ഒറ്റദിവസം 8380 രോഗികള്‍, 5000 കടന്ന് മരണസംഖ്യ; രാജ്യത്ത് ആശങ്കയേറുന്നു
COVID-19
ഒറ്റദിവസം 8380 രോഗികള്‍, 5000 കടന്ന് മരണസംഖ്യ; രാജ്യത്ത് ആശങ്കയേറുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st May 2020, 10:27 am

ന്യൂദല്‍ഹി : രാജ്യത്ത് ശനിയാഴ്ച മാത്രം കൊവിഡ് പോസിറ്റീവായത് 8380 പേര്‍. 8000 ത്തില്‍ കൂടുതല്‍ പേര്‍ക്ക് ഇന്ത്യയില്‍ ഒറ്റദിവസം രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.

ഇതോടെ ആകെ രോഗികളുടെ എണ്ണം 1,82,143 ആയി. ഇന്നലെ മാത്രം 193 പേര്‍ മരിച്ചതോടെ മരണസംഖ്യ 5000 കടന്നു. 5164 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുമുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്.

അതേസമയം ലോകത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 60,48,384 ആയി. അമേരിക്കയിലെ സ്ഥിതി അതീവഗുരുതരമായി തന്നെ തുടരുകയാണ്.

അമേരിക്കയില്‍ 17,69,776 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1,03685 പേരാണ് ഇതുവരെ മരിച്ചത്.

ബ്രസീലില്‍ കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടാവുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്.

ശനിയാഴ്ച മാത്രം 33,274 പുതിയ കേസുകളാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 498,440 കേസുകളാണ് നിലവില്‍ ബ്രസീലില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

24 മണിക്കൂറിനുള്ളില്‍ 956 പേരാണ് കൊവിഡ് ബാധിച്ച് ബ്രസീലില്‍ മരിച്ചത്.ഇതോടെ ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28,834 ആയി ഉയര്‍ന്നു.

ബ്രിട്ടനില്‍ 38,376 പേരും ഇറ്റലിയില്‍ 33,340 പേരും ഫ്രാന്‍സില്‍ 28843 പേരുമാണ് ഇതുവരെ മരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക