| Saturday, 9th November 2024, 2:36 pm

സഞ്ജുവിന്റെ സെഞ്ച്വറിയില്‍ ഇന്ത്യക്കും ചരിത്രനേട്ടം; ആദ്യ ടീം, 20ല്‍ തൊട്ട് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-സൗത്ത് ആഫ്രിക്ക പരമ്പരയിലെ ആദ്യ ടി-20യില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. കിങ്‌സ്മീഡില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 141ന് പുറത്താവുകയായിരുന്നു. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്കായി.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 50 പന്തില്‍ 107 റണ്‍സ് നേടിയാണ് സഞ്ജു സാംസണ്‍ പുറത്തായത്. ഏഴ് ഫോറും പത്ത് സിക്‌സറും അടക്കം 214.00 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.

സഞ്ജുവിന്റെ സെഞ്ച്വറിക്ക് പിന്നാലെ ടി-20യില്‍ ഇന്ത്യയുടെ സെഞ്ച്വറി നേട്ടം 20 ആയി ഉയര്‍ന്നു. ഈ നേട്ടത്തിലെത്തുന്ന ആദ്യ ടീമാണ് ഇന്ത്യ. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡിനേക്കാള്‍ എട്ട് സെഞ്ച്വറികളാണ് ഇന്ത്യക്ക് അധികമായുള്ളത്.

ടി-20യില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ ടീം

(ടീം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

ഇന്ത്യ – 20

ന്യൂസിലാന്‍ഡ് – 12

ഓസ്‌ട്രേലിയ – 11

സൗത്ത് ആഫ്രിക്ക – 8

ഇംഗ്ലണ്ട് – 6

വെസ്റ്റ് ഇന്‍ഡീസ് – 6

പാകിസ്ഥാന്‍ – 5

മുന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യക്കായി ഏറ്റവുമധികം ടി-20 സെഞ്ച്വറി നേടിയത്. അഞ്ചെണ്ണം. അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയാണ് രോഹിത്തിന്റെ സെഞ്ച്വറി പിറന്നത്.

നാല് സെഞ്ച്വറിയുമായി നിലവിലെ നായകന്‍ സൂര്യകുമാര്‍ യാദവും തൊട്ടുപിന്നാലെയുണ്ട്. ഇംഗ്ലണ്ട്, ശ്രീലങ്ക, ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക എന്നിവരാണ് സൂര്യയുടെ ബാറ്റിന്റെ ചൂടറിഞ്ഞത്.

സഞ്ജു സാംസണ്‍ (ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക), കെ.എല്‍. രാഹുല്‍ (വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്) എന്നിവര്‍ രണ്ട് വീതം സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഇവര്‍ നാല് പേരുമാണ് അന്താരാഷ്ട്ര ടി-20യില്‍ ഒന്നിലധികം സെഞ്ച്വറി നേടിയ താരങ്ങള്‍.

വിരാട് കോഹ്‌ലി (അഫ്ഗാനിസ്ഥാന്‍), ദീപക് ഹൂഡ (അയര്‍ലന്‍ഡ്), ശുഭ്മന്‍ ഗില്‍ (ന്യൂസിലാന്‍ഡ്), യശസ്വി ജെയ്‌സ്വാള്‍ (നേപ്പാള്‍, ഏഷ്യന്‍ ഗെയിംസ്), സുരേഷ് റെയ്‌ന (സൗത്ത് ആഫ്രിക്ക), ഋതുരാജ് ഗെയ്ക്വാദ് (ഓസ്‌ട്രേലിയ), അഭിഷേക് ശര്‍മ (സിംബാബ്‌വേ) എന്നിവരാണ് അന്താരാഷ്ട്ര ടി-20യില്‍ സെഞ്ച്വറി കണ്ടെത്തിയ മറ്റ് താരങ്ങള്‍.

Content highlight: India Completes 20 T20I Centuries

We use cookies to give you the best possible experience. Learn more