ഗാംഗുലിയല്ല ധോണിയല്ല വിരാടല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ ആ റെക്കോഡിനുടമ ധവാന്‍ മാത്രം
Sports News
ഗാംഗുലിയല്ല ധോണിയല്ല വിരാടല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ ആ റെക്കോഡിനുടമ ധവാന്‍ മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th July 2022, 7:46 am

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ അവസാന ഏകദിന മത്സരം. ആദ്യ രണ്ട് കളികളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യയും ആശ്വാസജയം തേടിയിറങ്ങിയ വെസ്റ്റ് ഇന്‍ഡീസുമായിരുന്നു ക്വീന്‍സ് പാര്‍ക്കിലെ ഓവലില്‍ മത്സരത്തിനിറങ്ങിയത്.

എന്നാല്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ മുഖം രക്ഷിക്കാനുള്ള വിന്‍ഡീസ് മോഹം പാഴാക്കിക്കൊണ്ട് 3-0ന് സീരീസ് ക്ലീന്‍ സ്വീപ് ചെയ്തുകൊണ്ടായിരുന്നു ഇന്ത്യ ജയിച്ചത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഒട്ടും പിഴച്ചില്ല. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും ശുഭ്മന്‍ ഗില്ലും കത്തിക്കയറിയതോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നു.

പരമ്പരയിലെ ആദ്യ മത്സരത്തിന് സമാനമായിട്ടായിരുന്നു ഓപ്പണിങ് കൂട്ടുകെട്ടുയര്‍ന്നത്. അര്‍ധ സെഞ്ച്വറി നേടി ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 113ല്‍ എത്തിയിരുന്നു. ശിഖര്‍ ധവാന്‍ പുറത്തായെങ്കിലും ഉപനായകന്‍ ശ്രേയസ് അയ്യരിനെ കൂട്ടുപിടിച്ച് ഗില്‍ സ്‌കോര്‍ ഉയര്‍ത്തി.

199ല്‍ നില്‍ക്കുമ്പോഴായിരുന്നു ഇന്ത്യയുടെ അടുത്ത വിക്കറ്റ് നഷ്ടമായത്. 34 പന്തില്‍ നിന്നും 44 റണ്‍സുമായി അയ്യരായിരുന്നു മടങ്ങിയത്. അകീല്‍ ഹൊസൈന്റെ പന്തില്‍ കീമോ പോളിന് ക്യാച്ച് നല്‍കിയായിരുന്നു അയ്യരിന്റെ പുറത്താവല്‍.

പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവ് വീണ്ടും നിരാശപ്പെടുത്തി ആറ് പന്തില്‍ നിന്നും എട്ട് റണ്‍സുമായ സ്‌കൈ പെട്ടെന്ന് തന്നെ പവലിയനിലേക്ക് മടങ്ങി.

അഞ്ചാമനായി ഇറങ്ങിയ സഞ്ജു ഏഴ് പന്തില്‍ നിന്നും ആറ് റണ്‍സുമായി നില്‍ക്കുമ്പോള്‍ മഴയെത്തുകയായിരുന്നു. 98 പന്തില്‍ നിന്നും 98 റണ്‍സുമായി കത്തിക്കയറിയ ശുഭ്മന്‍ ഗില്ലിന് അര്‍ഹിച്ച സെഞ്ച്വറിയും ഇതോടെ നഷ്ടമായി.

കളി തടസ്സപ്പെടുമ്പോള്‍ 36 ഓവറില്‍ 225 റണ്‍സായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.

ഡക്ക് വര്‍ത്ത് ലൂയീസ് നിയമപ്രകാരം വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ച് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് കാര്യമായി ഒന്നും തന്നെ ചെയ്യാനായില്ല.

നാല് പേര്‍ മാത്രം വിന്‍ഡീസ് നിരയില്‍ ഇരട്ടയക്കം കണ്ടപ്പോള്‍ നാല് പേര്‍ സംപൂജ്യരായി പുറത്തായി.

42 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ നിക്കോളാസ് പൂരനും ബ്രാന്‍ഡന്‍ കിങ്ങുമാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍മാര്‍. 22 റണ്ണെടുത്ത ഷായ് ഹോപ്പും 10 റണ്‍സ് നേടിയ ഹെയ്ഡന്‍ വാല്‍ഷ് ജൂനിയറുമാണ് ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.

ഓപ്പണര്‍ കൈല്‍ മയേഴ്‌സ്, ഷമാ ബ്രൂക്‌സ്, കീമോ പോള്‍, ജെയ്ഡന്‍ സീല്‍സ് എന്നിവരാണ് പൂജ്യത്തിന് പുറത്തായ താരങ്ങള്‍. ഒടുവില്‍ 26 ഓവറില്‍ വിന്‍ഡീസ് 137 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ 119 റണ്‍സിന്റെ കൂറ്റന്‍ ജയവും ഇന്ത്യ സ്വന്തമാക്കി.

ശുഭ്മന്‍ ഗില്‍ തന്നെയാണ് കളിയിലെയും പരമ്പരയിലെയും താരം.

മൂന്നാം മത്സരവും ജയിച്ചതോടെ ഒരു സൂപ്പര്‍ റെക്കോഡാണ് ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ തേടിയെത്തിയിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസില്‍ വെച്ച് പരമ്പര 3-0ന് ക്ലീന്‍ സ്വീപ് ചെയ്ത് നേടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് ഗബ്ബര്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഏകദിന പരമ്പരയിലെ വൈറ്റ് വാഷ് വിജയത്തിന് ശേഷം ജൂലൈ 29 മുതല്‍ നടക്കുന്ന ടി-20 പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

 

Content Highlight: India clean sweeps West Indies and won the series for 3-0, captain Shikhar Dhawan with a unique record