| Monday, 25th January 2021, 4:48 pm

സിക്കിം അതിർത്തിയിൽ ഏറ്റുമുട്ടി ഇന്ത്യയും ചൈനയും; '56 ഇഞ്ചിന്' ചൈനയെന്ന വാക്കെങ്കിലും പറഞ്ഞു തുടങ്ങാമെന്ന് വിമർശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സിക്കിം അതിർത്തിയിൽ ഏറ്റമുട്ടി ഇന്ത്യ-ചൈന സേനകൾ. സിക്കിമിലെ നാഖുലയില്‍ മൂന്ന് ദിവസം മുന്‍പുണ്ടായ ഏറ്റുമുട്ടലില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്.

ഇന്ത്യ- ടിബറ്റ് അതിര്‍ത്തിയായ നാഖുലയില്‍ ചൈനയുടെ ഒരു പട്രോള്‍ സംഘം നിയന്ത്രണ രേഖ മുറിച്ച് കടന്നതാണ് പ്രകോപന കാരണം. തുടര്‍ന്ന് ഇരു കൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. സായുധമായ ഏറ്റുമുട്ടല്‍ നടന്നില്ലെന്നാണ് വാർത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തില്‍ 20 ചൈനീസ് സൈനികര്‍ക്കും നാല് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റു എന്നാണ് റിപ്പോർട്ടുകൾ. ആരുടെയും നില ഗുരുതരമല്ല.

എന്നാൽ അതിർത്തിയിൽ വീണ്ടും സംഘർഷമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാൻ പ്രതിരോധ മന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സംഘർഷത്തെക്കുറിച്ച് പ്രതിപാദിക്കാതെ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിൽ ഒൻപതാം വട്ട സൈനിക തല ചര്‍ച്ച നടന്നതിന് തൊട്ടുമുന്‍പാണ് ആക്രമണമുണ്ടായത്. ഇതുവരെ നടന്ന ചർച്ചയില്‍ സമവായമായില്ലെങ്കിലും ഏറ്റുമുട്ടല്‍ സാഹചര്യം ഒഴിവാക്കണമെന്ന നിര്‍ദേശമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. പതിനാറ് മണിക്കൂര്‍ നീണ്ട ഒന്‍പതാം വട്ട ചര്‍ച്ചയിൽ സമ്പൂര്‍ണ്ണ പിന്മാറ്റമെന്ന ആവശ്യം ഇന്ത്യ മുന്നോട്ട് വെച്ചെങ്കിലും ചൈന അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ഏറ്റുമുട്ടൽ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെതിരെ വലിയ വിമർശനമാണ് ഉയർന്നുവരുന്നത്. ചൈനയുടെ കയ്യേറ്റത്തിൽ പേടിച്ച് പ്രധാനമന്ത്രി ഒന്നും മിണ്ടുന്നില്ലെന്നാണ് പ്രതിപക്ഷ ആരോപണം. ചൈന ഇന്ത്യൻ ഭൂപ്രദേശം കയ്യേറി തങ്ങളുടെ ഇടം വികസിപ്പിക്കുകയാണ്. എന്നിട്ടും പ്രധാനമന്ത്രി ഇതുവരെ ഒരക്ഷരം പോലും മിണ്ടിയില്ലെന്ന് വിഷയത്തിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി പ്രതികരിച്ചു.

മാസങ്ങളായി അമ്പത്താറിഞ്ചുകാരൻ ചൈനയെന്ന വാക്കു പോലും മിണ്ടിയിട്ടില്ല. അദ്ദേഹത്തിന് ചൈനയെന്ന വാക്കെങ്കിലും ഉച്ഛരിച്ച് തുടങ്ങാമെന്നും രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു.
നേരത്തെ അരുണാചൽപ്രദേശിൽ ചൈന ​ഗ്രാമം നിർമ്മിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനോടും ഇന്ത്യ പ്രതികരണങ്ങൾ നടത്തിയിരുന്നില്ല. അതേസമയം അരുണാചലിനെ ഇന്ത്യൻ ഭൂപ്രദേശമായി ചൈന അം​ഗീകരിച്ചിട്ടില്ലെന്നായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India, China troops in ‘minor face-off’ at disputed Sikkim border

We use cookies to give you the best possible experience. Learn more