ഇന്ത്യയ്ക്ക് പകരം ഭാരതം; രാജ്യത്തിന്റെ പേര് മാറ്റാന്‍ കേന്ദ്രനീക്കം; പാര്‍ലമെന്റില്‍ പുതിയ പ്രമേയം അവതരിപ്പിച്ചേക്കും
ന്യൂദൽഹി: സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കുമെന്ന് സൂചന. ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് ഇന്ത്യയുടെ പേര് ഭാരത് എന്ന് പുനർനാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമായെന്നും ഇന്ത്യയുടെ പേര് മാറ്റാൻ കേന്ദ്രം പുതിയ പ്രമേയം കൊണ്ടുവന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സെപ്റ്റംബർ 9,10 തിയ്യതിയിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ അത്താഴവിരുന്നിൽ പങ്കെടുക്കുന്നതിന് ഡെലിഗേറ്റുകൾക്ക് രാഷ്‌ട്രപതി ഭവനിൽ നിന്ന് അയച്ച ക്ഷണക്കത്തിൽ ‘ഇന്ത്യയുടെ രാഷ്‌ട്രപതി’ എന്നതിന് പകരം ‘ഭാരതത്തിന്റെ രാഷ്‌ട്രപതി’ എന്നാണ് എഴുതിയത്. കോൺഗ്രസ് നേതാവ് ജയറാം രമേശാണ് ഈ കാര്യം ചൂണ്ടിക്കാണിച്ച് എക്‌സിൽ ട്വീറ്റ് ചെയ്തത്. രാജ്യത്തിൻറെ ചരിത്രം നശിപ്പിക്കാനും ഇന്ത്യയെ വിഭജിക്കാനുമുള്ള മോദി സർക്കാരിന്റെ ശ്രമങ്ങൾ തുടരുകയാണെന്നും ഇന്ത്യ മുന്നണി ഇതുകൊണ്ടൊന്നും പിന്തിരിയില്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
നമ്മുടെ രാജ്യത്തിൻറെ പേര് നൂറ്റാണ്ടുകളായി ഭാരതമാണെന്നും ഇന്ത്യ അല്ലെന്നും ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് പറഞ്ഞു. ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന പഴയ പേര് ഉപയോഗിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
രാജ്യത്തിൻറെ അഭിമാനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കോൺഗ്രസ് എന്തിനാണ് എതിർപ്പ് പ്രകടിപ്പിക്കുന്നത് എന്നായിരുന്നു ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ പ്രതികരണം. ഭാരത് ജോഡോയുടെ പേരിൽ യാത്രകൾ സംഘടിപ്പിക്കുന്നവർ ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യത്തെ വെറുക്കുന്നുവെന്നും അദ്ദേഹം എക്‌സിൽ പ്രതികരിച്ചു.
ഇന്ത്യയുടെ പേര് മാറ്റണം എന്നത് ബി.ജെ.പിയുടെ ദീർഘ കാലത്തേ ആവശ്യമാണ്. 1949ൽ ഭരണഘടനാ അസംബ്ലി ആലോചിച്ചത് പ്രകാരം ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നോ ‘ഭാരത്വർഷ്’ എന്നോ മാറ്റണമെന്ന് 2022 ഡിസംബറിൽ ബി.ജെ.പി എം.പി മിതേഷ് പട്ടേൽ ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നൽകിയ ഇന്ത്യ എന്ന പേര് ഇന്ത്യ നേരിടേണ്ടി വന്ന അടിമത്വത്തിനെ സൂചിപ്പിക്കുന്നു എന്നായിരുന്നു പട്ടേലിന്റെ വാദം.
പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേര് നൽകിയതിന് ശേഷം ഭാരതം എന്ന പേര് രാജ്യത്തിന് നൽകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇന്ത്യ മുന്നണി യോഗങ്ങൾ നടത്തുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചപ്പോൾ അജണ്ടകളെ കുറിച്ചും നിരവധി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സർക്കാരിനെ കാലാവധി അവസാനിക്കും മുമ്പ് പിരിച്ചുവിടുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
Content Highlight: Bharat, not India: Calls for renaming in parliament’s special session