| Saturday, 18th May 2024, 6:48 pm

ഇന്ത്യാ മുന്നണിയ്ക്ക് പ്രധാനമന്ത്രി സ്ഥാനാർത്ഥിയില്ലെന്ന് മോദി; ഒരേ മുഖം നിങ്ങൾ എത്ര തവണ കാണിക്കുമെന്ന് ഉദ്ധവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യാ മുന്നണിയ്ക്ക് പ്രധാനമന്ത്രി സ്ഥാനാർത്തിയില്ലെന്ന നരേന്ദ്ര മോദിയുടെ പരാമർശത്തിന് മറുപടിയുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ഇന്ത്യാ മുന്നണിയ്ക്ക് പ്രധാനമന്ത്രി സ്ഥാനാർത്ഥിയില്ലെന്നും വ്യത്യസ്ത അഭിരുചികളുള്ള വ്യത്യസ്ത നേതാക്കളാണ് ഇന്ത്യാ മുന്നണിയിൽ നിലവിലുള്ളത് എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.

ഇന്ത്യാ മുന്നണിയ്ക്ക് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിരവധി കഴിവുള്ള നേതാക്കൾ ഉണ്ടെന്നും എന്നാൽ അത് ഇപ്പോൾ വെളിപ്പെടുത്തേണ്ട ആവിശ്യമില്ലെന്നുമാണ് ഉദ്ധവ് താക്കറെയുടെ മറുപടി. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ പ്രഥമ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് നേരിട്ടുള്ള മറുപടിയായിരുന്നു താക്കറെയുടെ പരാമർശം. വിവിധ നേതാക്കളും മുദ്രാവാക്യങ്ങളുമുള്ള ഛിന്നഭിന്നമായ ഗ്രൂപ്പാണ് ഇന്ത്യാ സഖ്യമെന്ന് മോദി അവകാശപ്പെട്ടിരുന്നു. സഖ്യത്തിനുള്ളിൽ പ്രധാനമന്ത്രി പദത്തിനായുള്ള മത്സരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് പ്രധാനമന്ത്രിമാരുമായി സഖ്യം അവസാനിക്കുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

‘ഞങ്ങൾക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിരവധി മുഖങ്ങളുണ്ടെന്നെങ്കിലും മോദി സമ്മതിച്ചല്ലോ, എന്നാൽ ആ സ്ഥാനത്തേക്ക് ചിന്തിക്കാൻ ബി.ജെ.പിക്ക് മറ്റൊരു മുഖമില്ല, അവർക്ക് ഒരു മുഖമേ ഉള്ളൂ, അത് അവർക്ക് കണക്കിൽ പോലുമില്ല. ഇന്ത്യാ സഖ്യത്തിന് ഒന്നിലധികം മുഖങ്ങളുണ്ടെന്നും അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് പ്രധാനമന്ത്രിമാരെ നൽകുമെന്നും പറഞ്ഞ ബി.ജെ.പി ഒരേ മുഖം എത്ര പ്രാവശ്യം അവതരിപ്പിക്കാൻ പോകുന്നു?’ അദ്ദേഹം ചോദിച്ചു.

പ്രതിപക്ഷ റാലികളിൽ പാകിസ്ഥാൻ പതാകകൾ വീശുന്നുവെന്നും പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുന്നുവെന്നുമുള്ള ബി.ജെ.പി നേതാക്കളുടെ ആരോപണങ്ങളെക്കുറിച്ച് സംസാരിച്ച താക്കറെ ഈ അവകാശവാദങ്ങൾ നുണകളെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.

പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള ആശയവിനിമയം നഷ്‌ടപ്പെടുമ്പോഴെല്ലാം മോദി ഇത്തരം തന്ത്രങ്ങൾ പ്രയോഗിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു, മോദിയുടെ മുൻ പാകിസ്ഥാൻ സന്ദർശനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

അരുണാചൽ പ്രദേശിലെയും ലഡാക്കിലെയും ചൈനീസ് നുഴഞ്ഞുകയറ്റം, പുൽവാമ ആക്രമണത്തെക്കുറിച്ചുള്ള ബി.ജെ.പി നേതാവ് സത്യപാൽ മാലിക്കിൻ്റെ വെളിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ബി.ജെ.പിയെ താക്കറെ വെല്ലുവിളിച്ചു.

തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ട പ്രചരണത്തിൻ്റെ അവസാന ദിനത്തോടനുബന്ധിച്ച് മുംബൈയിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഈ പ്രസ്താവന. സാന്താക്രൂസിലെ ഹോട്ടലിൽ നടന്ന സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി തലവൻ ശരദ് പവാർ പ്രതിപക്ഷ സഖ്യത്തിലെ മറ്റ് നേതാക്കൾ എന്നിവർ പങ്കെടുത്തു.

Content Highlight: INDIA Bloc Its PM Candidate Ready,’ Says Uddhav

We use cookies to give you the best possible experience. Learn more