ നാല് ഫോറും രണ്ട് സിക്സറും അടക്കമായിരുന്നു 82 റണ്‍സ് നേടിയത്.
അതിനിടെ ക്രീസിലെത്തി 14 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 27 റണ്‍സ് നേടി മടങ്ങിയ ധോനി, പാണ്ഡ്യ ഉയര്‍ത്തിയ റണ്‍നിരക്ക് നിലനിര്‍ത്തി. അവസാന ഓവറില്‍ മൂന്ന് പന്തില്‍ നിന്ന് 11 റണ്‍സെടുത്ത ലോകേഷ് രാഹുല്‍ ഇന്ത്യയുടെ സ്‌കോര്‍ 350 കടത്തി.
ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയപ്പോള്‍, അഫ്ഗാനിസ്താനെ തകര്‍ത്തും വെസ്റ്റ് ഇന്‍ഡീസിനെതിരേ പൊരുതിയും ജയിച്ചാണ് ഓസ്‌ട്രേലിയ എത്തുന്നത്.