| Monday, 24th October 2022, 6:03 pm

വിരാടും അശ്വിനും ചേര്‍ന്ന് തോല്‍പിച്ചത് പാകിസ്ഥാനെ മാത്രമല്ല, ആ വിജയത്തില്‍ കണ്ണീര്‍ പൊഴിക്കാന്‍ ഓസീസും കൂട്ടിനുണ്ട്; 19 വര്‍ഷം കങ്കാരുക്കളുടെ കുത്തകയായ ആ റെക്കോഡ് ഇനി ഇന്ത്യക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ചരിത്രപ്രസിദ്ധമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ ലോകകപ്പിന്റെ റീ മാച്ച് എന്ന നിലയില്‍ മത്സരത്തിന് മുമ്പ് തന്നെ ഹൈപ്പ് ലഭിച്ച കളിയുടെ അവസാന പന്തിലായിരുന്നു ഇന്ത്യയുടെ വിജയം.

അവസാന പന്തില്‍ അശ്വിന്‍ നേടിയ സിംഗിളാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചതെങ്കിലും ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടതും ഇന്നിങ്‌സ് കെട്ടിപ്പൊക്കിയതുമെല്ലാം വിരാട് കോഹ്‌ലിയായിരുന്നു.

പാകിസ്ഥാന്റെ വിജയ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടായിരുന്നു കോഹ്‌ലിയുടെ ചിറകിലേറി ഇന്ത്യ വിജയത്തിലേക്ക് പറന്നുകയറിയത്. വിരാടിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതും ഇംപാക്ട് ഉണ്ടാക്കിയതുമായ ബാറ്റിങ് പ്രകടനം പിറന്നതും ഇതേ മത്സരത്തില്‍ തന്നെയായിരുന്നു.

കഴിഞ്ഞ ദിവസത്തെ വിജയത്തിന് പിന്നാലെ അത്യപൂര്‍വമായ ഒരു റെക്കോഡിനും ഇന്ത്യന്‍ ടീം അര്‍ഹരായി. ദി മൈറ്റി ഓസീസ് 19 വര്‍ഷം തങ്ങളുടെ കുത്തകയാക്കി കൊണ്ടുനടന്നിരുന്ന റെക്കോഡാണ് കഴിഞ്ഞ ദിവസം വിരാട് കോഹ്‌ലിയെന്ന മഹാമേരുവിന് മുമ്പില്‍ വീണുടഞ്ഞത്.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം വിജയം സ്വന്തമാക്കിയ ടീം എന്ന റെക്കോഡിനൊപ്പമാണ് റിക്കി പോണ്ടിങ്ങിന്റെ ഓസ്‌ട്രേലിയയുടെ പേര് വെട്ടി വിരാട് ഇന്ത്യയുടെ പേരെഴുതി ചേര്‍ത്തത്.

2003ലായിരുന്നു ഓസീസ് ഈ റെക്കോഡ് സ്ഥാപിച്ചത്. 38 അന്താരാഷ്ട്ര വിജയങ്ങളായിരുന്നു ഓസീസ് തങ്ങളുടെ പേരില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം നേടിയ വിജയത്തിന് പിന്നാലെ ഓസീസിനെ മറികടക്കാനും ഇന്ത്യക്കായി. 2022ല്‍ മാത്രം 39 വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

2022ല്‍ ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കെ ഈ റെക്കോഡ് ഇന്ത്യ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നുറപ്പാണ്.

ഈ സ്വപ്‌ന നേട്ടം കൈവരിച്ച അതേ വര്‍ഷം തന്നെയാണ് ഓസീസ് 50 ഓവര്‍ ലോകകപ്പ് സ്വന്തമാക്കിയത്. മറ്റൊരു ലോകകപ്പിനിടെയിലാണ് ഇന്ത്യ ഈ റെക്കോഡ് തകര്‍ത്തതെന്നത് ഒരു യാദൃശ്ചികത തന്നെയാണ്. ഇന്ത്യ ലോകകപ്പ് നേടുകയാണെങ്കില്‍ അത് മറ്റൊരു യാദൃശ്ചികതയുമാകും

2017ല്‍ ഈ റെക്കോഡിന് തൊട്ടടുത്തെത്തിയെങ്കിലും ഇന്ത്യക്ക് അത് മറികടക്കാന്‍ സാധിച്ചിരുന്നില്ല. 37 ജയങ്ങളായിരുന്നു 2017ല്‍ ഇന്ത്യ നേടിയത്.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ ജയിച്ച ടീം

39* ഇന്ത്യ – 2022

38 ഓസ്‌ട്രേലിയ – 2003

37 ഇന്ത്യ – 2017

35 ഓസ്‌ട്രേലിയ – 1999

35 ഇന്ത്യ – 2018

35 ഇന്ത്യ – 2019

Content Highlight: India broke Australia’s 19-year-old record

We use cookies to give you the best possible experience. Learn more