ന്യൂദല്‍ഹി: ഇന്ത്യയ്ക്ക് റഫാല്‍ യുദ്ധവിമാനം ഉണ്ടായിരുന്നെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്ക്ക് റഫാലിന്റെ അഭാവം അനുഭവപ്പെട്ടെന്നും, കരാറിന്റെ പേരിലെ രാഷ്ട്രീയ ഈഗോ രാജ്യത്തെ മുറപ്പെടുത്തിയെന്നും മോദി പറഞ്ഞു. ദല്‍ഹിയില്‍ ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകായിരുന്നു മോദി.
“റഫാലിന്റെ അഭാവം രാജ്യത്തിന് അനുഭവപ്പെട്ടു. റഫാല്‍ ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ പരിശ്രമങ്ങളുടെ ഫലം കുറച്ചുകൂടെ ശക്തമാകുമായിരുന്നുവെന്ന് ഇന്ത്യ പറയുന്നു. റഫാലിന്റെ പേരിലുള്ള ഈഗോ രാഷ്ട്രീയം രാജ്യത്തെ മുറിപ്പെടുത്തി”- നേരന്ദ്ര മോദി പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ആണവശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷങ്ങള്‍ കെട്ടടങ്ങിയതിന് തൊട്ടു പിന്നാലെയാണ് മോദിയുടെ പരാമര്‍ശം. പാകിസ്ഥാന്റെ നൂതന യുദ്ധവിമാനമായ എഫ്-16 ഇന്ത്യ തകര്‍ത്തിരുന്നു. പാകിസ്ഥാന്‍ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഉപയോഗിച്ചത് തൊള്ളായിരത്തി എണ്‍പതുകളില്‍ റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിയ മിഗ് വിമാനവുമായിരുന്നു.
ഫ്രാന്‍സില്‍ നിന്നും കൂടുതല്‍ സാങ്കേതികത്തികവുള്ള റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് തീരുമാനിച്ചിരുന്നു. എന്നാല്‍ നരേന്ദ്ര മോദി അധികാരത്തിലേറിയതിന് ശേഷം ഈ കരാറില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ വരുത്തിയിരുന്നു. വിമാനം നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസ്സോയുടെ ഇന്ത്യന്‍ പങ്കാളിയായി അനില്‍ അംബാനിയെ തെരഞ്ഞെടുത്തത് മോദിയുടെ ഇടപെടല്‍ മൂലമായിരുന്നെന്നും, വിമാനങ്ങളുടെ എണ്ണം കുറച്ച് വില കൂട്ടിയത് രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെന്നും ചൂണ്ടി്ക്കാട്ടി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
നേരത്തെ പ്രധാനമന്ത്രി നേരന്ദ്ര മോദി മോഷ്ടാവാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. മോദി ഇന്ത്യന്‍ വ്യോമസേനയില്‍ നിന്ന് മോഷ്ടിച്ച് അനില്‍ അംബാനിയുടെ കീശ വീര്‍പ്പിക്കുകയാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.