| Thursday, 2nd July 2020, 12:03 am

ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ ആറ് ലക്ഷം കടന്നു; ലോകത്ത് മൂന്നാമതുള്ള റഷ്യയ്ക്ക് തൊട്ടുപിന്നില്‍, ആശങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ആറ് ലക്ഷം കടന്ന് ഇന്ത്യ. 6,00,032 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാമത് നില്‍ക്കുന്ന റഷ്യയെക്കാള്‍ 50,000 രോഗികള്‍ മാത്രമാണ് ഇന്ത്യയില് കുറവുള്ളത് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

14 ലക്ഷം രോഗികളുള്ള ബ്രസീലും 26 ലക്ഷം രോഗികളുള്ള അമേരിക്കയുമാണ് റഷ്യയേക്കാള്‍ പ്രതിസന്ധി അനുഭവിക്കുന്നത്.

ബുധനാഴ്ച രാവിലെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് ആകെ രോഗികളുടെ എണ്ണം 5,66,840 ആയിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ രാജ്യത്ത് 18,522 കേസുകള്‍ക്കൂടി റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 5,537 കേസുകളും തമിഴ്‌നാട്ടില്‍ 3,882 കേസുകളും ദല്‍ഹിയില്‍ 2,442 കേസുകളുമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

മഹാരാഷ്ട്ര, തമിഴ്‌നാട്, ദല്‍ഹി, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്ര പ്രദേശ്, ഹരിയാന, കര്‍ണാടക എന്നീ പത്ത് സംസ്ഥാനങ്ങളിലായാണ് രാജ്യത്തെ 90 ശതമാനം കൊവിഡ് രോഗികളുമുള്ളത്.

അതേസമയം, ദല്‍ഹിയില്‍ കൊവിഡ് വ്യാപനം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്. ജൂണില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടതിനെക്കാള്‍ കുറവ് കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ അവസാനത്തോടെ ദല്‍ഹിയില്‍ 60000 കൊവിഡ് കേസുകളുണ്ടാകുമെന്നായിരുന്നു പലരും പ്രവചിച്ചിരുന്നതെങ്കിലും 26000 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more