| Wednesday, 24th July 2024, 3:23 pm

ബജറ്റ് വിവേചനപരം: പാർലമെന്റിന് പുറത്ത് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കേന്ദ്ര ബജറ്റ് വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷ എം.പിമാർ പാർലമെന്റ് പരിസരത്ത് പ്രതിഷേധിച്ചു. സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു കൊണ്ട് സഭയ്ക്ക് പുറത്ത് പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രതിഷേധം.

ബജറ്റ് പ്രധാനമായും ബീഹാറിനും ആന്ധ്രാപ്രദേശിനും വേണ്ടിയുള്ളതാണെന്നും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്കായി ഒന്നും ഇല്ലെന്നും നേതാക്കൾ പറഞ്ഞു. നീതിരഹിതമായ ബജറ്റാണിതെന്നും സാധാരണക്കാർക്ക് വേണ്ടിയാണു തങ്ങൾ ശബ്‌ദമുയർത്തുന്നതെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

തമിഴ്‌നാട്, മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളുടെ പേര് പറഞ്ഞുകൊണ്ട് ഒരു സംസ്ഥാനത്തിനും ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചതിന് ശേഷം ചൊവ്വാഴ്ച ചേർന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലാണ് പ്രതിപക്ഷം പ്രതിഷേധിക്കാൻ തീരുമാനിച്ചത്. പ്രതിഷേധത്തിൻ്റെ ഭാഗമായി ജൂലൈ 27ന് ചേരുന്ന നീതി ആയോഗ് യോഗവും കോൺഗ്രസ് മുഖ്യമന്ത്രിമാർ ബഹിഷ്കരിക്കും.

വിവേചന ആരോപണങ്ങൾ നിഷേധിച്ച ധനമന്ത്രി, ബജറ്റ് പ്രസംഗത്തിൽ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാൻ കഴിയില്ലെന്ന് പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ ആരോപണം അതിരുകടന്നതാണെന്ന് വിശേഷിപ്പിച്ച സീതാരാമൻ, കോൺഗ്രസ് പാർട്ടി ജനങ്ങളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുകയാണെന്നും പറഞ്ഞു.

Content Highlight: INDIA bloc MPs staged a protest in Parliament premises

We use cookies to give you the best possible experience. Learn more