| Thursday, 18th June 2020, 8:16 am

ഇന്ത്യ-ചൈന സംഘര്‍ഷം; സേനാതല ചര്‍ച്ചയില്‍ ധാരണയായില്ല, കനത്ത ജാഗ്രതയില്‍ ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗല്‍വാന്‍ താഴ്‌വരയിലെ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ ഇരു രാജ്യങ്ങളിലെയും മേജര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ച അനിശ്ചിത്വത്തില്‍.

‘ മേഖലയില്‍ അടിയന്തരമായ പിന്‍വലിയലോ മാറ്റങ്ങളോ നടന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ചര്‍ച്ചകള്‍ അവ്യക്തമായി തുടരുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ച നടത്തും,’ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്ര വിദേശ കാര്യമന്ത്രി എസ്.ജയശങ്കര്‍ ചൈനീസ് വിദേശ കാര്യമന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നിലവിലെ പ്രശ്‌നങ്ങള്‍ ഇരു രാജ്യങ്ങളുടെയും ഉഭയ കക്ഷി ബന്ധത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും സംഘര്‍ഷത്തിന് ചൈനീസ് സൈന്യം ഉത്തരവാദികളാണെന്നും ആരോപിച്ചിട്ടുണ്ട്.

മറു ഭാഗത്ത് ചൈനീസ് വിദേശകാര്യ മന്ത്രി ഫോണ്‍ സംഭാഷണത്തിന് ശേഷം ഇറക്കിയ പത്രക്കുറിപ്പില്‍ ആരാണ് സംഘര്‍ഷത്തിന് ഉത്തരവാദികളെന്നതില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് പറയുന്നുണ്ട്. ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും മുന്‍നിരയിലെ സൈനിക ട്രൂപ്പുകളെ നിയന്ത്രിക്കണമെന്നുമാണ് പ്രസ്താവനയില്‍ ഉള്ളത്. ഒപ്പം ഇന്ത്യയുമായുള്ള തര്‍ക്കത്തില്‍ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായെന്നും ചൈന പറയുന്നു.

എന്നാല്‍ ചൈനീസ് പ്രകോപനമാണ് സംഘര്‍ഷത്തിന് കാരണമായതെന്നതില്‍ ഉറച്ചു നില്‍ക്കുകയാണ് ഇന്ത്യ. ബുധനാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സേനാമേധാവിമാരുമായി നടത്തിയ ചര്‍ച്ചയില്‍ ജാഗ്രത കൂട്ടാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയിലെ എല്ലാ ഇന്ത്യന്‍ സേന ബേസ് ക്യാമ്പുകളിലും കനത്ത ജാഗ്രതയിലാണ്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും സേന നിലയുറപ്പിച്ചിട്ടുണ്ട്. ഒപ്പം അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ലഡാക്ക്, എന്നിവിടങ്ങളിലെല്ലാമുള്ള നിയന്ത്രണ രേഖയുടെ സമീപത്ത് അധിക ട്രൂപ്പുകളെ നിയോഗിക്കാനും ധാരണയായിട്ടുണ്ട്.

തിങ്കളാഴ്ചയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ 18 ഇന്ത്യന്‍സൈനികരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 4 പേരുടെ നില ഗുരുതരമായിരുന്നെങ്കിലും നിലവില്‍ ചികിത്സയോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ട്. 58 പേരടങ്ങിയ മറ്റൊരു സംഘം ഇന്ത്യന്‍ സൈനികര്‍ക്കും ചെറിയ പരിക്കുകള്‍ ഉണ്ട്. ഇവരും ചികിത്സയിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more