| Thursday, 5th December 2024, 3:21 pm

'മോദി അദാനി ഏക് ഹേ' ജാക്കെറ്റ് ധരിച്ച് പാർലമെന്റിൽ പ്രതിഷേധവുമായി ഇന്ത്യാ സഖ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മോദിയും അദാനിയും ഒന്നാണെന്നെഴുതിയ ജാക്കെറ്റുകൾ ധരിച്ച് പാർലമെന്റിൽ പ്രതിഷേധവുമായി പ്രതിപക്ഷം. അദാനി വിഷയത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധത്തിലാണ് ജാക്കെറ്റുകൾ ധരിച്ചുള്ള വ്യത്യസ്തമായ പ്രതിഷേധം.

‘മോദി അദാനി ഏക് ഹേ അദാനി സേഫ് ഹേ’ എന്നിങ്ങനെ എഴുതിയ സ്റ്റിക്കറുകൾ ധരിച്ച് അദാനി വിഷയത്തിൽ സംയുക്ത പാർലമെൻ്ററി അന്വേഷണം ആവശ്യപ്പെട്ട് പാർലമെൻ്റ് പരിസരത്ത് മുദ്രാവാക്യങ്ങൾ ഇന്ത്യാ സഖ്യം ഉയർത്തി.

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെ അന്വേഷണം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

പ്രിയങ്ക ഗാന്ധി വാദ്ര ഉൾപ്പെടെയുള്ള കോൺഗ്രസ് എം.പിമാരും ആർ.ജെ.ഡി, ഇടതുപക്ഷം തുടങ്ങിയ നിരവധി പ്രതിപക്ഷ പാർട്ടികളുടെ എം.പിമാരും പ്രതിഷേധത്തിൽ പങ്കെടുത്തു.

കൈക്കൂലി, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി അദാനിക്കെതിരെ യു.എസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം പാർലമെൻ്റിൽ ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിൽ സഭയിൽ സംസാരിക്കണമെന്നും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു.

ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉപദേശകൻ എന്ന നിലയിൽ സ്പീക്കർ ഓം ബിർള പ്രശ്‌നം അവതരിപ്പിക്കാൻ അനുവദിക്കാതിരുന്നതിനാൽ പാർലമെൻ്റിൻ്റെ മകർ ദ്വാരിൻ്റെ പടവുകൾക്ക് മുന്നിലാണ് പ്രതിഷേധം നടന്നത്.

കുറച്ച് കഴിഞ്ഞ്, പ്രതിഷേധിച്ച എം.പിമാർ സംവിധാൻ സദന് മുന്നിൽ അണിനിരക്കുകയും അവിടെ മോദിക്കും അദാനിക്കുമെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

പാർലമെൻ്റ് ഗേറ്റിന് മുന്നിൽ പ്രതിഷേധം നടത്തരുതെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് ചൊവ്വാഴ്ച എം.പിമാരോട് അഭ്യർത്ഥിച്ചു. ഇത്തരത്തിൽ സഞ്ചാര തടസം അവരുടെ സുരക്ഷയെയും ബാധിക്കുമെന്നും പറഞ്ഞു.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ മകരദ്വാറിൻ്റെ പടിയിൽ പ്രതിപക്ഷ എം.പിമാർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എന്നാൽ അദാനിക്കെതിരായ പ്രതിഷേധത്തിൽ നിന്ന് തൃണമൂൽ കോൺഗ്രസ് വിട്ടുനിന്നു.

Content Highlight: INDIA bloc MPs protest in Parliament, wear jackets reading ‘Modi Adani Ek Hai’

We use cookies to give you the best possible experience. Learn more