| Monday, 4th November 2019, 6:28 pm

ആര്‍.സി.ഇ.പിയുടെ ഭാഗമാകാനില്ലെന്ന് ഇന്ത്യ; വിജയിച്ചത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാങ്കോക്ക്: ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (ആര്‍.സി.ഇ.പി) ഭാഗമാകില്ലെന്ന തീരുമാനമെടുത്ത് ഇന്ത്യ. പ്രധാന പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതല്ല കരാറെന്നും അതു സന്തുലിതമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ബാങ്കോക്കില്‍ നടക്കുന്ന ആസിയാന്‍ രാജ്യങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണു പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കു മേല്‍ ആവശ്യത്തിനു സുരക്ഷയില്ല, ചൈനയുമായുള്ള അഭിപ്രായവ്യത്യാസം, ഉത്പന്നങ്ങള്‍ എവിടെനിന്നു വരുന്നുവെന്നു കൃത്യമായി കണ്ടെത്താനാവാത്തത് തുടങ്ങിയ കാര്യങ്ങളാണു പ്രശ്‌നങ്ങളായി ഇന്ത്യ ഉയര്‍ത്തിക്കാട്ടിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്തിന്റെ ആഭ്യന്തര താത്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും മോദി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്ലെങ്കിലും കരാറുമായി മുന്നോട്ടുപോകുമെന്നു നേരത്തേ ചൈന വ്യക്തമാക്കിയിരുന്നു.

15 രാജ്യങ്ങളാണു കരാറുമായി ബന്ധപ്പെട്ട് ഇതുവരെ ഇന്ത്യയുമായി സംസാരിച്ചതെന്ന് ഉപ വിദേശകാര്യ മന്ത്രി ലേ യുചെങ് ബാങ്കോക്കില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. ഇന്ത്യ എപ്പോള്‍ തയ്യാറാകുന്നുവോ അപ്പോള്‍ അവര്‍ക്കു ചേരാമെന്നും അദ്ദേഹം വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇന്ത്യ നിലപാട് അറിയിച്ചത്.

രാജ്യത്തിനുള്ളില്‍ നിന്നുതന്നെ പ്രതിഷേധം ശക്തമായതോടെയാണു കേന്ദ്രസര്‍ക്കാര്‍ കരാറില്‍ നിന്നു പിന്മാറിയതെന്നാണ് സൂചന. കേരളം അടക്കമുള്ള സംസ്ഥാനങ്ങളും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും കരാറില്‍ ഒപ്പിടുന്നതായാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്.

എന്‍.ഡി.എയുടെ ഭാഗമായ ശിവസേനയും ആര്‍.സി.ഇ.പിക്കെതിരെ നിലപാടെടുത്തത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആസിയാനിലെ ബ്രൂണെ, മ്യാന്‍മാര്‍, കംബോഡിയ, ഇന്തൊനീഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും അവരുടെ സ്വതന്ത്ര വ്യാപാര പങ്കാളികളായ ഓസ്‌ട്രേലിയ, ചൈന, ജപ്പാന്‍, ന്യൂസിലന്‍ഡ്, ദക്ഷിണകൊറിയ എന്നിവയെയും ഒറ്റ കുടക്കീഴില്‍ കൊണ്ടുവന്നു വലിയ സ്വതന്ത്ര വ്യാപാരമേഖല രൂപീകരിക്കുകയാണ് ആര്‍.സി.ഇ.പിയുടെ പ്രഖ്യാപിതലക്ഷ്യം.

ഫോട്ടോ കടപ്പാട്: എ.എഫ്.പി

We use cookies to give you the best possible experience. Learn more