| Tuesday, 1st August 2023, 8:03 pm

'അപ്പോള്‍ അക്കാര്യം തീരുമാനിച്ചതാണ്'; സഞ്ജുവിന് വീണ്ടും അവസരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരം ആരംഭിച്ചു. ഡൊമിനിക്കയിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് വിജയിക്കുകയായിരുന്നു.

രണ്ടാം മത്സരത്തില്‍ ഒരുപാട് മാറ്റങ്ങളുമായിട്ടായിരുന്നു ഇന്ത്യ ഇറങ്ങിയത്. പ്രധാനമായി വിരാട് കോഹ്‌ലി രോഹിത് ശര്‍മ എന്നിവരില്ലാതെയാണ് ഇന്ത്യ കളത്തില്‍ ഇറങ്ങിയത്. ലോകകപ്പിന് മുന്നോടിയായി യുവ താരങ്ങളെയെല്ലാം പരീക്ഷിക്കാനായിട്ടായിരിക്കണം ഇങ്ങനെ ചെയ്തത്.

എന്നാല്‍ ഈ മാറ്റങ്ങള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ആകാശ് ചോപ്രയെ പോലെയുള്ള മുന്‍ താരങ്ങള്‍ ഈ പരീക്ഷണങ്ങളെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു. മൂന്നാം മത്സരത്തില്‍ വരുമ്പോള്‍ ഇന്ത്യ ഈ പരീക്ഷണം തുടരുന്നുണ്ട്. വിരാടും രോഹിത്തും ഇല്ലാതെയാണ് ടീം മൂന്നാം മത്സരത്തിലും ഇറങ്ങുന്നത്.

രോഹിത്തിന്റെ അഭാവത്തില്‍ ഹര്‍ദിക് പാണ്ഡ്യയാണ് നായകനാകുന്നത്. കഴിഞ്ഞ മത്സരത്തില്‍ അവസരം ലഭിച്ച അക്‌സര്‍ പട്ടേലിനെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ഇറക്കിയിട്ടില്ല. റുതുരാജ് ഗെയ്ക്വാദിന് മൂന്നാം മത്സരത്തില്‍ അവസരം ലഭിക്കുന്നുണ്ട്. ആദ്യ രണ്ട് മത്സരത്തിലും തിളങ്ങാന്‍ സാധിക്കാതിരുന്ന എക്‌സ്പ്രസ് പേസ് ബൗളര്‍ ഉമ്രാന്‍ മാലിക്കിനെ മൂന്നാം മത്സരത്തില്‍ പുറത്താക്കി. ജയദേവ് ഉനദ്കട്ടാണ് അദ്ദേഹത്തിന് പകരം ഇറങ്ങുക.

രണ്ട് ഏകദിനത്തിലും പരാജയമായെങ്കിലും സൂര്യകുമാര്‍ യാദവിനും ഗില്ലിനും വീണ്ടും അവസരമുണ്ട്. രണ്ടാം ഏകദിനത്തില്‍ ടീമിലെത്തിയ സഞ്ജു സാംസണ് മൂന്നാം മത്സരത്തിലും അവസരം നല്‍കുന്നുണ്ട്.

പരീക്ഷണങ്ങളുടെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ലഭിച്ചിട്ടും ഇന്ത്യന്‍ ടീം മാനേജ്‌മെന്റും രാഹുല്‍ ദ്രാവിഡും അത് തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. ലോകകപ്പിന് മുന്നോടിയായി ടീമിനെ തെരഞ്ഞെടുക്കാനായിരിക്കണമിത്. നിലവില്‍ അവസരം ലഭിക്കുന്ന യുവതാരങ്ങളെല്ലാം അത് മുതലാക്കികൊണ്ട് ലോകകപ്പ് ടീമില്‍ കയറാനുള്ള ശ്രമത്തിലാണ്.

Content Highlight: India  Continues to Expirement By Playing Youngsters

We use cookies to give you the best possible experience. Learn more