അണ്ടര്‍ 19 ലോകകപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഗ്രൂപ്പ് എയില്‍ നടന്ന മൂന്ന് മത്സരങ്ങളും വിജയിച്ചു കൊണ്ട് ആറു പോയിന്റോടെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സൂപ്പര്‍ സിക്‌സിലേക്ക് മുന്നേറിയത്.
അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും 200 റണ്‍സിന്റെ മുകളിലായിരുന്നു ഇന്ത്യയുടെ വിജയം. ഇതിനുപിന്നാലെയാണ് ഇന്ത്യന്‍ ടീം ചരിത്രനേട്ടം സ്വന്തമാക്കിയത്. അണ്ടര്‍ 19 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ 200+ റണ്‍സിന് മുകളില്‍ വിജയിക്കുന്ന ആദ്യ ടീമെന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.
അയര്‍ലന്‍ഡിനെതിരെ നടന്ന ആദ്യമത്സരത്തില്‍ 201 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 301 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ അയര്‍ലന്‍ഡ് 100 റണ്‍സിന് പുറത്താവുകയായിരുന്നു.
രണ്ടാം മത്സരത്തില്‍ യു.എസ്.എക്കെതിരെയും ഇന്ത്യ 201 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന യു.എസ്.എക്ക് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് എടുക്കാന്‍ മാത്രമാണ് സാധിച്ചത്.
മൂന്നാം മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ 214 റണ്‍സിനും തകര്‍ത്തുകൊണ്ടാണ് ഇന്ത്യ ചരിത്രത്താളുകളിലേക്ക് നടന്നുകയറിയത്. കിവീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ന്യൂസിലാന്‍ഡ് 28.1 ഓവറില്‍ 81 റണ്‍സിന് പുറത്താക്കുകയായിരുന്നു.
ടൂര്‍ണമെന്റില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും മിന്നും പ്രകടനം ആണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെക്കുന്നത്.
നിലവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ താരം മുഷീര്‍ ഖാന്‍ ആണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ട് സെഞ്ച്വറികളും ഒരു അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 325 റണ്‍സാണ് മുഷീര്‍ നേടിയത്.
ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളിലും ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യമാണ് ഉള്ളത്. 12 വിക്കറ്റുകളുമായി എസ്.കെ പാണ്ഡ്യയാണ് ഒന്നാം സ്ഥാനത്ത്. ഒമ്പത് വിക്കറ്റുകളോടെ എന്‍.തിവാരി നാലാം സ്ഥാനത്തുമുണ്ട്.
സൂപ്പര്‍ സിക്‌സില്‍ ഫെബ്രുവരി രണ്ടിന് നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. മംഗൗങ് ഓവലാണ് വേദി.
Content Highlight: India create a new history in under 19 world cup.