കല്‍ക്കരി കുംഭകോണം; സി.ബി.ഐ ഉദ്യോഗസ്ഥര്‍ കോഴവാങ്ങിയെന്ന് ആരോപണം
Daily News
കല്‍ക്കരി കുംഭകോണം; സി.ബി.ഐ ഉദ്യോഗസ്ഥര്‍ കോഴവാങ്ങിയെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd May 2016, 8:32 am

COAL-MINE-ACCIDENT

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസ് അട്ടിമറിക്കാന്‍ അന്വേഷണ സംഘത്തില്‍പ്പെട്ട ചില സി.ബി.ഐ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപണം. അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഒരു സി.ബി.ഐ ഉദ്യോഗസ്ഥന്‍ സി.ബി.ഐ ഡയറക്ടര്‍ക്ക് എഴുതിയ കത്തിലാണ് ഈ വെളിപ്പെടുത്തല്‍.

സത്യസന്ധനായ ഒരു ഓഫീസര്‍ എന്ന് ഒപ്പിട്ട് അയച്ച കത്ത് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപ്പത്രമാണ് പുറത്തു വിട്ടത്.
കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട ചില കേസുകള്‍ ഒതുക്കിത്തീര്‍ക്കാനും അട്ടിമറിക്കാനുമായി മേലുദ്യോഗസ്ഥര്‍ കോടികള്‍ കോഴ വാങ്ങിയെന്നാണ് കത്തില്‍ ആരോപിക്കുന്നത്. അന്വേഷണം അവസാനിപ്പിച്ചുവെന്ന് സുപ്രീം കോടതിയെ അറിയിച്ച ചില കേസുകള്‍ കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ പുനരന്വേഷണം നടത്തുന്നതായും കത്തില്‍ പറയുന്നു.

സി.ബി.ഐ ഡയറക്ടറുടെ പേരിലാണ് പണം വാങ്ങുന്നതെന്നും ഇതിനു പിന്നില്‍ ചില ഉന്നത ഉദ്യോഗസ്ഥരാണെന്നും കത്തില്‍ ആരോപിക്കുന്നു. മാര്‍ച്ച് അവസാന ആഴ്ചയിലാണ് സി.ബി.ഐ ഡയറക്ടര്‍ അനില്‍ സിന്‍ഹയ്ക്ക് കത്ത് അയച്ചിരിക്കുന്നത്. കല്‍ക്കരിപ്പാടം അഴിമതിക്കേസ് അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥന്‍ തന്നെയാണ് കത്തയച്ചതെന്ന് സ്ഥിരീകരിച്ചതായും പത്രം അവകാശപ്പെട്ടിട്ടുണ്ട്.