| Monday, 2nd December 2024, 11:23 am

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ പുരോഗതി എസ്. ജയശങ്കര്‍ ലോക്‌സഭയെ അറിയിക്കും; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട പുരോഗതികള്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇന്ന് ലോക്‌സഭയെ അറിയിക്കും. യഥാര്‍ത്ഥ നിയന്ത്രണ രേഖ കരാറിനെ തുടര്‍ന്ന് ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ബന്ധങ്ങളെ കുറിച്ചായിരിക്കും എസ്. ജയശങ്കര്‍ ഇന്ന് ശീതകാല സമ്മേളനത്തില്‍ പരാമര്‍ശിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

യഥാര്‍ത്ഥ നിയന്ത്രണ രേഖയെ സംബന്ധിച്ച് ഇന്ത്യയും ചൈനയും കരാറിലൊപ്പിട്ടതിന് ശേഷം നടത്തിയ ഉന്നതതല കൂടിക്കാഴ്ചകളെ കുറിച്ചും വിദേശകാര്യ മന്ത്രി ഇന്ന് സംസാരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് ബ്രസീലില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്‌സഭയില്‍ പരാമര്‍ശിക്കുമെന്നാണ് സൂചന.

ഒക്ടോബറില്‍ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് വിദേശകാര്യ മന്ത്രിമാരുടെ ഉന്നതതല യോഗം ചേര്‍ന്നത്.

ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയ ഇരു രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യഥാര്‍ത്ഥ നിയന്ത്രണരേഖ (എല്‍.എ.സി) കരാറിനെ കുറിച്ചും മറ്റ് ആഗോള വിഷയങ്ങളെ കുറിച്ചും ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇന്ത്യ- ചൈന അതിര്‍ത്തികളിലെ പുരോഗതികളും രാജ്യങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങളും ചര്‍ച്ച ചെയ്തതായും ജി20യിലും ബ്രിക്സ് ഉച്ചകോടിയിലും ഇരു രാജ്യങ്ങളുടെയും അന്താരാഷ്ട്ര തലത്തിലുളള ഇടപെടലുകളും പ്രാധാന്യവും ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും എസ്. ജയശങ്കര്‍ നേരത്തെ പറഞ്ഞിരുന്നു.

കിഴക്കന്‍ ലഡാക്കിലെ ഡെപ്സാങ്, ഡെംചോങ് മേഖലയില്‍ പട്രോളിങ് നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ഇന്ത്യയും ചൈനയും കരാറിലെത്തിയത്. കരാറില്‍ ഒപ്പിട്ടതോടെ ഇരു രാജ്യത്തെയും സൈന്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുകയുമായിരുന്നു.

ഇരു വശത്തുമുള്ള സൈന്യത്തെ പിരിച്ചുവിടുന്നതും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള എല്ലാ പ്രക്രിയയും ഒക്ടോബര്‍ 28, 29 തീയ്യതികളോടെ പൂര്‍ത്തിയാക്കുകയാണുണ്ടായത്.

2020ല്‍ ഗല്‍വാന്‍ അതിര്‍ത്തിയില്‍ ഇരു രാജ്യത്തിന്റെ സൈന്യങ്ങളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യ കരാര്‍ കൂടിയാണിത്.

Content Highlight: India-China border ceasefire progress S. Jaishankar will inform the Lok Sabha; Report

Latest Stories

We use cookies to give you the best possible experience. Learn more