ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടി-20യില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സന്ദര്‍ശകര്‍ 154 റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 3-1ന് മുമ്പിലെത്താനും സീരീസ് സ്വന്തമാക്കാനും ഇന്ത്യക്കായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ റിങ്കു സിങ്, യശസ്വി ജെയ്‌സ്വാള്‍, ജിതേഷ് ശര്‍മ എന്നിവരുടെ മികവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 174 റണ്‍സ് നേടി. റിങ്കു സിങ് 29 പന്തില്‍ 46 റണ്‍സ് നേടിയപ്പോള്‍ ജെയ്‌സ്വാള്‍ 28 പന്തില്‍ 37 റണ്‍സും ശര്‍മ 19 പന്തില്‍ 35 റണ്‍സും നേടി.
28 പന്തില്‍ 32 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദാണ് മറ്റൊരു റണ്‍ ഗെറ്റര്‍.
ഓസീസിനായി ബെന്‍ ഡ്വാര്‍ഷിയസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ തന്‍വീര്‍ സാംഘ, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രവി ബിഷ്‌ണോയ് റണ്‍ ഔട്ടായപ്പോള്‍ ആരോണ്‍ ഹാര്‍ഡിയാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തകര്‍പ്പന്‍ തുടക്കം ലഭിച്ചിരുന്നു. ഒരുവേള മൂന്ന് ഓവറില്‍ 40+ റണ്‍സ് എന്ന നിലയില്‍ ട്രാവിസ് ഹെഡ് ടീമിനെ കൊണ്ടുചെന്നെത്തിച്ചിരുന്നു. എന്നാല്‍ ഹെഡ് നല്‍കിയ ഹെഡ്‌സ്റ്റാര്‍ട്ട് മുതലാക്കാന്‍ പിന്നാലെയെത്തിയവര്‍ക്ക് സാധിച്ചില്ല.
കൃത്യമായി ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റും വീഴ്ത്തിയതോടെ ഓസീസ് പരുങ്ങലിലായി. ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സിന് ഓസീസ് പോരാട്ടം അവസാനിപ്പിച്ചു.
ഇന്ത്യക്കായി അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദീപക് ചഹര്‍ രണ്ട് വിക്കറ്റും നേടി. രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
ഈ വിജയത്തിന് പിന്നാലെ ഒരു മത്സരം ശേഷിക്കെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാനും ഇന്ത്യക്കായി. ഡിസംബര്‍ മൂന്നിനാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. എം. ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.
Content Highlight: India defeated Australia