ഇന്ത്യ ആദ്യമായി ലോക ദീര്‍ഘദൂര കുതിരയോട്ടം പൂര്‍ത്തിയാക്കി; ചരിത്രം കുറിച്ച് നിദ അന്‍ജും
Sports News
ഇന്ത്യ ആദ്യമായി ലോക ദീര്‍ഘദൂര കുതിരയോട്ടം പൂര്‍ത്തിയാക്കി; ചരിത്രം കുറിച്ച് നിദ അന്‍ജും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 3rd September 2023, 3:39 pm

ന്യൂദല്‍ഹി: ലോക ദീര്‍ഘദൂര കുതിരയോട്ടത്തില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ എഫ്.ഇ.ഐയുടെ 120 കിലോമീറ്റര്‍ എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി നാലുഘട്ടങ്ങളും തരണം ചെയ്ത് ഇന്ത്യ. 21 വയസുകാരിയായ മലയാളി വനിത നിദ അന്‍ജും ചേലാട്ടാണ് ഫ്രാന്‍സിലെ കാസ്റ്റല്‍സെഗ്രാറ്റ് നഗരത്തില്‍ നടന്ന പോരാട്ടത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് ചരിത്രം കുറിച്ചത്. മലപ്പുറം തിരൂരില്‍ ജനിച്ച നിദ അന്‍ജും യുവ റൈഡര്‍മാര്‍ക്കായി നടത്തുന്ന ഇക്വസ്ട്രിയന്‍ വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിച്ചത്. 7.29 മണിക്കൂര്‍ മാത്രം സമയമെടുത്താണ് നിദ ചാമ്പ്യന്‍ഷിപ്പ് ഫിനിഷ് ചെയ്തത്.

ഒരേ കുതിരയുമൊത്ത് രണ്ടു വര്‍ഷകാലയളവില്‍ 120 കിലോമീറ്റര്‍ ദൂരം രണ്ടു വട്ടമെങ്കിലും മറികടന്നാലാണ് ഈ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത നേടാന്‍ സാധിക്കുന്നത്. നിദയാവട്ടെ രണ്ടു കുതിരികളുമായി നാലുവട്ടം ഈ ദൂരം താണ്ടി റെക്കോഡിട്ടിട്ടുണ്ട്. കൂടാതെ ഒന്നിലേറെ തവണ 160 കിലോമീറ്റര്‍ ദൂരത്തില്‍ കുതിരയോട്ടം പൂര്‍ത്തിയാക്കി, 3 സ്റ്റാര്‍ റൈഡര്‍ പദവി നേടിയ ഏക ഇന്ത്യന്‍ വനിതയുമാണ് നിദ.

ഈ ചാമ്പ്യന്‍ഷിപ്പിലെ 120 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മത്സരപാത കുതിരയ്ക്ക് യാതൊരു പോറലുമേല്‍ക്കാതെ റൈഡര്‍ മറികടക്കണം. 28.6, 29.2, 33.8, 28.6- എന്നിങ്ങനെ നാലുഘട്ടങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. ഓരോ ഘട്ടത്തിനു ശേഷവും വിദഗ്ധ വെറ്ററിനറി ഡോക്ടര്‍മാര്‍ കുതിരയുടെ ആരോഗ്യ- കായിക ക്ഷമത പരിശോധിക്കും. ഇതില്‍ കുതിരയുടെ ആരോഗ്യത്തിന് ക്ഷതമേറ്റു എന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നതെങ്കില്‍ റൈഡര്‍ പുറത്താകും. കുതിരയുടെ കായികക്ഷമത നിലനിര്‍ത്തി നാലുഘട്ടവും പൂര്‍ത്തിയാക്കുക എന്നതാണ് ഈ ചാമ്പ്യന്‍ഷിപ്പിന്റെ വലിയ വെല്ലുവിളി.

25 രാജ്യങ്ങളില്‍ നിന്നമുള്ള 70 മത്സരാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന നിരക്കൊപ്പമാണ് നിദ ‘എപ്സിലോണ്‍ സലോ’ എന്ന കുതിരയുമൊത്ത് ഫ്രാന്‍സില്‍ മത്സരത്തിനിറങ്ങിയത്. മത്സരത്തിനിടയില്‍ 33 കുതിരകള്‍ പുറത്തായി. നിദയും കുതിരയും ആദ്യ ഘട്ടത്തില്‍ 23ാമതായും, രണ്ടാമത്തേതില്‍ 26ാമതായും, മൂന്നില്‍ 24ാമതായും, ഫൈനലില്‍ 21ാമതായും നാലു ഘട്ടങ്ങള്‍ ഫിനിഷ് ചെയ്തു. മണിക്കൂറില്‍ 16.7 കി.മീ വേഗതയാണ് നിദ നിലനിര്‍ത്തിയത്. ഹെല്‍മറ്റിലും ജഴ്‌സിയിലും ഇന്ത്യന്‍ പതാകയിലെ ത്രിവര്‍ണ്ണം ആലേഖനം ചെയ്താണ് നിദ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.

”ദീര്‍ഘദൂര കുതിരയോട്ടം ഫിനിഷ് ചെയ്ത ആദ്യ ഇന്ത്യനായതില്‍ അഭിമാനിക്കുന്നു. തുടര്‍ന്നുള്ള ലോക ചാമ്പ്യന്‍ഷിപ്പുകള്‍ക്കായുള്ള പരിശീലനത്തിലേക്ക് കടക്കുകയാണ്. രാജ്യത്തിനായി കൂടുതല്‍ നേട്ടങ്ങള്‍ക്കായി പരിശ്രമിക്കും”- ചരിത്രം കുറിച്ച ശേഷം ഫ്രാന്‍സിലെ മത്സരവേദിയില്‍ നിന്ന് നിദ പറഞ്ഞു.

കുട്ടിക്കാലത്ത് മാതാപിതാക്കളോടൊപ്പം ദുബായിയില്‍ താമസിക്കുമ്പോള്‍ കുതിരകളുമായി കൂട്ടുകൂടിയതാണ് നിദയെ ഈ ലോക നേട്ടത്തിലേക്ക് എത്തിച്ചത്. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മരുഭൂമികളും മലകളും അരുവിയും താണ്ടി അബുദാബി എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവാള്‍ നേടിയാണ് നിദ ലോക ചാമ്പ്യന്‍ഷിപ്പുകളിലേക്ക് പ്രവേശിക്കുന്നത്. പ്രശസ്ത കുതിരയോട്ട പരിശീലകനും റൈഡറുമായ അലി അല്‍ മുഹൈരിയാണ് ഗുരു.


‘മലഞ്ചെരിവുകളും, ജലാശയങ്ങളും, കാനനപാതകളും നിറഞ്ഞ ഈ ചാമ്പ്യന്‍ഷിപ്പിലെ ഓരോ ഘട്ടവും നിദയും കുതിരയും സഹിഷ്ണുതയോടെ മറികടന്നു. റൈഡറുടെ കായികക്ഷമതക്കൊപ്പം കുതിരയുടെ ആരോഗ്യവും പരിരക്ഷിക്കപ്പെടണം എന്നതാണ് ചാമ്പ്യന്‍ഷിപ്പിന്റെ ആശയം,’ – നിദയുടെ ടീമിലെ വെറ്ററിനറി ഉപദേശകനും കേരളീയനുമായ ഡോ. മുഹമ്മദ് ഷാഫി പറഞ്ഞു.

കായികക്ഷമത, വൈദഗ്ദ്ധ്യം, ഏകാഗ്രത എന്നിവ റൈഡര്‍ക്കും കുതിരയ്ക്കും ഒരുപോലെ ആവശ്യമായ ഈ 120 കിലോമീറ്റര്‍ കുതിരയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത് കായിക രംഗത്തെ ലോകോത്തര നേട്ടമാണ്. ലോകത്തിലെ ഏറ്റവും വലിയ കുതിര സവാരി ഇവന്റുകളിലൊന്നായ എഫ്.ഇ.ഐ ചാമ്പ്യന്‍ഷിപ്പ് പൂര്‍ത്തിയാക്കിയതിലൂടെ നിദ ലോകത്തിലെ ഏറ്റവും മികച്ച എന്‍ഡ്യൂറന്‍സ് റൈഡര്‍മാരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെട്ടു. മുതിര്‍ന്നവരുടെ കുതിരയോട്ടത്തില്‍ ഇനി നിദയ്ക്ക് പങ്കെടുക്കാം.

എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ദീര്‍ഘകാല വിജയ ചരിത്രമുള്ള യു.എ.ഇ, ബഹ്‌റിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെയാണ് നിദ മത്സരിച്ചത്. ചൈന, ലിബിയ തുടങ്ങി ആദ്യമായി മത്സരത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങളും ഇത്തവണ നിദയ്‌കൊപ്പം മത്സരത്തിനുണ്ടായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണ- വെള്ളി മെഡലുകള്‍ യു.എ.ഇ നേടി. ടീം മത്സരങ്ങളില്‍ ബഹ്‌റിനും ഫ്രാന്‍സുമാണ് ജേതാക്കള്‍.

പുതിയൊരു കായിക ഇനത്തിന്റെ സാധ്യതയാണ് നിദയിലൂടെ ഇന്ത്യക്ക് ലഭിക്കുന്നത്. ഇന്ത്യയുടെ ഇക്വസ്ട്രിയന്‍ കായിക ഇനങ്ങളുടെ യശസ്സ് നിദയിലൂടെ കുതിച്ച് ഉയര്‍ന്നു. ബോച്ചറായിരുന്നു നിദയുടെ ട്രെയ്‌നര്‍. താക്കത്ത് സിങ് റാവു പേഴ്‌സണല്‍ ട്രെയ്‌നറുമായിരുന്നു.

യു.കെയിലെ ബെര്‍മിങ്ഹാം സര്‍വ്വകലാശാലയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദവും റഫാള്‍സ് വേള്‍ഡ് അക്കാദമിയില്‍ നിന്ന് ഐ.ബി. ഡിപ്ലോമയും നേടിയ വ്യക്തിയാണ് നിദ. റീജന്‍സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടാണ് പിതാവ്. മിന്‍ഹത്ത് അന്‍വര്‍ അമീനാണ് മാതാവ്. സഹോദരി: ഡോ. ഫിദ അഞ്ജും ചേലാട്ട്.

content highlights; India completes world long-distance horse race for first time; Nida Anjum make history