ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ ആയിരുന്നെന്ന പാക്ക് മന്ത്രി ഫവാദ് ചൗധരിയുടെ പ്രസ്താവനയ്ക്ക് നന്ദി പറഞ്ഞ് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ വി.കെ സിങ്. പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് അവരുടെ ഒരു മന്ത്രി തന്നെ വെളിപ്പെടുത്തിയ പശ്ചാത്തലില്‍ എത്രയും പെട്ടെന്ന് പാക്കിസ്ഥാനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാക്ക് മന്ത്രി ഫവാദ് ചൗധരിയുടെ വെളിപ്പെടുത്തല്‍ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയുടെ നിലപാടിനെ ശരിവെക്കുന്നതാണെന്നും വി.കെ സിങ് പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട സത്യം വെളിപ്പെടുത്തിയതിന് ഞാന്‍ അദ്ദേഹത്തോട് നന്ദി പറയുകയാണ്. തുടക്കം മുതല്‍ തന്നെ ഞങ്ങള്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എല്ലാ തെളിവുകളും പാക്കിസ്ഥാനിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അന്ന് പാകിസ്ഥാനില്‍ അഭയം പ്രാപിച്ച തീവ്രവാദികള്‍ക്ക് ഇന്ത്യ മറുപടി നല്‍കിയെന്നും വി.കെ സിങ് പറഞ്ഞു.
പാക്കിസ്ഥാനെ എഫ്.എ.ടി.എഫ് (ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്) കരിമ്പട്ടികയില്‍ പെടുത്തേണ്ടതുണ്ടെന്നും ആരും പാക്കിസ്ഥാന് സഹായം നല്‍കരുതെന്നും വി.കെ സിങ് പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തിനുശേഷം കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും വി.കെ സിങ് രംഗത്തെത്തിയത്.
‘പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ അവകാശമുണ്ട്, എന്നാല്‍ ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു രാജ്യത്തോട് സ്‌നേഹം പ്രകടിപ്പിക്കുന്നവരെ എങ്ങനെയാണ് നമ്മള്‍ കണക്കാക്കേണ്ടത്? അവരെ രാജ്യവിരുദ്ധരായി കണക്കാക്കേണ്ടേ?’ എന്നായിരുന്നു വി.കെ സിങ് ചോദിച്ചത്.
ജമ്മുകശ്മീരിലെ പുല്‍വാമ ഭീകരാക്രമണം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭരണത്തിന്‍ കീഴിലുണ്ടായ വലിയ നേട്ടമാണെന്നായിരുന്നു പാക് ശാസ്ത്ര-സാങ്കേതിക മന്ത്രി ഫവാദ് ഹുസൈന്‍ ചൗധരി വ്യാഴാഴ്ച പറഞ്ഞത്. പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
‘ഇന്ത്യയെ ഞങ്ങള്‍ അവരുടെ തട്ടകത്തില്‍ കയറി അടിച്ചു. പുല്‍വാമയിലെ ഞങ്ങളുടെ വിജയം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിജയമാണ്. നിങ്ങളും ഞങ്ങളും ആ വിജയത്തിന്റെ ഭാഗമാണ്, എന്നായിരുന്നു ഫവാദ് ചൗധരി പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ പറഞ്ഞത്.
എന്നാല്‍ ചൗധരിയുടെ പ്രസ്താവനയ്ക്ക് ശേഷം സഭയില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ചൗധരി താന്‍ പറഞ്ഞതില്‍ തെറ്റുണ്ടെന്നും പുല്‍വാമ ആക്രമണത്തിന് ശേഷമാണ് ഇന്ത്യയില്‍ കയറി ആക്രമിച്ചതെന്നാണ് പറഞ്ഞതെന്നും ചൗധരി തിരുത്തി.
ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തികളില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയും കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയും തമ്മില്‍ നടന്ന കൂടിക്കാഴ്ച സംബന്ധിച്ച്, പ്രതിപക്ഷ നേതാവ് അയാസ് സാദിഖിന്റെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയാണ് ചൗധരിയുടെ വിവാദ പ്രസ്താവന.
2018 ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. പട്ടാളക്കാര്‍ സഞ്ചരിച്ച ട്രക്കിലേക്ക് ബോംബ് നിറച്ച കാറുമായി ചാവേര്‍ ആക്രമണം നടക്കുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതിന് തിരിച്ചടിയായി പാകിസ്താനിലെ ജയ്‌ഷെ മുഹമ്മദിന്റെ ക്യാമ്പുകള്‍ ആക്രമിച്ചതായി കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.
അതേസമയം ബാലാക്കോട്ടില്‍ ബി.ജെ.പി സര്‍ക്കാര്‍ അവകാശപ്പെടുന്ന തരത്തിലുള്ള ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു പാകിസ്ഥാന്‍ അറിയിച്ചത്. അത്തരമൊരു ആക്രമണം നടന്നതിന്റെ തെളിവുകളില്ലെന്ന തരത്തില്‍ രാജ്യാന്തര വാര്‍ത്ത ഏജന്‍സികളും റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക