ലോകത്തെ അണിനിരത്തി റഷ്യ- ഉക്രൈന്‍ യുദ്ധത്തിന് പരിഹാരം കാണാന്‍ ഇന്ത്യക്കാകും: ഇമ്മാനുവല്‍ മക്രോണ്‍
World
ലോകത്തെ അണിനിരത്തി റഷ്യ- ഉക്രൈന്‍ യുദ്ധത്തിന് പരിഹാരം കാണാന്‍ ഇന്ത്യക്കാകും: ഇമ്മാനുവല്‍ മക്രോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th February 2023, 9:19 pm

ന്യൂദല്‍ഹി: റഷ്യ-ഉക്രൈന്‍ യുദ്ധമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യയുടെ നേതൃത്വത്തിന്‍ കീഴില്‍ ലോകത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. എയര്‍ ബസില്‍ നിന്നും 250 വിമാനങ്ങള്‍ വാങ്ങാനുള്ള എയര്‍ ഇന്ത്യയുടെ കരാര്‍ പ്രഖ്യാപിക്കുന്ന വെര്‍ച്വല്‍ മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഉക്രൈനെതിരായ റഷ്യന്‍ ആക്രമണം നടക്കുന്ന ഈ ദുഷ്‌കരമായ ഘട്ടത്തില്‍ ഇന്ത്യയുടെ ജി-20 പ്രസിഡന്‍സി വിജയം കാണാനായി ഞങ്ങളും ഒപ്പം പ്രവര്‍ത്തിക്കും. ലോകത്തെ മുഴുവന്‍ ഒന്നിച്ച് അണിനിരത്താനും നമ്മുടെ മുമ്പിലുള്ള വലിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഇന്ത്യയുടെ നേതൃത്വത്തിന്‍ കീഴില്‍ സാധിക്കും,’ മക്രോണ്‍ പറഞ്ഞു.

റഷ്യയും ഉക്രൈനും തമ്മില്‍ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ നടത്തുന്ന ഏത് ശ്രമങ്ങളും സ്വാഗതം ചെയ്യുമെന്ന് അമേരിക്ക പറഞ്ഞതിന് പിന്നാലെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ പരാമര്‍ശങ്ങള്‍ വരുന്നത്.

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപരവും സൗഹൃദപരവുമായ ബന്ധത്തിലെ നാഴിക കല്ലാണ് എയര്‍ ബസില്‍ നിന്നും 250 വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനമെന്നും ഇത് പുതിയ ദിശയിലേക്കുള്ള ചുവട് വെപ്പായിരിക്കുമെന്നും മക്രോണ്‍ പറഞ്ഞു.

അധികം വൈകാതെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയാകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മീറ്റിങ്ങില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞത്.

‘ഇന്‍ഡോ- പസഫിക് മേഖലയിലെ സ്ഥിരതയിലും സുരക്ഷാവിഷയങ്ങളിലും ആഗോള ഭക്ഷ്യസുരക്ഷയിലും ആരോഗ്യമേഖലയിലും ഇന്ത്യയും ഫ്രാന്‍സും ഗുണപരമായ സംഭാവനയാണ് നല്‍കുന്നത്. ഉഡാന്‍ പദ്ധതി പ്രകാരം രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളെ വിമാന മാര്‍ഗം ബന്ധിപ്പിക്കുകയാണ്. ഇത് ജനങ്ങളുടെ സാമ്പത്തിക- സാമൂഹിക വികാസം ത്വരിതപ്പെടുത്തുന്നു,’ മോദി പറഞ്ഞു.

Content Highlight: india can solve the Russia-Ukraine war by mobilizing the world, says Emmanuel Macron