| Friday, 19th June 2020, 3:17 pm

ഇന്ത്യയും ചൈനയും നേര്‍ക്കു നേര്‍ നില്‍ക്കുമ്പോള്‍  നിങ്ങളറിയേണ്ടത്

ശ്രിന്‍ഷ രാമകൃഷ്ണന്‍

1962 ലെ ഇന്ത്യ ചൈന യുദ്ധത്തിന് ശേഷം ആദ്യമായി അതിര്‍ത്തിയിലേക്ക് വലിയ സൈനിക സന്നാഹങ്ങളെത്തുന്നു
ഏറ്റുമുട്ടുന്നത് രണ്ട് ആണവ ശക്തികള്‍
അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ, 20 ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുന്നു

ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച്ച രാത്രി ചൈനീസ് സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു കേണലടക്കം 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി കരസേനയുടെ സ്ഥിരീകരണം വന്നിരിക്കുകയാണ്. അതിര്‍ത്തി തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്‍ഡര്‍ തല ചര്‍ച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയാണ് സംഘര്‍ഷം. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട ആശങ്കയുളവാക്കുന്ന വാര്‍ത്തകള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പുറത്ത് വരുന്ന സാഹചര്യത്തില്‍ വളരെ ലളിതമായ രീതിയില്‍ ഇന്ത്യ ചൈന ലൈന്‍ ഓഫ് ആക്ച്ച്വല്‍  കണ്‍ട്രോളില്‍ ഇപ്പോള്‍ രൂപപ്പെട്ട പ്രത്യേക സാഹചര്യം ഡൂള്‍ എക്സ്പ്ലെയിനര്‍ പരിശോധിക്കുകയാണ്.

നാല്‍പ്പത്തിയഞ്ച് വര്‍ഷക്കാലത്തോളം ശാന്തമായി നിന്ന ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ആഴ്ച്ചകളായി നീണ്ടു നിന്ന സംഘര്‍ഷാവസ്ഥയ്ക്കൊടുവിലാണ് 20 പട്ടാളക്കാര്‍ കൊല്ലപ്പെട്ടത്.

ഇന്ത്യയും ചൈനയും തമ്മില്‍ കൃത്യമായി നിര്‍വചിക്കപ്പെട്ട അതിര്‍ത്തി രേഖ ഇല്ല എന്നതാണ് വസ്തുത. ഉദാഹരണത്തിന് പാകിസ്താനുമായി ഇന്ത്യയ്ക്കുള്ളത് എല്‍.ഒ.സി അഥവാ ലൈന്‍ ഓഫ് കണ്‍ട്രോള്‍ ആണ്. ഇത് കൃത്യമായി നിര്‍വചിക്കപ്പെട്ടതാണ്. എന്നാല്‍
ഇന്ത്യയുടേയും ചൈനയുടേയും നിയന്ത്രണത്തിലുള്ള പ്രദേശത്തെ വേര്‍തിരിക്കുന്ന അതിര്‍ത്തിക്ക് ഒരു പ്രത്യേകതയുണ്ട്. ഇതിനെ ലൈന്‍ ഓഫ് ആക്ച്ച്വല്‍ കണ്‍ട്രോള്‍ എന്നാണ് പറയുക. ഈ അതിര്‍ത്തിക്ക് 3488 കിലോമീറ്റര്‍ നീളമുണ്ടെന്ന് ഇന്ത്യ അവകാശപ്പടുമ്പോള്‍ 2000 കിലോമീറ്റര്‍ മത്രമേ ഉള്ളുവെന്നാണ് ചൈന പറയുന്നത്.

ഈ ലൈന്‍ ഓഫ് ആക്ച്ച്വല്‍ കണ്‍ട്രോള്‍ അഥവാ എല്‍.എ.സിയെ പ്രധാനമായും മൂന്നായാണ് തിരിച്ചിരിക്കുന്നത്. അരൂണാചല്‍ പ്രദേശ്, സിക്കിം, എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന കിഴക്കന്‍ മേഖല, ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും മധ്യമേഖല, ലഡാക്കിലെ പടിഞ്ഞാറന്‍ മേഖല എന്നിവയാണ് ഇവ.

ഇപ്പോള്‍ ഗാല്‍വാന്‍ താഴ്‌വര യുദ്ധഭീതിയിലായിരിക്കുന്ന സാഹചര്യം മനസിലാകണമെങ്കില്‍ നമ്മള്‍ ജമ്മുകശ്മീരിന്റെ മാപ്പില്‍ നിന്ന് തുടങ്ങേണ്ടിവരും.

ഇവിടെ കാണുന്ന ഈ ഡോട്ടഡ് ലൈനാണ് ലൈന്‍ ഓഫ് ആക്ച്ച്വല്‍ കണ്‍ട്രോള്‍. ഇവിടെയാണ് ഇപ്പോള്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഗാല്‍വാന്‍ ഫെയ്സ് പോയിന്റ് ഉള്ളത്. ഇവിടെ നടന്ന സംഘര്‍ഷങ്ങളിലാണ് ആന്ധ്രപ്രദേശ് സ്വദേശിയായ കേണല്‍ ബി.സന്തോഷ് ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്.

ഇത് ലഡാക്ക്, ഈ കാണുന്നത് ലേ, രാജ്യത്തെ വിനോദ സഞ്ചാര മേഖലയില്‍ വലിയ പ്രധാന്യമുള്ള പ്രദേശമാണ് ഇവ രണ്ടും. നിരവധി ബോളിവുഡ് സിനിമകളും ഗാനരംഗങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

ഇതിന്റെ കുറച്ചു മുകളിലായി ദര്‍ബുക്ക് കാണാം. ദര്‍ബുക്കില്‍ നിന്ന് ഇന്ത്യ ദൗലത് ബേഗ് ഓള്‍ഡിയിലേക്ക് റോഡ് നിര്‍മ്മിച്ചതാണ് ചൈനയുടെ നീരസത്തിന്റെ പ്രധാന കാരണമെന്ന് നിരീക്ഷണമുണ്ട്. വേറയെും നിരീക്ഷണങ്ങളുണ്ട് അവ നമുക്ക് പിന്നീട് വിശദമായി പരിശോധിക്കാം.
ഇതിനെ ഡി.എസ്.ഡി.ബി.ഒ റോഡ് എന്നും പറയാറുണ്ട്. ചൈനയുടെ എതിര്‍പ്പ് നിലനില്‍ക്കുന്ന പശ്ചാലത്തില്‍ തന്നെ ഡി.എസ്ഡി.ബി.ഒ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നാണ് കേന്ദ്രമന്ത്രി വി.കെ സിങ് വ്യക്തമാക്കിയത്. 255 കിലോമീറ്റര്‍ ദൂരത്തിലുള്ള തന്ത്രപ്രധാനമായ റോഡാണ് ഡി.എസ്.ഡി.ബി.ഒ. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്  പോകുന്നത്.

ഡി.എസ്.ഡി.ബി.ഒ റോഡ് എന്ത് കൊണ്ടാണ് ഇന്ത്യയ്ക്ക് പ്രധാനം

ഡി.എസ്.ഡി.ബി.ഒ റോഡ് പോകുന്നത് സിയാച്ചിനിലേക്കാണ്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്കും പാകിസ്താനും ചൈനയ്ക്കും പ്രധാനപ്പെട്ടതാണ് ഇന്ത്യ ഇപ്പോള്‍ നിര്‍മ്മിക്കുന്ന ഈ റോഡ്. ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിന് സമാന്തരമായി ഉയര്‍ന്ന പ്രദേശങ്ങളില്‍ കൂടി കടന്നുപോകുന്ന ഈ റോഡ് നിര്‍മ്മിക്കാന്‍ ഏകദേശം രണ്ട് പതിറ്റാണ്ടോളം സമയമെടുത്തു. പതിമൂവായിരം അടിമുതല്‍ പതിനാറായിരം അടിവരെ ഉയര്‍ന്ന പ്രദേശമാണിത്.

ഈ നീല നിറത്തിലുള്ളതാണ് ഗാല്‍വാന്‍ നദി. ഇവിടെ തന്നെ ഇന്ത്യന്‍ ആര്‍മിക്ക് ഒരു താവളമുണ്ട്.  പക്ഷേ ഇതിന്റെ എതിര്‍വശത്ത് കാണുന്ന ഈ ഭാഗത്ത് ചൈന അവരുടെ റോഡ് നിര്‍മ്മിച്ചിട്ടുണ്ട്.

ഗാല്‍വാന്‍ നദിയുടെ തീരത്ത് തന്നെയായി ചൈനയക്ക് മറ്റൊരു സൈനിക പോസ്റ്റ് ഉണ്ട്. ഇപ്പോള്‍ ചൈന കയ്യേറിയ ഗാല്‍വാന്‍ താഴ്‌വരയിലെ പ്രദേശം വളരെ ഉയര്‍ന്നതായത് കൊണ്ട് തന്നെ ഇന്ത്യയുടെ നീക്കങ്ങളെ ഇവിടെ നിന്ന് കൃത്യമായി നിരീക്ഷിക്കാന്‍ ചൈനയ്ക്ക് സാധിക്കും.

ലൈന്‍ ഓഫ് ആക്ച്ച്വല്‍ കണ്‍ട്രോള്‍ ലംഘിച്ചെത്തിയ ചൈനീസ് ആര്‍മി പിന്‍വാങ്ങാന്‍ സമ്മതിച്ചുവെന്നും,  ഇന്ത്യന്‍ ആര്‍മി ചീഫ് തന്നെ ആവര്‍ത്തിക്കുന്ന സന്ദര്‍ഭത്തിലാണ് രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ വലിയ വെല്ലുവിളിയുയര്‍ത്തികൊണ്ട് സംഘര്‍ഷാവസ്ഥ മൂര്‍ധന്യത്തിലെത്തുന്നത്. ഇത് വ്യക്തമാക്കുന്നത് ചൈന ഒരു സംഘര്‍ഷത്തിന് തയ്യാറായാണ് നില്‍ക്കുന്നത് എന്നാണ്. ഇതിന് പുറമെ ഇന്ത്യയുമായി രമ്യമായ ബന്ധത്തിലായിരുന്ന നേപ്പാള്‍ പോലും ഇന്ത്യന്‍ ഭൂപ്രദേശം ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ട് മാപ്പ് തയ്യാറാക്കുകയും അതിന് ഭരണഘടനാപരമായ അനുമതി പാര്‍ലമെന്റില്‍ പാസാക്കിയെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നില്‍ ചൈന നല്‍കുന്ന പിന്തുണയാണ് എന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.  ഇന്ത്യപോലെ വലിയ സൈനിക ശക്തിയുള്ള രാജ്യത്തെയാണ് നേപ്പാള്‍ ഇതുകൊണ്ട്  പരസ്യമായി വെല്ലുവിളിച്ചത്.

ഗാല്‍വാനിലെ പോലെ തന്നെ തര്‍ക്കപ്രദേശമായി നിലനില്‍ക്കുന്ന മറ്റൊരിടമാണ് പാംഗോങ്ങ്‌ തടാകം. ത്രീ ഇഡിയറ്റ്‌സ് എന്ന അമീര്‍ഖാന്‍ ചിത്രത്തിന്റെ അവസാന രംഗം ചിത്രീകരിച്ചത് ഇവിടെ വച്ചാണ്.  അഞ്ച് കിലോമീറ്റര്‍ നീളമാണ് പാന്‍ഗോങ് തടാകത്തിനുള്ളത്. ഇതിന്റ 60 ശതമാനവും ചൈനയുടെ പരിധിയിലാണ്. പാന്‍ഗോങ് നദിയുടെ വശങ്ങളിലായി കൂര്‍ത്ത് നില്‍ക്കുന്ന ഭാഗത്തെ ഫിംഗേഴ്‌സ് എന്നാണ് വിളിക്കുന്നത്.

ഇന്ത്യയുടെ അധീനതയിലാണ് ഫിംഗര്‍ എട്ട് വരെയുള്ള പ്രദേശങ്ങള്‍. നിലവില്‍ ഫിംഗര്‍ നാല് വരെയുള്ള സ്ഥലം ചൈന കയ്യേറുകയും ഫിംഗര്‍ 8 വരെയുള്ള പ്രദേശങ്ങളില്‍ ഇന്ത്യന്‍ ആര്‍മിയെ പട്രോളിങ്ങിന് അനുവദിക്കാത്തതുമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. പാംഗോങ്ങില്‍ മെയ് അഞ്ചിനാണ് ഇപ്പോള്‍ രൂപപ്പെട്ട ഈ തര്‍ക്കങ്ങളുടെ തുടക്കം ആരംഭിക്കുന്നത്. വരും  ദിവസങ്ങളില്‍ പാംഗോങ്ങിലേക്ക് സംഘര്‍ഷം നീങ്ങാനുള്ള സാധ്യതകള്‍ കൂടുതലാണെന്നും നിരീക്ഷണങ്ങളുണ്ട്.

എന്ത് കൊണ്ട് ഇപ്പോള്‍ പ്രകോപനപരമായ അന്തരീക്ഷം രൂപപ്പെടുന്നു

ഇതുമായി ബന്ധപ്പെട്ട് കൃത്യമായ ധാരണകളില്ലെങ്കിലും വ്യത്യസ്ത തരത്തിലുള്ള നിരീക്ഷണങ്ങളാണ് നിലനില്‍ക്കുന്നത്. വുഹാനിലും മഹാബലിപുരത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും നടത്തിയ ഉച്ചകോടികളില്‍ ധാരണയായ പെരുമാറ്റ മര്യാദകളുടെ ലംഘനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.

ജമ്മുകശ്മീരില്‍ ഇന്ത്യ സ്വീകരിച്ച നടപടികളാണ് ചൈനയെ പ്രകോപിച്ചത് എന്നൊരു വാദമുണ്ട്. ജമ്മു കശ്മീരിനെ വിഭജിച്ചതിലും ലഡാക്കിനെ യൂണിയന്‍ ടെറിറ്ററി ആക്കിയതിലും ചൈനയ്ക്ക് അതൃപ്തിയുണ്ട് എന്നും പറയപ്പെടുന്നു. കൊവിഡ് 19നുമായി  ബന്ധപ്പെട്ട വിഷയത്തില്‍ ചൈനയില്‍ തന്നെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഇതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരത്തില്‍ ചൈന ചെയ്യുന്നതെന്നും വാദങ്ങളുണ്ട്.  ഇപ്പോള്‍ തന്നെ   പാരസെല്‍ ദ്വീപസമൂഹത്തിനടുത്ത് ചൈന വിയറ്റ്‌നാമീസ് ഫിഷിംഗ് ബോട്ടുകളെ തടഞ്ഞുനിര്‍ത്തി, തര്‍ക്ക ദ്വീപുകള്‍ നിയന്ത്രിക്കുന്നതിന് രണ്ട് പുതിയ മുനിസിപ്പല്‍ ജില്ലകളെ പ്രഖ്യാപിച്ചു,  മലേഷ്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് നുഴഞ്ഞുകയറി, തായ്വാന്‍ കടലിടുക്കിലെ ശരാശരി രേഖ മറികടന്നു, ഫിലിപ്പീന്‍സില്‍ നിന്നുള്ള വാണിജ്യ കപ്പലുകളെ ആക്രമിച്ചു. ഇത്തരത്തില്‍ പല നിര്‍ണായക നീക്കങ്ങളും ചൈന നടത്തുന്നുണ്ട്.

ഇന്ത്യ നിര്‍മ്മിക്കുന്ന ഡി.എസ്.ഡി.ബി.ഒ റോഡ് നിര്‍മ്മാണമാണ് മറ്റൊരു കാരണമെന്നും വിലയിരുത്തലുണ്ട്. ഇന്ത്യാ-യു.എസ് സൗഹൃദവും ഇന്‍ഡോ-പെസഫിക് മേഖലയില്‍ അതു വരുത്താനിടയുള്ള  മാറ്റങ്ങളുമുള്‍പ്പെടെ ചൈനയെ അസ്വസ്ഥമാക്കുന്ന പല കാരണങ്ങളും കടന്നു കയറ്റത്തിന് കാരണമായേക്കാമെന്ന രീതിയിലും നിരീക്ഷണങ്ങള്‍ പുറത്ത് വരുന്നു.

ഇന്ത്യയും ചൈനയും അയല്‍ക്കാരായ രണ്ട് രാജ്യങ്ങള്‍. 1962ലെ യുദ്ധത്തിന് ശേഷം  അതിര്‍ത്തിയില്‍ ഏറെക്കുറെ സമാധാനം നിലനിര്‍ത്താന്‍ കഴിഞ്ഞ 45 വര്‍ഷമായി കഴിഞ്ഞിരുന്നു. 2018ല്‍ രൂപപ്പെട്ട ദോക്് ലാം സംഘര്‍ഷത്തിലും രമ്യതയിലെത്താന്‍  ഇരു രാജ്യങ്ങള്‍ക്കും സാധിച്ചിരുന്നു. എന്നാലിപ്പോള്‍ കൊവിഡ് പ്രതിരോധ ശ്രമത്തിനിടെയാണ് വീണ്ടും അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശ്രിന്‍ഷ രാമകൃഷ്ണന്‍