കള്ളപ്രചാരണം ഉറച്ച തീരുമാനങ്ങള്‍ക്ക് പകരമാകില്ല; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്‍മോഹന്‍ സിംഗ്
national news
കള്ളപ്രചാരണം ഉറച്ച തീരുമാനങ്ങള്‍ക്ക് പകരമാകില്ല; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്‍മോഹന്‍ സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd June 2020, 10:37 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗ്. കള്ള പ്രചാരണം നയതന്ത്രത്തിന് പകരമാകില്ലെന്നും അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പുറത്തുവിടരുതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചു കടന്നിട്ടില്ലെന്ന മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് മന്‍മോഹന്‍ സിംഗ് മോദിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ജീവത്യാഗം ചെയ്ത സൈനികരോട് നീതി പുലര്‍ത്തണമെന്നും പ്രശ്‌നത്തെ ഒറ്റക്കെട്ടായി നേരിടണമെന്നും പറഞ്ഞ സിംഗ് തെറ്റായ വിവരങ്ങള്‍ പുറത്തുവിടരുതെന്നും ആവശ്യപ്പെട്ടു.

” ഇരുപത് ധീര സൈനികര്‍ രാജ്യത്തിനായി അവരുടെ അവസാന ശ്വാസംവരെ പോരാടി. അവരുടെ ത്യാഗം വെറുതെയാകാന്‍ പാടില്ല. ഇപ്പോള്‍ എടുക്കുന്ന ഏതുതീരുമാനവും വരുന്ന തലമുറ വിലയിരുത്തും. പവിത്രമായ ഒരു കടമയാണ് രാജ്യം ഭരിക്കുന്ന നേതൃത്വത്തിന് നിര്‍വഹിക്കാനുള്ളത്. ജനാധിപത്യത്തില്‍ ഈ പരമമായ ഉത്തരവാദിത്തം ഉള്ളത് പ്രധാനമന്ത്രിക്കാണ്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി തന്റെ വാക്കുകളും പ്രഖ്യാപനങ്ങളും രാജ്യത്തിന്റെ സുരക്ഷ്‌ക്കും അഖണ്ഡതയ്ക്കും തന്ത്രപരമായ താല്പര്യങ്ങളും എന്ത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നത് മനസ്സില്‍വെച്ചുകൊണ്ടുമാത്രമെ സംസാരിക്കാന്‍ പാടുള്ളൂ,” അദ്ദേഹം പറഞ്ഞു.

ഉറച്ച തീരുമാനങ്ങളും നയതന്ത്രവുമാണ് ഇപ്പോള്‍ വേണ്ടെന്നും പ്രധാനമന്ത്രിയുടെ വാക്കുകള്‍ മറയാക്കാന്‍ ചൈനയെ അനുവദിക്കരുതെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയിട്ടില്ലെന്ന് മോദി പറഞ്ഞതിന് പിന്നാലെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഇന്ത്യയുടെ മണ്ണ് ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും മറ്റാരുടെയും കയ്യിലില്ലെന്നുമാണ് മോദി പറഞ്ഞത്. എന്നാല്‍ ഇന്ത്യന്‍ അതിര്‍ത്തിയെ പ്രധാനമന്ത്രി ചൈനയുടെ അക്രമത്തിന് മുന്നില്‍ അടിയറവ് വെച്ചു,’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഇന്ത്യയില്‍ ചൈനീസ് പട്ടാളം കടന്നു കയറിയിട്ടില്ലെങ്കില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ എങ്ങനെ കൊല്ലപ്പെട്ടുവെന്നും രാഹുല്‍ ചോദിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ