ന്യൂയോര്‍ക്ക്: ഇന്ത്യ-ചൈന ബന്ധം ഏഷ്യയുടെ ഭാവി ബന്ധത്തിന് വളരെ പ്രധാനമാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യ-ചൈന ബന്ധം ലോകത്തെ മുഴുവന്‍ സ്വാധീനിക്കുമെന്നും രണ്ട് രാജ്യങ്ങളുടെയും സമാന്തരമായ ഉയര്‍ച്ചയ്ക്കും കാരണമാകുമെന്നും എസ്.ജയശങ്കര്‍ വ്യക്തമാക്കി. ന്യൂയോര്‍ക്കിലെ ഏഷ്യാ സൊസൈറ്റി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഷ്യയുടെ മാറ്റത്തിനും ലോകത്താകമാനമുള്ള രാജ്യങ്ങള്‍ക്കും ഇന്ത്യയുടെ ഉയര്‍ച്ച നിര്‍ണായകമാവുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
‘ഇന്ത്യ-ചൈന ബന്ധം ഏഷ്യയുടെ ഭാവിക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു. ഈ ബന്ധം ഏഷ്യയുടെ ഭാവിക്കും ഉയര്‍ച്ച സൃഷ്ടിക്കും. അതിനാല്‍ ഇന്ത്യ-ചൈന ബന്ധം ഏഷ്യയുടെ ഭാവിയെ മാത്രമല്ല, ലോകത്തിന്റെ ഭാവിയെയും സ്വാധീനിക്കും,’ എസ്.ജയശങ്കര്‍ പറഞ്ഞു.
ആസിയാന്‍ അടിസ്ഥാനമാക്കിയുള്ള ആക്ട് ഈസ്റ്റ് പോളിസിയാണ് ഇന്ത്യ നേരത്തേ പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ കാലയളവില്‍ ആ പോളിസി ആസിയാന് അപ്പുറത്തേക്ക് വ്യാപിക്കുകയായിരുന്നെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
‘ഇന്‌ഡോ-പസഫികിന്റെ വരവ് തന്ത്രപരമായ സ്ട്രാറ്റജിയായിരുന്നു. ഇത് ആക്ട് ഈസ്റ്റ് പോളിസിയുടെ വിജയമായിരുന്നു. കൂടാതെ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയുമായുള്ള ബന്ധം വ്യാപിപ്പിക്കാനും സഹായിച്ചു. അതിനാല്‍ ഇന്ന് ക്വാഡിലെ ശക്തമായ പങ്കാളിയായി തുടരുകയും ചെയ്യുന്നുണ്ട്, ‘ ജയശങ്കര്‍ വ്യക്തമാക്കി.
അതേസമയം ഗള്‍ഫ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള ബന്ധം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സമ്പത്തിക ഇടനാഴിയിലൂടെയുള്ള ബന്ധവും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
ത്രിരാഷ്ട്ര ഹൈവേ എന്ന് വിളിക്കപ്പെടുന്ന മ്യാന്‍മറിലൂടെ പസഫിക്കിലേക്ക് കണക്റ്റിവിറ്റി നിര്‍മ്മിക്കാന്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും അതിനിടയിലും ഇതിനായുള്ള പരിശ്രമങ്ങള്‍ ഇന്ത്യ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: INDIA-CHINA ties vital for future of countries around the world: S. JAYASANKAR