ജെയ്ഹിത്തിനൊപ്പം ഇന്ത്യക്ക് അടുത്ത റെക്കോഡും; ടെസ്റ്റിലെ ടി-20യില്‍ തോല്‍പിച്ചത് സംഗയുടെ ലങ്കയടക്കമുള്ളവരെ
Sports News
ജെയ്ഹിത്തിനൊപ്പം ഇന്ത്യക്ക് അടുത്ത റെക്കോഡും; ടെസ്റ്റിലെ ടി-20യില്‍ തോല്‍പിച്ചത് സംഗയുടെ ലങ്കയടക്കമുള്ളവരെ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 25th July 2023, 9:20 am

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മഴ മൂലം സമനിലയില്‍ കലാശിച്ചിരുന്നു. രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസം മഴയെടുത്തപ്പോള്‍ മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കി. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ആദ്യ പരമ്പര വിജയത്തോടെ തുടങ്ങാനും ഇന്ത്യക്കായി.

പരമ്പര നേട്ടത്തിനൊപ്പം നിരവധി റെക്കോഡുകളും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയിരുന്നു. അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറിയടിച്ച ജെയ്‌സ്വാളും, റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 3,000 റണ്‍സ് തികച്ച രോഹിത് ശര്‍മയും, കരിയറിലെ 76ാം സെഞ്ച്വറി നേട്ടവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും, 700 വിക്കറ്റ് മാര്‍ക് പിന്നിട്ട അശ്വിനും അടക്കമുള്ള താരങ്ങള്‍ തിളങ്ങിയ പരമ്പരയായിരുന്നു ഇത്.

ഇതിന് പുറമെ പല റെക്കോഡുകളും പരമ്പരയില്‍ പിറന്നിരുന്നു. അതിലൊന്നാണ് ലോങ്ങര്‍ ഫോര്‍മാറ്റിലെ ‘ഇന്ത്യയുടെ സെഞ്ച്വറി’ നേട്ടം. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 100 റണ്‍സ് തികയ്ക്കുന്ന ടീം എന്ന റെക്കോഡാണ് ഇന്ത്യ സ്വന്തമാക്കിയത്.

74 പന്തില്‍ സെഞ്ച്വറിയടിച്ചാണ് ഇന്ത്യ റെക്കോഡ് നേട്ടത്തില്‍ ഒന്നാമതെത്തിയത്. 22 വര്‍ഷം നീണ്ടുനിന്ന ശ്രീലങ്കയുടെ റെക്കോഡ് തകര്‍ത്താണ് ഇന്ത്യ ഈ റെക്കോഡ് സ്വന്തമാക്കിയത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 100 റണ്‍സ് തികച്ച ടീമുകള്‍ (നേരിട്ട ഓവറിന്റെ അടിസ്ഥാനത്തില്‍)

(ടീം – എതിരാളികള്‍ – 100 റണ്‍സ് തികയ്ക്കാന്‍ നേരിട്ട ഓവര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് – 12.2 ഓവര്‍ – 2023

ശ്രീലങ്ക – ബംഗ്ലാദേശ് – 13.2 ഓവര്‍ – 20014

ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക – 13.3 ഓവര്‍ – 1994

ബംഗ്ലാദേശ് – വെസ്റ്റ് ഇന്‍ഡീസ് – 13.4 ഓവര്‍ – 2012

ഇംഗ്ലണ്ട് – പാകിസ്ഥാന്‍ – 13.4 ഓവര്‍ – 2022

 

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്നിങ്‌സ് വിജയം സ്വന്തമാക്കിയിരുന്നു. രോഹിത്തിന്റെയും ജെയ്‌സ്വാളിന്റെയും സെഞ്ച്വറിയുടെയും അശ്വിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലുമാണ് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്.

ടെസ്റ്റ് പരമ്പര വിജയത്തിന് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇനി ഇന്ത്യയുടെ മുമ്പിലുള്ളത്. ജൂലൈ 27നാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലാണ് വേദി.

 

Content Highlight: India broke the world record for the fastest team to score a Test century