ന്യൂദല്‍ഹി: രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യു.എന്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഇന്ത്യക്ക് രൂക്ഷ വിമര്‍ശനം. വംശീയതയുടെ പേരിലും മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലുമായിരുന്നു കമ്മീഷനില്‍ ഇന്ത്യക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ രാജ്യത്ത് നടന്ന അക്രമ സംഭവങ്ങളും സമിതിയില്‍ ചോദ്യങ്ങള്‍ക്ക് കാരണമായി.
നൂറിലധികം രാജ്യങ്ങള്‍ അംഗമായിട്ടുള്ള സമിതിയില്‍ നിന്നാണ് മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ രാജ്യത്തിന് രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നത്. രാജ്യങ്ങളുടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ സ്ഥിതിഗതികള്‍ വിശദീകരിക്കേണ്ട യോഗം ഇന്നലെയായിരുന്നു യു.എന്‍.എച്ച്.ആര്‍.സി (അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍)യില്‍ നടന്നത്.
അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹാത്ഗിയായിരുന്നു ഇന്ത്യയുടെ സെഷന്‍ യോഗത്തില്‍ നയിച്ചത്. യോഗത്തില്‍ 110 രാജ്യങ്ങളുടെ പ്രതിനിധികള്‍ സംസാരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു ഇതിലാണ് ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. രാജ്യത്ത് പൗരന്മാര്‍ നേരിടുന്ന നിയന്ത്രണങ്ങളെക്കുറിച്ചായിരുന്നു പ്രധാന വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
ഇന്ത്യയില്‍ പൗരന്മാര്‍ പലതരത്തിലുള്ള വിലക്കുകള്‍ നേരിടുന്നുണ്ടെന്നും ഭരണകൂടം പൗര സ്വാതന്ത്രത്തിന് മതിയായ പ്രധാന്യം നല്‍കുന്നില്ലെന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വരെ കടുത്ത നിയന്ത്രണങ്ങള്‍ നേരിടുന്നതായും വിമര്‍ശനങ്ങള്‍ ഉണ്ടായി.
ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ രാജ്യത്ത് നടന്ന വിവിധ അക്രമണങ്ങളും യോഗത്തില്‍ ഇന്ത്യക്ക് തിരിച്ചടിയായി. ഇന്ത്യയെ പോലെയുള്ള അതിവേഗ വികസന പാതയിലുള്ള രാജ്യത്ത് വംശീയതയുടെ പേരില്‍ നടക്കുന്ന അക്രമങ്ങളെ നിസാരവല്‍ക്കരിക്കാന്‍ കഴിയില്ലെന്ന തരത്തിലാണ് യോഗത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഗ്രേറ്റര്‍ നോയിഡയില്‍ നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളുടെയും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുടെയും പേരിലായിരുന്നു വംശീയതയുടെ പേരില്‍ ഇന്ത്യില്‍ അക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന നിരീക്ഷണം.
നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ ജനീവയിലെ മനുഷ്യാവകാശ കമ്മീഷനില്‍ നേരത്തെ വിഷയം ഉന്നയിച്ചിരുന്നു. യോഗത്തില്‍ ഹെയ്തി പ്രതിനിധി “അഫ്രോബിയ” ഇന്ത്യയില്‍ നിലനില്‍ക്കുന്നതായും വംശീയ അക്രമങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടി പറയവെ അക്രമങ്ങളെ ദൗര്‍ഭാഗ്യകരമെന്നും വേദനാജനകവുമെന്നായിരുന്നു ഇന്ത്യന്‍ പ്രതിനിധി വിശേഷിപ്പിച്ചത്.
ഭിന്നലിംഗക്കാരും രാജ്യത്ത് കടുത്ത അവഗണന നേരിടുന്നതായി പാശ്ചാത്ത്യ രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അംഗീകരിക്കുന്ന തരത്തിലല്ല ഇവിടുത്തെ നിയമ വ്യവസ്ഥകളെന്നും നിയമവും ഇവരെ വേര്‍തിരിച്ച് കാണുകയാണെന്നും യോഗത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
സുരക്ഷയുടെ പേരില്‍ നിയമപാലകര്‍ രാജ്യത്ത് ഇപ്പോഴും മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുണ്ടെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പൊലീസിന്റെ സൈനികരുടെയും പ്രത്യേക അധികാരങ്ങളെക്കുറിച്ചായിരുന്നു ഇത്തരം വിമര്‍ശനങ്ങള്‍ മണിപൂരിലെ പ്രത്യേക നിയമങ്ങളും മറ്റുമാണ് രാഷ്ട്രങ്ങള്‍ ഇതിന് തെളിവായ് ചൂണ്ടിക്കാട്ടിയത്.
വിവാഹപൂര്‍വ്വ പീഡനത്തെ ഇന്ത്യ ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്നില്ലെന്ന കാര്യവും ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് യോഗത്തില്‍ തലവേദന സൃഷ്ടിച്ചു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും വിവാഹ പൂര്‍വ്വ പീഡനത്തെ ഇന്ത്യ ഇതുവരെ ക്രിമിനല്‍ കുറ്റമായി പരിഗണിച്ചിട്ടില്ലെന്നും മനുഷ്യാവകാശ കൗണ്‍സിലില്‍ ആരോപണം ഉയര്‍ന്നു.
യോഗത്തില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും രാജ്യത്തിന്റെ ചില നടപടികളെ പുകഴ്ത്താനും കമ്മീഷന്‍ മറന്നില്ല. നേപാള്‍, മൗറീഷ്യസ്, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനായി രാജ്യം ചെയ്ത് കൊടുക്കുന്ന സേവനങ്ങളെ കൗണ്‍സില്‍ അഭിനന്ദിച്ചു.