| Wednesday, 16th March 2022, 2:16 pm

ഇസ്‌ലാമോഫോബിയക്കെതിരെ അന്താരാഷ്ട്ര ദിനമാചരിക്കാന്‍ യു.എന്‍; ചൈനയും റഷ്യയും പിന്തുണച്ച പ്രമേയത്തെ വിമര്‍ശിച്ച് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: എല്ലാ വര്‍ഷവും മാര്‍ച്ച് 15 ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ടത്തിന്റെ ദിവസമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയുടെ തീരുമാനം.

ഒ.ഐ.സിയും (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോപറേഷന്‍) പാകിസ്ഥാനും മുന്നോട്ടുവെച്ച പ്രമേയത്തിന് അനുമതി നല്‍കിക്കൊണ്ടായിരുന്നു യു.എന്നിന്റെ തീരുമാനം.

50ലധികം ഇസ്‌ലാം മതവിശ്വാസികളുടെ മരണത്തിന് കാരണമായ ന്യൂസിലാന്‍ഡിലെ പള്ളി ആക്രമണം നടന്ന ദിവസമാണ് മാര്‍ച്ച് 15. ഒ.ഐ.സിയും പാകിസ്ഥാനും മുന്നോട്ടുവെച്ച ദിവസമായിരുന്നു മാര്‍ച്ച് 15.

”ഇസ്‌ലാമോഫോബിയ ഒരു യാഥാര്‍ത്ഥ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിന്റെ മാനിഫെസ്റ്റേഷനുകള്‍- മുസ്‌ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചരണം, വിവേചനം, അക്രമം- എന്നിവ വര്‍ധിച്ച് വരികയാണ്,” യു.എന്നിലെ പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധിയായ, അംബാസഡര്‍ മുനീര്‍ അക്രം പറഞ്ഞു.

ഇതിലൂടെ ഇസ്‌ലാമോഫോബിയക്കെതിരായി പോരാടേണ്ടതിന്റെ ഓര്‍മപ്പെടുത്തലായി എല്ലാ വര്‍ഷവും മാര്‍ച്ച് 15 മാറുമെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ചയായിരുന്നു യു.എന്‍ പൊതുസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ഒ.ഐ.സിയില്‍ അംഗങ്ങളായ 57 രാജ്യങ്ങള്‍ക്ക് പുറമെ ചൈനയും റഷ്യയുമടക്കം എട്ട് രാജ്യങ്ങള്‍ കൂടി പ്രമേയത്തെ പിന്തുണച്ചിരുന്നു.

അതേസമയം, മറ്റ് മതങ്ങളെ അവഗണിക്കുന്നതാണ് യു.എന്‍ പൊതുസഭയുടെ തീരുമാനമെന്നാണ് വിഷയത്തില്‍ ഇന്ത്യ പ്രതികരിച്ചത്.

യു.എന്നിന്റെ നീക്കം മറ്റ് മതങ്ങള്‍ക്കെതിരെ ലോകത്ത് നിലനില്‍ക്കുന്ന ഫോബിയകളെ, വിദ്വേഷങ്ങളെയും അക്രമങ്ങളെയും കുറച്ചുകാണുന്ന തരത്തിലുള്ളതാണ്, എന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ ടി.എസ്. തിരുമൂര്‍ത്തി പൊതുസഭയില്‍ പ്രതികരിച്ചു.

ഒരു മതത്തിന് നേരെ നടക്കുന്ന അതിക്രമങ്ങളെ മാത്രം സീരിയസ് ആണി കാണരുതെന്നും ഇസ്‌ലാമോഫോബിയ എന്നതിനപ്പുറം റിലീജിയോഫോബിയ (Religiophobia) നിലനില്‍ക്കുന്നുണ്ട് എന്ന് നമ്മള്‍ തിരിച്ചറിയേണ്ട സമയമാണിതെന്നും ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു.

”ഏതെങ്കിലും ഒരു പ്രത്യേക മതത്തിനെതിരായ ഫോബിയയെ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നതില്‍, മറ്റ് മതങ്ങളെ അങ്ങനെ അവഗണിക്കുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്.

ലോകമെമ്പാടും 1.2 ബില്യണ്‍ ജനങ്ങള്‍ ഹിന്ദുവിസം പിന്തുടരുന്നു, 535 മില്യണ്‍ ജനങ്ങള്‍ ബുദ്ധിസവും 30 മില്യണിലധികം പേര്‍ സിഖിസവും പിന്തുടരുന്നു. റിലീജിയോഫോബിയയെ തിരിച്ചറിഞ്ഞ് നേരിടേണ്ട സമയമാണിത്,” തിരുമൂര്‍ത്തി പറഞ്ഞു.


Content Highlight: India criticise UN General Assembly decision to designate March 15 as ‘International Day to Combat Islamophobia’, might downplay phobias against other religions

We use cookies to give you the best possible experience. Learn more