| Monday, 25th September 2023, 1:16 pm

11ാം സിക്‌സര്‍ നേടിത്തന്ന റെക്കോഡ്; ഇന്ത്യ മാത്രം, ക്രിക്കറ്റ് ചരിത്രത്തില്‍ ഐതിഹാസിക നേട്ടം കൈവരിച്ച ഏക ടീം

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഐതിഹാസിക റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ ടീം. വണ്‍ ഡേ ഫോര്‍മാറ്റില്‍ 3,000 സിക്‌സറുകള്‍ നേടുന്ന ആദ്യ ടീം എന്ന റെക്കോഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിച്ച ഏക ടീമും ഇന്ത്യ മാത്രമാണ്.

ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് മെന്‍ ഇന്‍ ബ്ലൂ ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ 18 സിക്‌സറുകളാണ് ഇന്ത്യ നേടിയത്.

മിഡില്‍ ഓര്‍ഡറിലെ കരുത്തന്‍ സൂര്യകുമാര്‍ യാദവാണ് കഴിഞ്ഞ മത്സരത്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയത്. ആറ് സിക്‌സറാണ് സൂര്യയുടെ ബാറ്റില്‍ നിന്നും പിറന്നത്. ഇതില്‍ നാല് സിക്‌സറും ഒരു ഓവറില്‍ നിന്നുമാണ് താരം അടിച്ചുകൂട്ടിയത്.

നാല് സിക്‌സറുമായി ശുഭ്മന്‍ ഗില്ലും മൂന്ന് വീതം സിക്‌സറുമായി ശ്രേയസ് അയ്യരും കെ.എല്‍ രാഹുലും തിളങ്ങിയപ്പോള്‍ ശേഷിച്ച രണ്ട് സിക്‌സര്‍ ഇഷാന്‍ കിഷനും അടിച്ചെടുത്തു.

ഈ മത്സരത്തിന് മുമ്പ് 2,989 ഏകദിന സിക്‌സറുകളായിരുന്നു ഇന്ത്യയുടെ പേരിലുണ്ടായിരുന്നത്. ഇന്‍ഡോറില്‍ നടന്ന രണ്ടാം ഏകദിനത്തിന് പിന്നാലെ സിക്‌സറുകളുടെ എണ്ണം 3,007 ആയി ഉയര്‍ത്താനും ഇന്ത്യക്കായി.

സിക്‌സറുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റിങ്ങിന് പേരുകേട്ട വെസ്റ്റ് ഇന്‍ഡീസാണ്. 2,953 സിക്‌സറാണ് കരീബിയന്‍സ് ഏകദിനത്തില്‍ സ്വന്തമാക്കിയത്.

വിന്‍ഡീസിനേക്കാള്‍ എത്രയോ മത്സരം കുറവ് കളിച്ചാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നതാണ് ഈ റെക്കോഡ് നേട്ടത്തെ എക്‌സ്ട്രാ സ്‌പെഷ്യലാക്കുന്നത്. വിന്‍ഡീസ് ഇതുവരെ 1,087 മത്സരങ്ങളാണ് കളിച്ചതെങ്കില്‍ 1,032 മത്സരം മാത്രമാണ് ഇന്ത്യ ഇതുവരെ കളിച്ചത്.

ഏകദിനത്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ടീമുകള്‍

(ടീം – ഇതുവരെ നേടിയ സിക്‌സര്‍ എന്നീ ക്രമത്തില്‍)

1. ഇന്ത്യ – 3,007

2. വെസ്റ്റ് ഇന്‍ഡീസ് – 2,953

3. പാകിസ്ഥാന്‍ – 2,566

4. ഓസ്‌ട്രേലിയ – 2,476

5. ന്യൂസിലാന്‍ഡ് – 2,387

6. ഇംഗ്ലണ്ട് – 2,032

7. സൗത്ത് ആഫ്രിക്ക – 1,947

8. ശ്രീലങ്ക – 1,779

9. സിംബാബ്‌വേ – 1,303

10. ബംഗ്ലാദേശ് – – 959

11. അഫ്ഗാനിസ്ഥാന്‍ – 671

12. അയര്‍ലന്‍ഡ് – 611

13. സ്‌കോട്‌ലാന്‍ഡ് – 425

14. യു.എ.ഇ – 387

15. നെതര്‍ലന്‍ഡ്‌സ് – 307

Content Highlight: India completes 3,000 sixes in ODI

We use cookies to give you the best possible experience. Learn more