| Sunday, 24th March 2024, 2:59 pm

കെജ്‌രിവാളിന്റെ അറസ്റ്റ്; മാര്‍ച്ച് 31ന് ദല്‍ഹിയില്‍ മഹാറാലിക്ക് ആഹ്വാനം ചെയ്ത് ഇന്ത്യാ മുന്നണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മഹാറാലിക്കൊരുങ്ങി ഇന്ത്യാ മുന്നണി. മാര്‍ച്ച് 31ന് ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ മഹാറാലി നടക്കുമെന്ന് ദല്‍ഹി മന്ത്രിയും എ.എ.പി നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഏകാധിപത്യമാണ് നടക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കുന്നതിന് വേണ്ടി പ്രധാനമനന്ത്രി ഇ.ഡി ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

ദല്‍ഹി മദ്യനയക്കേസില്‍ രണ്ട് വര്‍ഷം അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്താന്‍ ഇ.ഡിക്ക് സാധിച്ചില്ലെന്ന് എ.എ.പി ആരോപിച്ചു. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ തന്നെ അഴിമതി പണം എങ്ങോട്ടാണ് പോയതെന്ന് വ്യക്തമായതാണ്. ഇലക്ടറല്‍ ബോണ്ടിന്റെ മറവില്‍ ബി.ജെ.പി അഴിമതിയാണ് നടത്തിയതെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

‘പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. ഒന്നുകില്‍ എം.എല്‍.എമാരെ പണം നല്‍കി വാങ്ങും, അല്ലെങ്കില്‍ ബി.ജെ.പിയില്‍ ചേരണമെന്ന് ഭീഷണിപ്പെടുത്തുകയാണ്. എന്നാല്‍ തലകുനിക്കാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ കള്ളക്കേസുകള്‍ എടുക്കുകയാണ് മോദി ചെയ്യുന്നത്,’ ഗോപാല്‍ റായ് പറഞ്ഞു.

മാര്‍ച്ച് 31ന് നടക്കുന്ന റാലി കേവലമൊരു രാഷ്ട്രീയ റാലി മാത്രമല്ലെന്നും രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനും ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താനുമുള്ള ആഹ്വാനമാണെന്നും ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു.

Content Highlight: ‘INDIA’ bloc to hold protest rally on March 31 against Arvind Kejriwal’s arrest

We use cookies to give you the best possible experience. Learn more