ഇംഫാൽ: മണിപ്പൂരിൽ നിന്ന് വീണ്ടും രാജ്യത്തെ നടുക്കുന്ന വീഡിയോ. ഗോത്രയുവാവിനെ ജീവനോടെ കത്തിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ മുന്നണിയായ ഇന്ത്യ പ്രതിഷേധവുമായി രംഗത്ത് വന്നു.
മെയ് മാസത്തിലെ സംഘർഷങ്ങളിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നത് എന്നാണ് പൊലീസുകാർ അവകാശപ്പെടുന്നത്. സംഭവം ദുഃഖകരവും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് ഇന്ത്യ മുന്നണി സമൂഹ മാധ്യമമായ എക്‌സിൽ പറഞ്ഞു.
‘ഇത് മണിപ്പൂരിൽ നിന്നാണ്! കൂകി ഗോത്രത്തിലെ യുവാവിനെ മണിപ്പൂരിൽ ജീവനോടെ കത്തിച്ചു. ഈ സംഭവം ദുഃഖകരവും നാണക്കേടുണ്ടാക്കുന്നതുമാണ്. അയൽ രാജ്യത്തിൽ ദുഃഖം പ്രകടിപ്പിക്കുന്ന മോദിജി മണിപ്പൂരിനെ രക്ഷിക്കാൻ മറന്നുപോയി,’ ബ്ലർ ചെയ്ത വീഡിയോ എക്‌സിൽ പങ്കുവെച്ചുകൊണ്ട് ഇന്ത്യ മുന്നണി പറഞ്ഞു.
ഏഴ് സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയിൽ പശ്ചാത്തലത്തിൽ നിന്ന് വീഡിയോ എടുക്കരുതേ എന്ന് അഭ്യർത്ഥിക്കുന്നതും എന്തുകൊണ്ട് എടുക്കാതിരിക്കണം എന്ന് തിരിച്ചുമറുപടി നൽകുന്നതും കേൾക്കാം. അഗ്നിക്കിരയായ യുവാവിനോട് നീ അല്ല ഇവിടുത്തെ കരുത്തനെന്നും പറയുന്നുണ്ട്.
സംഭവത്തെ ഇന്ത്യ മുന്നണി സഖ്യമായ ശിവ സേന (യു.ബി.ടി) എം.പി പ്രിയങ്ക ചതുർവേദിയും അപലപിച്ചു.
‘മണിപ്പൂരിൽ നിന്ന് പുറത്തുവന്ന മറ്റൊരു ദാരുണമായ വീഡിയോയിൽ ഒരു ആദിവാസി യുവാവിനെ ജീവനോടെ കത്തിക്കുന്നതാണ് കാണുന്നത്. മെയ് മാസത്തിൽ തുടക്കത്തിലുള്ളതാണ് വീഡിയോ എന്നാണ് ഒരു പൊലീസുകാരൻ പറഞ്ഞത്. മണിപ്പൂരിലെ ദുരന്തം ഇതുവരെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല,’ പ്രിയങ്ക ചതുർവേദി എക്‌സിൽ പറഞ്ഞു.
ഒക്ടോബർ 8ന്, റാലികൾ നടത്തുന്നതും സംഘം ചേരുന്നതും ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതും ജില്ലാ ഭരണകൂടം വിലക്കി. അഞ്ച് പേരിൽ കൂടുതൽ സംഘം ചേരുന്നത് ക്രമസമാധാനം തകർക്കുമെന്നും ഇതിനെതിരെ അടിയന്തര നടപടി ആവശ്യമാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
Content Highlight: INDIA bloc attacks PM Modi as video of Manipur man being ‘burnt alive’ surfaces