ലോകത്തിന് സമാധാനത്തിന്റെ പാതകാണിക്കാന്‍ ഇന്ത്യക്കാകും: മോഹന്‍ ഭാഗവത്
national news
ലോകത്തിന് സമാധാനത്തിന്റെ പാതകാണിക്കാന്‍ ഇന്ത്യക്കാകും: മോഹന്‍ ഭാഗവത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th October 2023, 3:42 pm

 

നാഗ്പൂര്‍: ഉക്രൈന്‍, ഇസ്രഈല്‍ യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ ലോകത്തിന് സമൃദ്ധിയുടെയും സമാധാനത്തിന്റെയും പാത കാണിക്കാന്‍ ഇന്ത്യക്കാകുമെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത്.

ലോകം നേരിടുന്ന വലിയ ഭീഷണിയാണ് മതഭ്രാന്തെന്നും വ്യക്തമായ വീക്ഷണമില്ലാതെ അഹങ്കാരത്തില്‍ നിന്ന് മുളയ്ക്കുന്ന ഈ മതഭ്രാന്തിനെ പ്രതിരോധിക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

നാഗ്പൂരില്‍ വിജയദശമിയുടെ ഭാഗമായി നടന്ന പരിപാടിയില്‍ ആര്‍.എസ്. എസ് പ്രവര്‍ത്തകരെ അഭിസംബോധ ചെയ്തകൊണ്ട് അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന തിയ്യതിയും ഭഗവത് വെളിപ്പെടുത്തി.

‘മതപരമായ വിഭാഗീയതയില്‍ നിന്ന് ഉടലെടുക്കുന്ന മതഭ്രാന്തിന്റെയും അഹങ്കാരത്തിന്റെയും വിപത്തിനെയാണ് ലോകം അഭിമുഖീകരിക്കുന്നത്. ഉക്രൈനിലെയും ഗസയിലെയും യുദ്ധം താല്‍പര്യങ്ങളും തീവ്രവാദങ്ങളും തമ്മിലുള്ള സംഘക്ഷത്തിന്റെ ഫലമാണ് . ഇതിന്റെ പരിഹാരം ഇപ്പോഴും അവ്യക്തമാണ്. പ്രകൃതിയില്‍ നിന്ന് വ്യതിചലിച്ച് ഉപഭോക്തൃ സംസ്‌കാരത്തിന്റെ ഭാഗമായത് മാനസികവും ശാരീരികമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്,’ ഭഗവത് പറഞ്ഞു.

ലോകം ഭാരതത്തിന്റെ മാതൃകക്കായി പ്രതീക്ഷയോടെ കാത്ത് നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീവ്രവാദം, ചൂഷണം, ഏകാധിപത്യം എന്നിവ നാശം വിതക്കുകയാണ്. വ്യക്തമായ വീക്ഷണങ്ങളില്ലാത്തതിനാല്‍ ഇവയെ പ്രതിരോധിക്കാന്‍ ലോകത്തിനാകുന്നില്ലെന്ന് വ്യക്തമാണ്. അതിനാല്‍ ലോകം ഇന്ത്യയെ നോക്കുകയാണ്. സംസ്‌കാരത്തിലും സനാധ ധര്‍മങ്ങളിലുമൂന്നിയ സമാധാനത്തിന്റെയും സമ്യദ്ധിയുടെയും പുതിയ പാത ഇന്ത്യ കാണിക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്ന് അദേഹം പറഞ്ഞു.

ചടങ്ങില്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന തിയ്യതിയും ഭഗവത് വെളിപ്പെടുത്തി.

‘രാമന്റെ ക്ഷേത്രം അയോധ്യയില്‍ പണിയുകയാണ് ….. ജനുവരി 22ന് രാമനെ ക്ഷേത്രത്തില്‍ പ്രതിഷ്ടിക്കും അന്ന് രാജ്യമുഴുവനുമുള്ള ക്ഷേത്രങ്ങളില്‍ പരിപാടി സംഘടിപ്പിക്കാം,’ അദ്ദേഹം പറഞ്ഞു

തന്റെ പ്രസംഗത്തില്‍ മണിപ്പൂരിനെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. മണിപ്പൂരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി കുക്കി മെയ്തി വിഭാഗം സമാധാനപരമായി അവിടെ താമസിക്കുകയാണെന്നും അതിനാല്‍ സംഘര്‍ഷം ബാഹ്യശക്തികള്‍ ആസൂത്രണം ചെയ്തതാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കള്‍ച്ചറല്‍ മാര്‍ക്‌സിസത്തെ സ്വാര്‍ത്ഥവും വിഭാഗീയവും വഞ്ചനനിറഞ്ഞതുമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വിഭാഗീയ താത്പര്യമുള്ളവര്‍ മാധ്യമങ്ങളുടെയും അക്കാദമികളുടെയും നിയന്ത്രണം ഏറ്റെടുത്ത് രാജ്യത്തെ ആശയ കുഴപ്പത്തിലേക്കും അരാജകത്വത്തിലേക്കും അഴിമതിയിലേക്കും തള്ളി വിടുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.

content highlight : India can show  new path to peace for the world Mohan Bhagwath