ന്യൂദൽഹി: ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരായ ജർമനിയുടെ പരാമർശത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ജർമനി ഇടപെടേണ്ടെന്ന് ഇന്ത്യ പ്രതികരിച്ചു.
ജർമൻ ഡെപ്യൂട്ടി ഡയറക്ടറെ ആഭ്യന്തര മന്ത്രാലയത്തിൽ വിളിച്ച് വരുത്തിയാണ് ഇന്ത്യ അതൃപ്തി അറിയിച്ചത്. ജർമനിയുടെ പ്രതികരണം അനാവശ്യമാണെന്നും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും വിദേശകാര്യ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി.
കെജ്‌രിവാളിന്റെ അറസ്റ്റിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്നാണ് വിഷയത്തിൽ ജർമനി പ്രതികരിച്ചത്. ഇതിന് എതിരെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി.
ഇതിന് മുമ്പും ഇന്ത്യക്കെതിരായി മറ്റ് വിദേശ രാജ്യങ്ങൾ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുമ്പോൾ ആഭ്യന്തര മന്ത്രാലയം സമാനമായി വിഷയത്തിൽ ഇടപെട്ടിരുന്നു.
ശനിയാഴ്ച രാവിലെയാണ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് ജർമൻ വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയത്. കെജ്‌രിവാളിന് നീതിയുക്തവും നിക്ഷ്പക്ഷവുമായ വിചാരണക്ക് അവകാശമുണ്ടെന്നാണ് ജർമൻ വിദേശകാര്യ മന്ത്രാലയം വക്താവ് സെബാസ്റ്റ്യൻ ഫിഷർ പ്രതികരിച്ചത്.
കേസിൽ ജുഡീഷ്യറിയുടെ നിക്ഷ്പക്ഷതയും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളും ഉറപ്പ് വരുത്തണമെന്നും ജർമൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. അതേസമയം, മദ്യനയക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാൾ ഇ.ഡി കസ്റ്റഡിയിൽ തുടരുകയാണ്.
Content Highlight: India conveys ‘ strong protest’ to Germany over Arvind Kejriwal remark