ന്യൂദല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
കിഴക്കന്‍ ലഡാക്കിലെ പാംഗോംഗ്‌സോ പ്രദേശത്ത് നിന്ന് ചൈനീസ് സൈന്യത്തെ പിന്‍വലിക്കാനുള്ള രീതികള്‍ ആവിഷ്‌കരിക്കുന്നതിനായി ഇന്ത്യയും ചൈനയും അടുത്തയാഴ്ച ഉന്നതതല സൈനിക ചര്‍ച്ചകള്‍ നടത്തുമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചതായാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ സ്ഥലങ്ങളില്‍ നിന്ന് സൈനികരെ മാറ്റാന്‍ രണ്ട് സൈന്യങ്ങളുടെയും മുതിര്‍ന്ന സൈനിക മേധാവികള്‍ ഇതുവരെ നാല് ഘട്ട ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
ഗല്‍വാന്‍ താഴ്വരയില്‍ നിന്നും മറ്റ് ചില സംഘട്ടന മേഖലകളില്‍ നിന്നും ചൈനീസ് സൈന്യം പിന്മാറിയെങ്കിലും സൈനികരുടെ പിന്മാറ്റം ഇന്ത്യ ആവശ്യപ്പെടുന്നതനുസരിച്ച് പാംഗോംഗ് സോ പ്രദേശത്തെ ഫിംഗര്‍ 5 ല്‍ നിന്ന് ഫിംഗര്‍ 8 ലേക്ക് മുന്നോട്ട് പോയിട്ടില്ലെന്ന് ഇന്ത്യാ- ചൈന വിഷയം നിരീക്ഷിക്കുന്ന കേന്ദ്രങ്ങള്‍ പറയുന്നു.
അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യാ- ചൈനാ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു.
സംഘര്‍ഷത്തിന് പിന്നാലെ ബോയിക്കോട്ട് ചൈനാ മുദ്രാവാക്യം ഇന്ത്യയില്‍ ഉയര്‍ന്നുവന്നിരുന്നു. തൊട്ടുപിന്നാലെ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി 59 ചൈനീസ് ആപ്പ് ഇന്ത്യ നിരോധിക്കുകയും ചെയ്തിരുന്നു.
ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്‌നത്തിന് പൂര്‍ണമായും ഒരു പരിഹാരം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം എപ്പോല്‍ അവസാനിപ്പിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗും പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ