പട്ന: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബീഹാറിലെ ഇന്ത്യാ സഖ്യത്തിനേറ്റ തിരിച്ചടിയുടെ പ്രധാന കാരണങ്ങളിലൊന്ന് സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ വന്ന വീഴ്ചയാണെന്ന് സി.പി.ഐ(എം.എൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ. മാധ്യമപ്രവർത്തകരുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘തെരഞ്ഞെടുപ്പിന് വളരെ നേരത്തെ മുമ്പ് നിതീഷ്‌കുമാർ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ബി.ജെപി യിലേക്ക് പോയി.
ഇന്ത്യൻ ബ്ലോക്ക് അംഗങ്ങളായ ആർ.ജെ.ഡി, കോൺഗ്രസ്, തൻ്റെ സി.പി.ഐ (എം.എൽ) ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ അടുത്ത വർഷം സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു.
കോൺഗ്രസിന് സീറ്റ് നൽകാൻ ആർ.ജെ.ഡി വിസമ്മതിച്ചതിനാൽ ചില പാക പിഴകൾ സംഭവിച്ചെന്നും, സഖ്യ കക്ഷികൾ തമ്മിൽ വന്ന ധാരണ പിശകും മറ്റൊരു കാരണമായെന്നും ഭട്ടാചാര്യ പറഞ്ഞു. നിതീഷ് കുമാർ ഘടകത്തെ തള്ളി കളയുന്നില്ലെന്നും, കിട്ടുമായിരുന്ന സീറ്റുകൾ ഉറപ്പിക്കാൻ കഴിയാതെ പോയെന്നും ഭട്ടാചാര്യ കൂട്ടിച്ചേർത്തു.
ബി.ജെ.പിയും എൻ.ഡി.എ സഖ്യ കക്ഷികളായ ജെ.ഡിയുവും ലോക് ജനശക്തി പാർട്ടിയും (രാം വിലാസ്) ഹിന്ദുസ്ഥാനി അവാം മോർച്ചയും (സെക്കുലർ) സംസ്ഥാനത്തെ 40 ലോക്‌സഭാ സീറ്റുകളിൽ 30 എണ്ണം നേടിയപ്പോൾ ഇന്ത്യൻ സഖ്യത്തിന് ഒമ്പത് സീറ്റുകൾ ആണ് ലഭിച്ചത്.