|

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചിട്ടില്ല: ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ജൂണ്‍ ഒമ്പത് ഞായറാഴ്ച രാഷ്രപതി ഭവനില്‍ വെച്ചാണ് മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്.

‘നാളെ വൈകിട്ട് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് രാജ്യാന്തര നേതാക്കള്‍ക്ക് മാത്രമാണ് ക്ഷണം ലഭിച്ചത്. പ്രതിപക്ഷ നേതാക്കള്‍ക്ക് ക്ഷണം കിട്ടിയിട്ടില്ല,’ ജയറാം രമേശ് പറഞ്ഞു. ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇന്ത്യാ സഖ്യം കൂട്ടായി തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞിരുന്നു.

ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, സീഷെല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മൗറീഷ്യസ് പ്രവിന്ദ് കുമാര്‍ ജുഗ്‌നൗത്ത് എന്നിവര്‍ക്ക് ഇന്ത്യ ക്ഷണം അയച്ചിട്ടുണ്ട്.

ശ്രീലങ്ക, മാലിദ്വീപ്, ബംഗ്ലാദേശ്, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉന്നത നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചതായി ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു.

പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട എല്ലാ നേതാക്കളും അതേ ദിവസം വൈകുന്നേരം പ്രസിഡന്റ് ദ്രൗപതി മുര്‍മു ഒരുക്കുന്ന വിരുന്നിലും പങ്കെടുക്കും. രാഷ്ട്രപതി ഭവനില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ദല്‍ഹിയിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അഞ്ച് കമ്പനി അര്‍ധസൈനിക വിഭാഗങ്ങള്‍, എന്‍.എസ്.ജി കമാന്‍ഡോകള്‍, ഡ്രോണുകള്‍ എന്നിവരുടെ കനത്ത സുരക്ഷാ വലയത്തിലാണ് പരിപാടി നടക്കുന്നതെന്ന് ദല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Content Highlight: INDIA bloc not invited to Narendra Modi’s swearing-in ceremony: Congress