| Friday, 13th April 2018, 8:44 am

India Change: 'മോദിയ്ക്ക് മുന്നൂ വര്‍ഷം മുന്നേ ഞാന്‍ വോട്ടു ചെയ്തിരുന്നു; ഈ സര്‍ക്കാരിനു വോട്ടുചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നു'; സര്‍ക്കാരിനെതിരെ ജനരോഷമിരമ്പുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും പ്രതികളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്ന ബി.ജെ.പി നേതൃത്വത്തിനും സര്‍ക്കാരിനുമെതിരെ രാജ്യത്ത് പ്രതിഷേധമിരമ്പുന്നു. ജമ്മുവിലെ കത്വയില്‍ എട്ടുവയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് ക്രൂരപീഡനത്തിനിരയാക്കി കൊലചെയ്തതിലും യു.പിയില്‍ യുവതിയെ ബി.ജെ.പി എം.എല്‍.എ പീഡിപ്പിച്ച സംഭവത്തിലും സര്‍ക്കാര്‍ പ്രതികള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കുന്നതിനെതിരെയാണ് ജനങ്ങള്‍ തിരിഞ്ഞിരിക്കുന്നത്.

ഇന്നലെ രാത്രി രാജ്യതലസ്ഥാനത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും ആഹ്വാനമില്ലാതെ പതിനായിരങ്ങളായിരുന്നു സ്ത്രീ സംരക്ഷണത്തിനായും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായും രംഗത്ത വന്നത്. സോഷ്യല്‍ മീഡിയയിയിലും മോദി സര്‍ക്കാരിനെതിരെ പൊതുജനങ്ങള്‍ തിരിയുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.

ഈ സര്‍ക്കാരിനു താന്‍ മുന്നേ വോട്ടു ചെയ്തിരുന്നെന്നും അതില്‍ ഇപ്പോള്‍ ഖേദിക്കുകയാണെന്ന് പറയുന്നയാളുകളും ഇനിയൊരിക്കലും ബി.ജെ.പിയെ പിന്തുണക്കില്ലെന്നു പറയുന്ന നിരവധി പോസ്റ്റുകളും ട്വിറ്ററിലും ഫേസ്ബുക്കിലും പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. “എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കുറ്റബോധം ഈ സര്‍ക്കാരിനു വോട്ടുചെയ്തു എന്നതാണ്. ഇനിയൊരിക്കലും ഞാനീ തെറ്റ് ആവര്‍ത്തിക്കില്ല” എന്നാണ് പ്രിയദര്‍ശി ശുക്ല എന്നൊരാള്‍ പറയുന്നത്. ഇദ്ദേഹത്തിന്റെ കമന്റിനു രണ്ടായിരത്തിലധികം റിയാക്ഷനുകളാണ് ലഭിച്ചിരിക്കുന്നത്.

രമന്‍ സിങ് എന്ന അക്കൗണ്ട് എട്ടുവയസുകാരിയുടെ ദയക്കായി യാചിച്ചാണ് രംഗത്തെത്തിയത്. ” എട്ടുവയസുകാരി ഞാന്‍ ആഴത്തില്‍ പശ്ചാത്തപിക്കുകയും നിങ്ങളുടെ ദയക്കായി യാചിക്കുകയും ചെയ്യുകയാണ്. കാരണം ഈ സര്‍ക്കാരിനു വോട്ടുചെയ്ത നിരവധിപേരില്‍ ഒരാളാണ് ഞാന്‍, മാപ്പ്.” എന്നാണ് രമന്‍ സിങ് പറയുന്നത്.

ബി.ജെ.പിയിലെ വനിതാ നേതാക്കള്‍ എവിടെയാണെന്നും അവര്‍ ഒന്നും സംഭവിച്ചില്ലെന്ന് പറയുകയാണോ അതോ ജനങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണോ എന്നുമാണ് ഹേമന്ത് ഗുരു എന്ന വ്യക്തി ചോദിക്കുന്നത്.

നേരത്തെ  കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കാശ്മീരിലെ ബി.ജെ.പി മന്ത്രിമാരുടെ നേതൃത്വത്തില്‍ ഹിന്ദു ഏക്ത മഞ്ച് ഇന്ത്യന്‍ ദേശീയ പതാകയുമേന്തി മാര്‍ച്ച് സംഘടിപ്പിടിപ്പിച്ചിരുന്നു. ജയ് ശ്രീറാം വിളികളോടെയായിരുന്നു ഹിന്ദു ഏക്താ മഞ്ചിന്റെ പ്രകടനം. കഴിഞ്ഞദിവസം കേസിലെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചീഫ് മജിസ്‌ട്രേട്ട് കോടതിയിലെത്തിയപ്പോഴും ഹിന്ദു ഏക്ത മഞ്ച് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ കോടതിക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെയായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം. അതേസമയം യു.പിയിലെ ബി.ജെ.പി എം.എല്‍.എ സെന്‍ഗാറിനെ യുവതിയെ പീഡിപ്പിച്ച കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഖ്‌നൗവിലെ വീട്ടില്‍വെച്ച് ഇന്നുരാവിലെയായിരുന്നു അറസ്റ്റ്.

We use cookies to give you the best possible experience. Learn more