റെക്കോഡും റെക്കോഡ് തകര്‍ത്ത റെക്കോഡും; ലോകകപ്പിന്റെ ചരിത്രം ഇന്ത്യ മാറ്റിയെഴുതുന്നു
icc world cup
റെക്കോഡും റെക്കോഡ് തകര്‍ത്ത റെക്കോഡും; ലോകകപ്പിന്റെ ചരിത്രം ഇന്ത്യ മാറ്റിയെഴുതുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 12th November 2023, 5:55 pm

 

ലോകകപ്പിന്റെ 48 വര്‍ഷത്തെ ചരിത്രം തിരുത്തിയെഴുതിയ റെക്കോഡ് നേട്ടവുമായി ഇന്ത്യ. ഒരു ലോകകപ്പ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഞ്ച് ബാറ്റര്‍മാരും 50+ റണ്‍സ് നേടി എന്ന റെക്കോഡാണ് ചിന്നസ്വാമിയില്‍ ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെതിരെ കുറിച്ചത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ആദ്യ വിക്കറ്റില്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചു. നൂറ് റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ടോട്ടലിലേക്ക് സംഭാവന നല്‍കിയത്.

പോള്‍ വാന്‍ മീകരനാണ് രോ-ഗില്‍ സഖ്യത്തിന് അന്ത്യം കുറിച്ചത്. 35 പന്തില്‍ 51 റണ്‍സ് നേടിയാണ് ഗില്‍ പുറത്തായത്. ടീം സ്‌കോര്‍ 129ല്‍ നില്‍ക്കവെ 54 പന്തില്‍ 61 റണ്‍സുമായി രോഹിത് ശര്‍മയും മടങ്ങി.

മൂന്നാം നമ്പറിലെത്തിയ വിരാട് കോഹ്‌ലിയും ഒട്ടും മോശമാക്കിയില്ല. ആറ് ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും കരുത്തില്‍ 56 പന്തില്‍ 51 റണ്‍സാണ് വിരാട് നേടിയത്.

വിരാടിനൊപ്പം മികച്ച കൂട്ടുകെട്ടുമായി ബാറ്റ് വീശിയ ശ്രേയസ് അയ്യരും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഒരു റെക്കോഡ് നേട്ടവും ഇന്ത്യയെ തേടിയെത്തി. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ടോപ് ഓര്‍ഡറിലെ നാല് താരങ്ങളും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി എന്ന റെക്കോഡാണ് ഇന്ത്യ നേടിയത്.

എന്നാല്‍ അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ കെ.എല്‍. രാഹുലും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു ഇന്നിങ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത അഞ്ച് താരങ്ങളും അര്‍ധ സെഞ്ച്വറി നേടി എന്ന പുതിയ റെക്കോഡും ഇന്ത്യയെ തേടിയെത്തി.

ശ്രേയസ് അയ്യരും കെ.എല്‍. രാഹുലും തങ്ങളുടെ അര്‍ധ സെഞ്ച്വറി സെഞ്ച്വറിയിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. അയ്യര്‍ 94 പന്തില്‍ 128 റണ്‍സ് നേടിയപ്പോള്‍ 64 പന്തില്‍ 102 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം.

ഒടുവില്‍ നിശ്ചിത ഓവറില്‍ 410 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

നെതര്‍ലന്‍ഡ്‌സിനായി ബാസ് ഡി ലീഡ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വാന്‍ ഡെര്‍ മെര്‍വ്, പോള്‍ വാന്‍ മീകരെന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

Content Highlight: India created history in world cup