ന്യൂദല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ നായിഡുവിന്റെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിന്റെ പേരില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ വീണ്ടും തര്‍ക്കം ഉടലെടുത്തു. സന്ദര്‍ശനത്തെ എതിര്‍ത്ത ചൈനയുടെ നിലപാട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളി.
അരുണാചല്‍ പ്രദേശ് തെക്കന്‍ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ വാദം. എന്നാല്‍ സംസ്ഥാനം ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദര്‍ ബാഗ്ചി പ്രസ്താവന നടത്തി.
ഈ മാസം ഒന്‍പതിനായിരുന്നു വെങ്കയ്യ നായിഡു അരുണാചല്‍ സന്ദര്‍ശനം നടത്തിയത്. വടക്കുകിഴക്കന്‍ പര്യടനത്തിനിടെയായിരുന്നു രണ്ട് ദിവസത്തെ സന്ദര്‍ശനം.
സംസ്ഥാനത്തെ നിയമസഭാ പ്രത്യേകസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ ചൈനീസ് വിദേശകാര്യ മന്ത്രാലയം വിമര്‍ശിക്കുകയായിരുന്നു.
കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉപരാഷ്ട്രപതിയുടെ അരുണാചല്‍ സന്ദര്‍ശനത്തിന്മേലുള്ള പുതിയ തര്‍ക്കം. അതിര്‍ത്തി പ്രശ്‌നങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സങ്കീര്‍ണതയുണ്ടാക്കുന്ന നടപടികളില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്നായിരുന്നു വെങ്കയ്യ നായിഡുവിന്റെ അരുണാചല്‍ സന്ദര്‍ശനത്തെ സൂചിപ്പിച്ച് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്.
എന്നാല്‍ ഇന്ത്യയിലെ മറ്റ് ഏതൊരു സംസ്ഥാനവും സന്ദര്‍ശിക്കുന്ന പോലെയാണ് അരുണാചല്‍ സന്ദര്‍ശനമെന്നും രാജ്യത്തെ ഒരു നേതാവ് അവിടെ സന്ദര്‍ശിക്കരുതെന്ന് ചൈന പറയുന്നത് യുക്തിക്ക് നിരക്കാത്തതാണെന്നുമായിരുന്നു അരിന്ദര്‍ ബാഗ്ചിയുടെ പ്രതികരണം.
ഉഭയകക്ഷി കരാറുകള്‍ ലംഘിച്ച് ചൈന നടത്തുന്ന ഇടപെടലുകളാണ് ഇന്ത്യ-ചൈന പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണാന്‍ ചൈന പ്രവര്‍ത്തിക്കണമെന്നും ബാഗ്ചി പറഞ്ഞു.